SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.28 AM IST

ജപ്തി ദാ ഇങ്ങനെയും

illus

വായ്പകളും മറ്റും തിരിച്ചടക്കാനാകാതെ വരുമ്പോൾ നടക്കുന്ന ജപ്തി സാധാരണക്കാരെയും പാവങ്ങളെയും ഭയപ്പെടുത്തുന്ന നടപടിയാണ്. കിടപ്പാടവും സ്ഥലവും ജപ്തിക്ക് വിട്ടുകൊടുത്ത് തെരുവിൽ അലയേണ്ടി വരുന്നവരുണ്ട്. ജപ്തി ഭീഷണി ഭയന്ന് ജീവനൊടുക്കിയവർ ഏറെ. നാടു വിട്ടുപോയവരുമുണ്ട്. പലവിധ കാരണങ്ങളാൽ പണം തിരിച്ചടയ്‌ക്കാൻ കഴിയാത്ത നിരാശ്രയരായ കുടുംബങ്ങളുടെ കദന കഥകൾ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. മറ്റുള്ളവരുടെ കൈത്താങ്ങ് കൊണ്ട് ജപ്തി നടപടികളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ സന്തോഷത്തോടെ കഴിയുന്നുമുണ്ട്. ജപ്തി ജനങ്ങൾക്ക് നേരെ പ്രയോഗിക്കുന്ന ക്രൂരമായ നടപടിയെന്ന വിമർശനം പതിവാണ്. പക്ഷെ, നിയമങ്ങളും നിബന്ധനകളും പാലിക്കാത്തവർക്കെതിരെ എടുക്കാവുന്ന നടപടികളിലൊന്നായാണ് ജപ്തിയെ പൊതുവെ അറിയപ്പെടുന്നത്. അങ്ങനെയെങ്കിൽ അത് ഭരണകൂടങ്ങൾക്കും ബാധകമാണെന്ന് വ്യക്തമാക്കുന്നതാണ് പത്തനംതിട്ടയിൽ അടുത്തിടെയുണ്ടായ ചില ജപ്തി നടപടികൾ. വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുത്തതിന് വർഷങ്ങൾ പിന്നിട്ടിട്ടും മതിയായ നഷ്ടപരിഹാരം നൽകാത്ത സർക്കാർ സംവിധാനങ്ങൾക്കെതിരെ പത്തനംതിട്ട സബ് കോടതി ജഡ്ജി എം.ജോൺസൺ പുറപ്പെടുവിച്ച ജപ്തി ഉത്തരവുകൾ ഏറെ കൗതുകകരമായിരുന്നുഭൂമി ഏറ്റെടുത്ത കേസുകളിൽ അർഹരായവർക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതി ഉത്തരവ് വർഷങ്ങളായിട്ടും നടപ്പാക്കാത്തതിനെ തുടർന്ന് ജില്ലാ കളക്ടറുടേത് അടക്കം സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാനായിരുന്നു സബ് ജഡ്ജിന്റെ അസാധാരണമായ ഉത്തരവ്. പത്തനംതിട്ട റിംഗ് റോഡിന് വേണ്ടി സർക്കാർ ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമ നന്നുവക്കാട് കല്ലുപുരയ്ക്കൽ പി.ടി.കുഞ്ഞമ്മയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിലുണ്ടായ വീഴ്ചയാണ് കോട‌തിയെ ഇങ്ങനെയൊരു നടപടിക്ക് പ്രേരിപ്പിച്ചത്. 2010 ജനുവരിയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് 2012ൽ കോടതി കൂടുതൽ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജി 2018ൽ ഹൈക്കോടതി തള്ളിയിരുന്നു. പത്തുവർഷത്തിലേറെയായി കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ പരാതിക്കാരി വീണ്ടും കോടതിയെ സമീപിച്ചപ്പോഴായിരുന്നു സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള ഉത്തരവ്. കുടിശിക ഉൾപ്പെടെ 1.14 കോടി രൂപ സർക്കാർ നൽകണമായിരുന്നു. നഷ്ടപരിഹാരത്തുകയുടെ കുറച്ച് ഭാഗം കോടതിയിൽ കെട്ടിവച്ച് നടപടികളിൽ നിന്ന് ജില്ലാ ഭരണകൂടം ഒഴിവായി. ഉത്തരവ് പുറത്തുവന്ന ശേഷം നടപടികളിലേക്ക് കടക്കുന്നതിനിടയിൽ കളക്ടറേറ്റിലെ വാഹനങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു. വാഹനങ്ങൾ പിടിച്ചെടുത്താലുണ്ടാകുന്ന നാണക്കേട് ഒഴിവാക്കുന്നതിന്റെ ഭാഗമായി രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

തുടർന്നുണ്ടായ മറ്റ് കേസുകളിലെ ജപ്തി ഉത്തരവുകളിൽ കളക്ടറേറ്റ്, ആർ.ഡി.ഒ, എ.ഡി.എം, ട്രഷറി എന്നിവിടങ്ങളിലെ കസേരകളും മേശകളും അലമാരകളും ഏറ്റെടുക്കാനായിരുന്നു അതേ ജഡ്ജിയുടെ തന്നെ ഉത്തരവുകൾ. കല്ലട ഇറിഗേഷൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത കേസിൽ പരാതിക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകാത്തതിന് പത്തനംതിട്ട എ.ഡി.എം ഒാഫീസിലെ കസേരകൾ അടക്കമുള്ള ഉപകരണങ്ങൾ കോടതി ഏറ്റെടുത്തു. ഉത്തരവിനും നടപ്പാക്കലിനുമിടയിലെ ഗ്യാപ്പിൽ വിലപിടിപ്പുള്ള കസേരകൾ ഒളിപ്പിച്ചു. അലമാരകൾ ഫയലുകൾ മാറ്റി ഒഴിച്ചിട്ടു. ഇത്തവണ എല്ലാം ഏറ്റെടുത്ത് ലോറിയിൽ കയറ്റി കോടതിയിൽ ഹാജരാക്കി.

ജില്ലാ ട്രഷറി ഒാഫീസിലെ ഉപകരണങ്ങൾ ജപ്തിചെയ്ത് ഏറ്റെടുത്തപ്പോൾ ജീവനക്കാർക്ക് നിന്നുകൊണ്ട് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായി. പിന്നീട്, പൊതുജനങ്ങൾക്കായി നീക്കിയിട്ടിരുന്ന കസേരകളാണ് ജീവനക്കാർ ഉപയോഗിച്ചത്. പത്തനംതിട്ടയിൽ നടക്കുന്ന ഇൗ അസാധാരണ ജപ്തി നടപടികൾ മറ്റ് ജില്ലകളിൽ പൊതുവെ കാണപ്പെടുന്നില്ല.

ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം ഒാഫീസുകളിൽ സൃഷ്ടിക്കപ്പെടുമ്പോൾ തുടർക്കഥകളാകുന്ന ജപ്തി നടപടികളിൽ നിന്ന് ഒഴിവാകാൻ എന്തു ചെയ്യാം എന്ന ചിന്ത ജില്ലാ ഭരണകൂടത്തിനുണ്ടായില്ല.

  • നിയമം എല്ലാവർക്കും ഒരുപോലെ

നിയമം എല്ലാവർക്കും ഒരുപോലെ എന്ന തത്വം ഭരണകൂടങ്ങൾക്കും ബാധകമാണെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ സ്വത്തുക്കൾ ജപ്തി ചെയ്യാനുള്ള ഉത്തരവ്. പരാതിക്കാർ ഏറെയും മദ്ധ്യവയസ് പിന്നിട്ടവരാണ്. നീതി നിഷേധിക്കുന്ന സംവിധാനങ്ങൾക്കെതിരെയുള്ള പോരാട്ടം വാർദ്ധക്യം വരെ നീളാതിരിക്കാൻ കോടതി ഉത്തരവ് സഹായകമായിട്ടുണ്ടാകും.

റോഡ് വികസനത്തിനും പൊതു ആവശ്യങ്ങൾക്കുമായി വ്യക്തികൾ അനുഭവിച്ചു പോരുന്ന സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കാറുണ്ട്. പക്ഷെ, അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ വരുമ്പോൾ സ്വത്തുടമകൾ കോടതിയെ സമീപിക്കും. വ്യവഹാരങ്ങൾ തുടങ്ങുന്നതിന് മുൻപ് തന്നെ ഭൂമി സർക്കാർ ഏറ്റെടുത്തിരിക്കും. ദേശീയ, സംസ്ഥാന പാതകൾക്കും കല്ലട ഇറിഗേഷൻ പദ്ധതികൾക്കും വേണ്ടി പതിറ്റാണ്ടുകൾക്ക് മുൻപ് ഏറ്റെടുത്ത ഭൂമിയുടെ പേരിലുള്ള കേസുകൾ പലതും ഇപ്പോഴും തീർപ്പാകാതെ കിടപ്പുണ്ട്. വൈകി ലഭിച്ച നീതി കാണാനാകാതെ കണ്ണടഞ്ഞവരുണ്ട്.

കോടതി ഉത്തരവുണ്ടായിട്ടും നീതി നടപ്പാക്കാൻ വൈകിയാൽ ഉത്തരവാദികൾക്കെതിരെ കർക്കശ നടപടികൾ വേണമെന്ന് പത്തനംതിട്ടയിലെ ജപ്തി ഉത്തരവുകൾ പഠിപ്പിക്കുന്നുണ്ട്. സർക്കാർ സ്വത്തുക്കൾ ജപ്തി ചെയ്താൽ എങ്ങനെ ജോലി ചെയ്യുമെന്ന് ചോദിച്ച് പ്രതിഷേധം നടത്തിയ ഉദ്യോഗസ്ഥരുണ്ട്. കോടതി ഉത്തരവുകൾ യഥാസമയം നടപ്പാക്കാൻ ഫയലുകൾ നീക്കേണ്ടവർ തന്നെ ഇത്തരത്തിൽ പ്രതിഷേധിക്കുന്നത് വിരോധാഭാസമാണ്. ഇനിയും ഇത്തരം കോടതി വിധികൾ ചോദിച്ചു വാങ്ങി നാണംകെടാതെ തക്കസമയത്ത് തങ്ങളുട‌െ ജോലികൾ ചെയ്തു തീർക്കണമെന്ന ഉത്തരവാദിത്തബോധം ഉദ്യോഗസ്ഥർക്കുണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.