SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.36 PM IST

ഇനിയെങ്കിലും കളങ്കിതരെ ചുമക്കരുത്

police

കളങ്കിതരായ ചില പൊലീസ് ഉദ്യോഗസ്ഥർ സേനയെ മൊത്തത്തിൽ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത് ആദ്യ സംഭവമല്ല. ഇതിനൊരു അവസാനമില്ലെന്ന് കണ്ടാകും ഈ പൊലീസ് എന്നു നന്നാകുമെന്ന് ഹൈക്കോടതിക്കു പോലും ചോദിക്കേണ്ടി വന്നത്. ഒാരോ പരാതിക്കാരനും സ്‌റ്റേഷനിലെത്തുമ്പോൾ തനിക്ക് എന്തു തടയുമെന്ന വിധത്തിൽ കാര്യങ്ങളെ നിയന്ത്രിക്കുന്ന ചില ഉദ്യോഗസ്ഥരാണ് സേനയ്‌ക്ക് പേരുദോഷം വരുത്തിവയ്‌ക്കുന്നത്. അവരെ സേനയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. അവർക്കായി സർക്കാരോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ ഒരിക്കലും കുടപിടിക്കരുത്.

ഇത്തരം നാണംകെട്ട സംഭവങ്ങളിൽ ഒടുവിലത്തേതാണ് ദിവസങ്ങൾ മുമ്പ് കൊച്ചിയിൽ അരങ്ങേറിയത്. അതിന്റെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നതാണ്. ഒരിക്കലും പൊലീസ് ഉദ്യോഗസ്ഥർ ചിന്തിക്കുക പോലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ അരങ്ങേറിയത്. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ സമയമായില്ലെങ്കിലും ആ കേസന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്ന് ഹൈക്കോടതി പോലും പറയാതെ പറഞ്ഞു.

കാണാതായ പെൺമക്കളെ കണ്ടെത്താൻ പരാതി നല്‌കിയ മാതാപിതാക്കളുടെ ആൺമക്കളെ പീഡനക്കേസിൽ കുടുക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി സേനയുടെ മുഖത്തേക്ക് മാലിന്യം വാരിയെറിഞ്ഞതിന് തുല്യമാണ്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വിനോദ് കൃഷ്ണ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു മാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി സ്വമേധയ കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടതിന് വ്യക്തമായ തെളിവില്ലെന്ന റിപ്പോർട്ടാണ് സർക്കാർ മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചത്. എന്നാൽ സാഹചര്യത്തെളിവുകൾ മാത്രമുള്ള ഈ കേസിൽ കൂടുതൽ അന്വേഷണം നടത്താതെ സർക്കാർ എങ്ങനെയാണ് കേസിൽ തെളിവില്ലെന്ന നിഗമനത്തിലെത്തിയതെന്ന് ഹൈക്കോടതി ആരാഞ്ഞു. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. കേസ് കോടതിയുടെ പരിഗണനയിലുമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന് പോകുന്ന പൊലീസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെട്ടു. മേലുദ്യോഗസ്ഥനറിയാതെ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന ഹൈക്കോടതിയുടെ സംശയം ന്യായമാണ്.

കേസുകളിൽ കൈക്കൂലി വാങ്ങുന്ന ചില ലോബി തന്നെ പൊലീസിലുണ്ടെന്ന് നേരത്തെ മുതൽ പറഞ്ഞു കേട്ടതാണ്. അത്തരം പുഴുകുത്തുകളെ പുറത്താക്കിയില്ലെങ്കിൽ അന്വേഷണങ്ങൾക്ക് പ്രശസ്തിയാർജിച്ച കേരള പൊലീസിന്റെ സ്ഥാനം ജനമനസുകളിൽ നിന്ന് പുറത്താകും.

കൊച്ചി നഗരത്തിൽ ചെരിപ്പു ബിസിനസ് നടത്തുന്ന ഡൽഹി സ്വദേശികളായ ദമ്പതികളുടെ രണ്ടു പെൺമക്കൾ ആഗസ്റ്റ് 21 നു നാടുവിട്ടതാണ് സംഭവത്തിന്റെ തുടക്കം. പെൺകുട്ടികളെ ഡൽഹിയിൽ നിന്നു കണ്ടെത്തി. പൊലീസുകാർക്ക് ഡൽഹിക്ക് പോകാനുള്ള വിമാനടിക്കറ്റിന്റെയും ഇവരുടെ താമസത്തിന്റെയും ചെലവു വഹിച്ചത് പരാതിക്കാരാണ്. തന്റെ രണ്ടു സഹോദരന്മാർ തന്നെ പീഡിപ്പിച്ചെന്ന് 19 കാരി മൊഴി നൽകിയതോടെ സഹോദരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കേസിൽ നിന്നൊഴിവാക്കാൻ എ.എസ്.ഐ അഞ്ചുലക്ഷം രൂപ ചോദിച്ചെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. പൊലീസുകാരെ ഡൽഹിയിൽ കൊണ്ടുപോകാൻ 95,500 രൂപ ചെലവിട്ടെന്ന് പരാതിക്കാർ അറിയിച്ചെന്ന് അഭിഭാഷകനും വ്യക്തമാക്കി. പരാതിക്കാരോട് അഞ്ചുലക്ഷം രൂപ ചോദിച്ചാൽ കിട്ടുമെന്ന് പൊലീസ് കരുതിയിട്ടുണ്ടാവുമല്ലേയെന്ന കോടതിയുടെ ചോദ്യം ഒരു പാ‌ട് അർത്ഥങ്ങളുള്ളതാണ്. എ.എസ്.ഐയടക്കമുള്ള പൊലീസ് സംഘം ഇവരുടെ നിയന്ത്രണച്ചുമതലയുള്ള ഉദ്യോഗസ്ഥന്റെ അറിവോടെയാണോ ഡൽഹിയിൽ പോയതെന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചത് കേസിന്റെ ഗൗരവം വ്യക്തമാക്കുന്നു.

45 ദിവസം കഴിഞ്ഞാണ് അമ്മ മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. രണ്ടു പെൺമക്കൾ ചിൽഡ്രൻസ് ഹോമിലും രണ്ട് ആൺമക്കൾ ജയിലിലും കഴിയുമ്പോൾ ഏത് അമ്മയും ഭയന്നുപോകും. പരാതി പറയാൻ വൈകിയതിനാൽ അന്വേഷണം വേണ്ടെന്ന് പറയാൻ കഴിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഇരകളിലൊരു കുട്ടി തുടർന്നു പഠിക്കുന്നില്ലെന്ന നിലപാടിലാണ്. പ്രൊട്ടക്ഷൻ ഓഫീസർ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഇവർക്ക് കൗൺസലിംഗ് നൽകണം. ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ആവശ്യമെങ്കിൽ കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായം തേടണം. കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ ഇരകളുടെ മൊഴി ആവശ്യമെങ്കിൽ പ്രൊട്ടക്ഷൻ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ അവരുടെ വീട്ടിൽവച്ച് എടുക്കണം. ഇരകൾക്കും കുടുംബത്തിനുമുള്ള സംരക്ഷണം തുടരണമെന്നുള്ള ഹൈക്കോടതിയുടെ നിരീക്ഷണം പരാതിക്കാരുടെ കുടുംബത്തിന് താങ്ങും തണലുമാണ്.

ഹൈക്കോടതി ഉത്തരവ് പ്രകാരം പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്ന് വീട്ടിലെത്തിച്ചു. പോക്‌സോ നിയമപ്രകാരമുള്ള പ്രൊട്ടക്ഷൻ ഓഫീസർ ഇവരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പരാതിയുണ്ടായാൽ നടപടി എടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. സഹോദരന്മാർക്ക് ജാമ്യം ലഭിച്ചെങ്കിലും എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുള്ളതിനാൽ പെൺകുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയാൻ തടസമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. വീട്ടിലേക്ക് മടങ്ങണമെന്നും സഹോദരന്മാർ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും പെൺകുട്ടികൾ പറഞ്ഞതായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. പരാതി ഉന്നയിച്ച കുടുംബത്തിന് അന്വേഷണത്തിന്റെ പേരിൽ ബുദ്ധിമുട്ടുണ്ടാകരുതെന്നും പെൺകുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നിലവിലുള്ള അന്വേഷണം തുടരാൻ തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

19 വയസുള്ള മൂത്ത കുട്ടിയെ സുബൈർ എന്നൊരാൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി ഇയാളെ പിടികൂടുകയും ചെയ്തു. കേരളത്തിൽ നിന്ന് മകൾക്ക് ഓൺലൈൻ ക്‌ളാസിനു വേണ്ടി വാങ്ങി നൽകിയ മൊബൈലിലൂടെ പരിചയപ്പെട്ടാണ് പ്രതി ഇവരെ കടത്തിക്കൊണ്ടുപോയതെന്ന് മാതാപിതാക്കൾ പറയുന്നു.

കേസന്വേഷണത്തിന് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ട്. അവ പാലിക്കാതെ വഴിവിട്ട നീക്കങ്ങളാണ് പലപ്പോഴും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. മേലുദ്യോഗസ്ഥന്റെ അറിവോടെ മാത്രമേ ഒരു കേസ് അന്വേഷിക്കാൻ പുറത്തു പോകാവൂ എന്നാണ് ചട്ടം. മറ്റ് സംസ്ഥാനങ്ങളിലേക്കാണെങ്കിൽ വ്യക്തമായ മാർഗനിർദ്ദേശങ്ങളുണ്ട്. ഇതെല്ലാം അവഗണിക്കപ്പെടുമ്പോൾ അതിന് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളുണ്ടെന്നും വ്യക്തം.

അന്വേഷണസംഘങ്ങൾക്കിടയിലും ഒരു കോക്കസുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പോയി അന്വേഷിക്കേണ്ട കേസുകളിൽ ചില ഉദ്യോഗസ്ഥർ സ്ഥിരമായി ഒരു സംഘത്തെയായിരിക്കും നിയോഗിക്കുക. ഇതും വഴിവിട്ട നീക്കങ്ങളിലേക്ക് നയിക്കപ്പെടുന്നു. കൊച്ചിയിലെ സംഭവം അത്തരത്തിലുള്ളതാണ്. ഇവിടെ കുടുങ്ങിയത് പരൽമീനായ ഒരു എ.എസ്.ഐ മാത്രമാണ്. എന്നാൽ, ഇപ്പോഴും സ്രാവുകൾ സേനയിൽ ഒളിച്ചിരിപ്പുണ്ട്. അവരെയും സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടണം. അതിനായി സ്വമേധയായുള്ള ഹൈക്കോട‌തിയുടെ ഇടപെടൽ പ്രശംസ അർഹിക്കുന്നതാണ്. കേസിന്റെ തുടർ നടപടികൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.