SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.09 AM IST

ഹോട്ടൽ ഭക്ഷണം പൊള്ളുന്നു

meals

കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഹോട്ടലുകൾ തുറന്നപ്പോൾ ഭക്ഷണത്തിന് കൊല്ലുന്ന വില! സാധന വിലക്കയറ്റത്തിൽ പിടിച്ചു നിൽക്കാനാകാതെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലായെന്ന് ഹോട്ടലുടമകൾ. കൊവിഡിനെ തുടർന്ന് മാസങ്ങളോളം അടഞ്ഞുകിടന്ന ഹോട്ടലുകൾ തുറന്നു പ്രവർത്തനം തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. അതിനിടെ ഉയർന്നു വന്ന ഹലാൽ വിവാദം കൂടിയായതോടെ ഹോട്ടൽ നടത്തിപ്പ് ഏറെ പരുങ്ങലിലായെന്നാണ് ഹോട്ടലുടമകളുടെ വാദം.

കൊല്ലം കളക്ട്രേറ്റിനു സമീപത്തെ ഒരു ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചവർ ഭക്ഷണത്തിന്റെ ബില്ല് സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഏറെ ചർച്ചയായിരുന്നു. അനവധി പേരാണ് ഇതിനെ അനുകൂലിച്ച് കമന്റുകളിട്ടത്.

ഉച്ചയൂണും ഒപ്പം രണ്ട് ഫിഷ് ഫ്രൈയും കഴിച്ചപ്പോൾ നൽകിയ 1054 രൂപയുടെ ബില്ല് കണ്ട് ഭക്ഷണം കഴിച്ചവർ ഞെട്ടി. ഇതേ സ്ഥലത്തുനിന്ന് ഏതാനും ദിവസം മുമ്പ് ഊണും ഒരു ചെമ്മീൻ ഫ്രൈയും ഒരു കുപ്പി വെള്ളവും വാങ്ങിയവർക്ക് ലഭിച്ചത് 619 രൂപയുടെ ബില്ലായിരുന്നു.

നഗരത്തിലെ തന്നെ മറ്റൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചയാളിന്റെ അനുഭവം ഇങ്ങനെ:

ഊണിനൊപ്പം രണ്ട് പ്ളേറ്റുകളിലായി 'സ്പെഷ്യൽ" കൊണ്ടു വന്നു. ഒന്നിൽ മീൻ കറി, മറ്റൊന്നിൽ ഫിഷ് ഫ്രൈ. ഊണിനൊപ്പമുള്ള മീൻകറിയാണെന്ന് വിചാരിച്ചെങ്കിലും മീൻ കഷ്ണത്തിന്റെ വലിപ്പം കണ്ട് സപ്ളെയറോട് വിലയന്വേഷിച്ചു. വില കേട്ടപ്പോൾ ഞെട്ടി, 100 രൂപ ! വറുത്ത നെയ്‌മീനിന് 125 രൂപ ! ഊണിന് 60 രൂപയേ ഉള്ളൂ. വില ചോദിക്കാതെ മീൻ കറിയും വറുത്തതും കഴിച്ചിരുന്നെങ്കിൽ 285 രൂപ നൽകേണ്ടി വന്നേനെ. ഊണ് മാത്രം കഴിച്ച് സ്ഥലം കാലിയാക്കി.

സാധാരണ ഹോട്ടലുകളിൽ സ്റ്റാൻഡേർഡ് ഊണിന് 60 രൂപയേ ഈടാക്കാവൂ എന്നാണ് വയ്പെങ്കിലും പല ഹോട്ടലുകളിലും 100 മുതൽ 120 രൂപ വരെ തരാതരം പോലെ വാങ്ങും. സ്പെഷ്യലായി മീനോ ഇറച്ചി വിഭവങ്ങളോ വാങ്ങിയാൽ ഭീമമായ തുകയാകും നൽകേണ്ടിവരിക. വറുത്ത മീനിന് വലിപ്പം അനുസരിച്ച് വിലയിൽ അന്തരമുണ്ട്. വെജിറ്റേറിയൻ ഹോട്ടലുകളിലെ സ്ഥിതിയും മറിച്ചല്ല. ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഊണിനൊപ്പം നൽകിയ പാവയ്ക്ക ഉപ്പേരിക്ക് 80 രൂപ വാങ്ങിയെന്ന പരാതിയും ഉയരുന്നുണ്ട്. ഊണല്ലാത്ത വിഭവങ്ങൾക്കെല്ലാം വില തോന്നും പോലെയാണ്. പഴ്സിൽ വേണ്ടത്ര പണം ഇല്ലാതെ ഈ വിഭവങ്ങളൊന്നും വാങ്ങരുതെന്ന നിർദ്ദേശവും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തട്ടുകടകളിലും വിലയുടെ കാര്യത്തിൽ ഹോട്ടലുകളെ വെല്ലുകയാണ്. ഒരു വെറും ചായ കുടിയ്ക്കാമെന്നു വച്ചാൽ അതിനും ചായപോലെ പൊള്ളുന്ന വിലയെന്നാണ് പരാതി. 10 രൂപ മുതൽ 20 രൂപ വരെയാണ് ചായയുടെ വില.

ജി.എസ്.ടി യുടെ പേരിലും പിഴിച്ചിൽ

ജി.എസ്.ടി ഉൾപ്പെടെയാണ് ഭക്ഷണ സാധനങ്ങളുടെ വിലയെങ്കിലും പരമാവധി വില കണക്കാക്കിയ ശേഷം നികുതി കൂടി ഈടാക്കുന്ന പ്രവണതയുമുണ്ട്. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് വരുത്തി വീട്ടിലിരുന്ന് കഴിക്കുന്നവരുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് ഓർഡർ എടുക്കുന്ന ഇവർ ഭക്ഷണത്തിന്റെ യഥാർത്ഥ വിലയെക്കാൾ കൂടുതൽ പണം ഈടാക്കുമെങ്കിലും ഹോട്ടലുകൾക്ക് ജി.എസ്.ടി അടക്കം 35 ശതമാനത്തോളം കുറച്ചാണ് ഈ സ്ഥാപനങ്ങൾ നൽകുന്നതത്രെ. അതിനാൽ ഓൺലൈൻ ഭക്ഷണത്തിന് തങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഹോട്ടലുകൾ ആ തുക കൂടി കൂട്ടിയാണ് വാങ്ങുന്നത്. സംസ്ഥാനത്തെ 4000 ഓളം ഹോട്ടലുകളിൽ 2500 എണ്ണം മാത്രമാണ് ജി.എസ്.ടി പരിധിയിലുള്ളത്.

വിലവിവര പട്ടികയുണ്ട്, പക്ഷെ...

മിക്ക ഹോട്ടലുകളിലും വിലവിവര പട്ടികയുണ്ടെങ്കിലും സ്പെഷ്യൽ വിഭവങ്ങളുടെ വില അതിൽ രേഖപ്പെടുത്താറില്ല. 1977 ലെ ഫുഡ് സ്റ്റഫ്സ്, 1977 ലെയും 80 ലെയും കേരള അവശ്യസാധന നിയമ പ്രകാരം എല്ലാ ഭക്ഷണശാലകളിലും വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും അത് ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാൻ കഴിയും വിധമായിരിക്കണമെന്നും നിർബന്ധമാണ്. അമിത വില ഈടാക്കിയാൽ 5000 രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭക്ഷണ വില നിയന്ത്രണ ബില്ലിന് 2015 ൽ മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും ഇതുവരെ അതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. ജില്ലാ ജഡ്ജിയെയോ തത്തുല്യ യോഗ്യതയുള്ളയാളിനെയോ അദ്ധ്യക്ഷനാക്കി ജില്ലാതല അതോറിറ്റി രൂപീകരിക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അമിതവില ഈടാക്കുന്നത് പരിശോധിക്കാൻ താലൂക്ക് തലത്തിൽ സിവിൽ സപ്ളൈസ്, ലീഗൽ മെട്രോളജി, ആരോഗ്യ വകുപ്പ്, ഫുഡ് സേഫ്റ്റി എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്താനുള്ള സംവിധാനവും ഉണ്ടെങ്കിലും അതും ഇപ്പോൾ നോക്കുകുത്തി പോലെയാണ്.

ജനകീയ ഹോട്ടലുകൾ

20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ വിവിധ ജില്ലകളിൽ പ്രവർത്തനം തുടങ്ങിയെങ്കിലും തുടക്കത്തിലുണ്ടായിരുന്ന പേരിന് ഇപ്പോൾ ഇടിവ് സംഭവിച്ചിരിക്കുകയാണ്. കൊല്ലം കളക്ട്രേറ്റിന് സമീപം പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടലിൽ നല്ല തിരക്കായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പരാതിയെ തുടർന്ന് അടച്ചുപൂട്ടി. വൃത്തിയില്ലാതെ ഭക്ഷണം നൽകിയെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടർന്നാണ് അടച്ചുപൂട്ടിയത്. കുടിവെള്ളത്തിൽ ചത്ത ഒച്ചും സാമ്പാറിൽ ഉരുകിയ പ്ളാസ്റ്റിക്കും കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ബാറിലെ ഒരഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന.

പച്ചക്കറിക്കും

പാചകവാതകത്തിനും തീവില

പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പാചകവാതകം അടക്കമുള്ള സാധനങ്ങളുടെ അമിതവിലയും ഹോട്ടൽ വ്യവസായത്തിന്റെ നട്ടെല്ല് തകർക്കുന്നുവെന്നാണ് വിലക്കയറ്റത്തിന് കാരണമായി ഹോട്ടലുടമകൾ പറയുന്നത്. നേരത്തെ 1000 രൂപയ്ക്ക് വാങ്ങിയിരുന്ന പച്ചക്കറികൾക്ക് ഇപ്പോൾ 5000- 6000 രൂപ വരെ നല്‌കണം. ഇറച്ചികൾക്ക് ഇരട്ടി വിലയായി. പാചകവാതക സിലിണ്ടറിന് 1200 രൂപ ആയിരുന്നത് 2000 രൂപയായി ഉയർന്നു. തൊഴിലാളികളെ കിട്ടാനില്ല, ഉള്ളവർക്ക് കൂലിയിലും വർദ്ധനവുണ്ടായി. ഒരുവിധം നന്നായി നടക്കുന്ന ഹോട്ടലിൽ 30 ഓളം തൊഴിലാളികൾ വേണ്ടി വരും. ഈ ചെലവുകളെല്ലാം കഴിഞ്ഞ് ലാഭം കിട്ടണമെങ്കിൽ ദിവസം രണ്ട് ലക്ഷം രൂപയുടെയെങ്കിലും കച്ചവടം നടക്കണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷൻ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി രാജീവ് ദേവലോകം പറഞ്ഞു. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും മാത്രമല്ല, മൈദയ്ക്കും സവാളയ്ക്കും തീവിലയായെന്ന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ ജി.ജി റസ്റ്റോറന്റ് ഉടമ ബി.അശോക് കുമാർ പറയുന്നു. വിലക്കയറ്റത്തിനൊപ്പം ഭീമമായ വൈദ്യുതി നിരക്കും ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ഹോട്ടൽ ഭക്ഷണത്തിന്റെ വിലക്കയറ്റത്തിന് കാരണമായി ഹോട്ടൽ വ്യവസായികൾ പറയുന്ന ന്യായീകരണങ്ങൾ ഇതൊക്കെയാണെങ്കിലും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർക്ക് ആശ്വാസമേകുന്ന നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നതാണ് പ്രതിഷേധാർഹമായ വസ്തുത. അവശ്യസാധന വില നിയന്ത്രിക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നതല്ലാതെ ഫലപ്രദമായ നടപടികൾക്ക് വേഗത കൈവരുന്നുമില്ല. സാധനവിലകൾ കൂടുന്നതുപോലെ കുറയുമെങ്കിലും ഹോട്ടൽ ഭക്ഷണത്തിന്റെ കൂട്ടിയ വിലകൾ അതിനനുസരിച്ച് കുറയുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOTEL FOOD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.