SignIn
Kerala Kaumudi Online
Sunday, 05 December 2021 11.12 AM IST

ആ 'പഴി'യുടെ കണക്ക് കാവലിലൂടെ നിഥിൻ തീർത്തു, റിവ്യൂ

kaaval

സുരേഷ് ഗോപിയുടെ ആക്ഷൻ പടങ്ങൾ കണ്ട് ഹരം കൊള്ളാത്ത മലയാള സിനിമ പ്രേമികൾ കുറവായിരിക്കും. ഒരിടവേളക്ക് ശേഷം 'വരനെ ആവശ്യമുണ്ട്' എന്ന ഹിറ്റ് ചിത്രത്തിലൂടെ ആദ്ദേഹം തിരിച്ചുവരവ് നടത്തിയെങ്കിലും തൊണ്ണൂറുകളിൽ തരംഗം സൃഷ്ടിച്ച തീപ്പൊരി വേഷങ്ങളിൽ സുരേഷ് ഗോപിയെ വീണ്ടും കാണാനുള്ള ആഗ്രഹം ഒട്ടുമിക്ക പ്രേക്ഷകർക്കുമുണ്ട്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം നിർവ്വഹിച്ച 'കാവൽ' ഈയൊരു കാരണം കൊണ്ട് തന്നെ ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു. മാസ് സിനിമയുടെ സൂചന നൽകി പൊലീസുകാരന്റെ നെഞ്ചത്ത് മുട്ടുകാൽ കയറ്റി വെച്ചിരിക്കുന്ന സുരേഷ് ഗോപിയുടെ ഫോട്ടോയാണ് കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി വന്നത്. അതിന് ലഭിച്ച സ്വീകാര്യത തന്നെ ധാരാളമായിരുന്നു സുരേഷ് ഗോപിയുടെ കലിപ്പൻ കഥാപാത്രങ്ങളുടെ ജനപ്രീതി മനസിലാക്കാൻ.

kaaval

ബ്ലേഡ് പലിശക്കാരനെ കൊണ്ട് പൊറുതി മുട്ടിയ ആന്റണിയെയും (രഞ്ജി പണിക്കർ) മക്കളെയും കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. തിരിച്ചടവിന് ബുദ്ധിമുട്ടുന്ന അവരെ പലിശക്കാരൻ നിരന്തരം ശല്ല്യപ്പെടുത്തുന്നു. കാശില്ലെങ്കിൽ മകളെ തരാൻ പറയുന്ന പലിശക്കാരന് നേരെ കൈ പൊക്കാനുള്ള ആരോഗ്യം ആന്റണിക്കില്ല. സ്വാധീനം നഷ്ടപ്പെട്ട അയാളുടെ ഒരു കാൽ ഭൂതകാലത്തിന്റെ ശേഷിപ്പാണ്. തന്റെ മകളെ വിവാഹം കഴിപ്പിക്കാൻ പോലും ശത്രുക്കൾ തടസമായപ്പോൾ ആന്റണിക്ക് പൊലീസിന്റെ സഹായം തേടേണ്ടി വരുന്നു. എന്നാൽ പൊലീസ് സ്റ്റേഷനിൽ നിന്നുണ്ടായ അനുഭവവും കയ്പേറിയതായിരുന്നു. ആന്റണിയുടെ ചരിത്രം അയാളെ എല്ലായിടത്തും വിടാതെ വേട്ടയാടി കൊണ്ടിരുന്നു. വേറെ വഴിയില്ലാതായതോടെ തന്റെ സുഹൃത്ത് തമ്പാനെ (സുരേഷ് ഗോപി) കാര്യങ്ങൾ അറിയിക്കാൻ ആന്റണി നിർബന്ധിതനായി.

kaaval

ആന്റണിയുടെ മകൻ മുഖേന തമ്പാൻ കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നു. മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് ഒരു തിരിച്ച് പോക്ക് അയാൾക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ തമ്പാനെ വിധി വീണ്ടും അവിടേക്കെത്തിക്കുന്നു. തല്ലിന് തല്ല് എന്ന രീതിക്ക് ജീവിച്ചൊരു കാലമുണ്ടായിരുന്നു തമ്പാനും ആന്റണിക്കും. പൊലീസിന് ബദലായി നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇവർ സ്ഥിരം ഇടപെട്ടിരുന്നു. ശത്രുവിന്റെ വലിപ്പവും ശക്തിയും നോക്കാതെ ന്യായത്തിന് വേണ്ടി ആരെയും കൂസാത്തവരായിരുന്നു ഇരുവരും. ഈയൊരു രീതി നാട്ടിലെ തെമ്മാടികൾ മുതൽ പൊലീസുകാരെ വരെ ഇവരുടെ ശത്രുക്കളാക്കി. ഈ ശത്രുക്കൾ ആന്റണിയുടെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയാകുന്ന ഘട്ടമെത്തിയപ്പോൾ സകലതും അവസാനിപ്പിച്ച് നാട് വിട്ടതാണ് തമ്പാൻ. വർഷങ്ങൾക്കിപ്പുറം തന്റെ പ്രിയസുഹൃത്തിന്റെ കുടുംബത്തിന് തുണയാകേണ്ട സാഹചര്യം വന്നപ്പോൾ ഒഴിഞ്ഞുമാറാൻ അയാൾക്കാകുമായിരുന്നില്ല. ആന്റണിയുടെ കുടുംബത്തിന് കാവലായി എത്തുന്ന തമ്പാനെയാണ് ചിത്രത്തിൽ പിന്നീടങ്ങോട്ട് കാണാൻ സാധിക്കുക.

മെല്ലെപ്പോക്ക് ചിത്രത്തിലുടനീളം കല്ലുകടി സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴായി കടന്നു വരുന്ന മാസ് സീനുകൾ ഒരു പരിധി വരെ ഇതിന് പരിഹാരമാകുന്നുണ്ട്. തിരക്കഥയ്ക്ക് ചിത്രത്തിൽ ആകാംക്ഷ ജനിപ്പിക്കാൻ പലപ്പോഴും കഴിയാതെ പോയി. സുരേഷ് ഗോപിയുടെ ഹിറ്റ് സിനിമകളിലെ ചില മിന്നലാട്ടങ്ങൾ കാവലിൽ ഉണ്ടെങ്കിലും പഴയ പഞ്ച് ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞോ എന്ന് സംശയമാണ്. പ്രവചനീയമായ ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിൽ എത്തുമ്പോഴാണ് ചിത്രത്തിന് ചൂടുപിടിക്കുന്നത്.

kaaval

ആദ്യാവസാനം തീപ്പൊരി പ്രകടനം നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമല്ല തമ്പാൻ. എന്നാൽ കഥാഗതിയിൽ അവിടവിടെയായി ലേലം, പത്രം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലെ അനുസ്മരിപ്പിക്കും വിധം തിളങ്ങാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. സംവിധായകന്റെ പിതാവ് കൂടിയായ രഞ്ജി പണിക്കർ വൺ ലൈനറുകളിലൂടെയും മാസ് സീനുകളിലൂടെയും കൈയ്യടി നേടി. പണ്ട് താൻ തിരക്കഥ രചിച്ച ഹിറ്റ് സിനിമകളുടെ നായകനോടൊപ്പം മികച്ച കെമിസ്ട്രിയാണ് രഞ്ജിക്ക്. റേച്ചൽ ഡേവിഡ് ശക്തമായ സ്ത്രി കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. മുത്തുമണി,സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, ഇവാൻ അനിൽ, ജുബിൽ രാജൻ പി ദേവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

നിഖിൽ എസ് പ്രവീണിന്റെ ഛായാഗ്രഹണം മികച്ചതാണ്. രഞ്ജിൻ രാജിന്റെ സംഗീതം ചിത്രത്തിന്റെ മൂഡ് ഉയർത്തുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്.


ആദ്യ സിനിമയായ കസബയിലെ സ്ത്രി വിരുദ്ധതയ്ക്ക് ഏറെ പഴികേട്ട സംവിധായകനാണ് നിഥിൻ രഞ്ജി പണിക്കർ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കാവലിൽ അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർ കാത്തിരുന്ന സുരേഷ് ഗോപിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ നിഥിന് കഴിഞ്ഞോ എന്നതിൽ രണ്ടഭിപ്രായം ഉണ്ടാവുമെങ്കിലും എനർജറ്റിക്ക് ആയി മലയാളികളുടെ ആക്ഷൻ ഹീറോയെ കാണാനാവും എന്നതുറപ്പ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAAVAL MOVIE, KAAVAL, KAAVAL REVIEW, SURESHGOPI, RENJI PANICKER, NITHIN RENJI PANICKER
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.