അടുത്ത വർഷം വിവാഹിതനാകാനും നായകനാകാനും ഒരുങ്ങുന്ന തങ്കച്ചൻ വിതുര വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
പുതുവർഷത്തിൽ ജീവിതത്തിലും സിനിമയിലും പുതുചുവടുവയ്പിന് തങ്കച്ചൻ വിതുര. മിമിക്രിയിലൂടെയും സ്കിറ്റിലൂടെയും ജനപ്രിയ താരമായി മാറിയ തങ്കച്ചൻ വിതുര ഒരുപിടി ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തങ്കച്ചന്റെ വിവാഹം താരത്തിന്റെ ആരാധകരുടെയും ഏറ്റവും വലിയ സ്വപ്നമാണ്. തങ്കച്ചൻ ഉടൻ വിവാഹിതനാകുമെന്നും പ്രണയവിവാഹമായിരിക്കുമെന്നും അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചാരണം ഉണ്ടായിരുന്നു. പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് ആരാധകർ ആവശ്യപ്പെടുകയും ചെയ്തു. അല്പം കൂടി കാത്തിരിക്കൂ എന്നായിരുന്നു അപ്പോൾ തങ്കച്ചന്റെ മറുപടി.വിവാഹിതനാവാൻ പോവുന്നതിന്റെയും ആദ്യമായി നായകനായി അഭിനയിക്കുന്നതിന്റെയും വിശേഷങ്ങൾ തങ്കച്ചൻ പങ്കുവയ്ക്കുന്നു.
പ്രണയവിവാഹമല്ല
ഒരിക്കലും പ്രണയവിവാഹമല്ല. ഒരു പെണ്ണിനെ പ്രണയിച്ചിരുന്നെങ്കിൽ എന്നേ വിവാഹം നടക്കുമായിരുന്നു. വീട്ടുകർ പെണ്ണു കാണാൻ തുടങ്ങി. അടുത്ത സുഹൃത്തുക്കളും ആലോചന നടത്തുന്നുണ്ട്. വിവാഹം കഴിക്കാൻ വൈകി പോയി. അടുത്ത വർഷം ഉറപ്പായും വിവാഹം ഉണ്ടാവും. സെലിബ്രിറ്റിയായിരിക്കും പെൺകുട്ടി എന്ന തരത്തിലുള്ള പ്രചാരണം വാസ്തവമല്ല. വിവാഹം എല്ലാവരെയും അറിയിക്കും.എന്റെ വിവാഹം നടന്നു കാണാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ.എന്റെ സമയം ശരിയാകാൻ പോവുന്നു.എല്ലാവരുടെയും ജീവിതം കോവിഡ് തകർത്തു. ഞങ്ങള് കലാകാരൻമാർക്ക് വിലപ്പെട്ട രണ്ടു വർഷമാണ് നഷ്ടപ്പെട്ടത്. എല്ലാം പുതുവർഷത്തിൽ തിരികെ പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എനിക്കും ഏറെ പ്രത്യേകത നിറഞ്ഞതാണ് 2022. ജീവിതത്തിലും കലാരംഗത്തും.
അരവേഷത്തിൽ നിന്ന്
നായകൻ
ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമയാണ് മാരുതൻ. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഷാനു സ്റ്റീഫനാണ് സംവിധാനം. കോമഡിയല്ല.
സീരിയസ് വിഷയമാണ്. നായിക മലയാളത്തിൽനിന്നല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ജീത്തു ജോസഫ് സാറിന്റെ മെമ്മറീസിലും ലാലേട്ടന്റെ ദൃശ്യത്തിലും ദീലിപേട്ടന്റെ ലൈഫ് ഒാഫ് ജോസൂട്ടിയിലും കുഞ്ഞു വേഷം ചെയ്തു.ചിറകൊടിഞ്ഞ കിനാക്കളിൽ പാട്ടുസീനിൽ ഒരു കുഞ്ഞുവേഷം. അമർ അക്ബർ അന്തോണിയിൽ സൈക്കിളിൽ കയറി പോവുന്ന ആളിന്റെ വേഷം. മമ്മുക്കയുടെ പരോളിലും ഒരു കുട്ടൻനാടൻ ബ്ളോഗിലും അഭിനയിച്ചു.ദിവ്യദർശൻ നായകനായി അഭിനയിച്ച സ്വപ്നങ്ങൾക്കപ്പുറം സിനിമയിലും കുഞ്ഞു വേഷം. ദിലീപേട്ടന്റെ പുതിയ ചിത്രമായ വോയ്സ് ഒാഫ് സത്യനാഥനിലാണ് അവസാനം അഭിനയിച്ചത്. പ്രതീക്ഷിക്കാതെ വന്നതാണ് നായകവേഷം.അതിൽ ഏറെ സന്തോഷമുണ്ട്. ചിത്രീകരണം ആരംഭിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |