SignIn
Kerala Kaumudi Online
Sunday, 05 December 2021 10.44 AM IST

നമുക്കായി നാം നൽകിയത്

constituion

1949 നവംബർ 26ന് ഭരണഘടനാ അസംബ്ളിയിലൂടെ ഇന്ത്യൻ ഭരണഘടന സ്വീകരിക്കുകയും നിയമമാക്കുകയും ചെയ്തതു മുതൽ നവംബർ 26 ദേശീയ നിയമദിനമായി ആചരിച്ചുപോന്നു. എന്നാൽ 2015 മുതൽ നവംബർ 26 ഭരണഘടനാദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയിലെ ജനങ്ങളുടെ പ്രതിനിധികൾ മാത്രം അടങ്ങുന്ന ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് 1934 ലെ സ്വരാജ് പാർട്ടിയുടെ സമ്മേളനത്തിലാണ്.

സ്വാതന്ത്ര്യ‌ലബ്ധിക്കു മുമ്പുതന്നെ ഭരണഘടനാ അസംബ്ളി അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും 1947 ജൂലായ് 18 ന് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിന്റെ എട്ടാം വകുപ്പ് പ്രകാരം ഇന്ത്യയുടെ ആദ്യ നിയമനിർമ്മാണസഭ എന്ന പദവി ഭരണഘടനാ നിർമ്മാണസഭയ്ക്ക് ലഭിക്കുകയും ഭരണഘടനാ നിർമ്മാണത്തിനുള്ള പൂർണ സ്വാതന്ത്ര്യവും അധികാരവും ഭരണഘടന നിർമ്മാണ സഭയിൽത്തന്നെ അർപ്പിതമാവുകയും ചെയ്തു. രണ്ട് വർഷവും പതിനൊന്ന് മാസവുമാണ് ഭരണഘടനാ രൂപീകരണത്തിനായി അസംബ്ളി എടുത്ത സമയം. ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി സമർപ്പിച്ച കരട് ഭരണഘടനയിലാണ് ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നതും അംഗങ്ങൾ ഭേദഗതികൾ അവതരിപ്പിച്ചതും.

വിവിധ മതങ്ങളും ജാതിവിഭാഗങ്ങളും സംസ്‌കാരങ്ങളും ഭക്ഷണശീലങ്ങളുമുള്ള ബഹുസ്വരമായ ഒരു ജനത അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് എല്ലാ മനുഷ്യർക്കും അനുയോജ്യമായ ഭരണഘടനയ്ക്ക് രൂപം നൽകുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു ഭരണഘടനാ അസംബ്ളിക്കു മുന്നിലുണ്ടായിരുന്നത്.

ഭരണഘടനയുടെ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഡോ. ബി.ആർ. അംബേദ്‌കർ 1946 ഡിസംബർ പതിനേഴിന് അസംബ്ളിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ഇത് വ്യക്തമാണ്. ''പരസ്‌പരം കലഹിച്ചുകൊണ്ടിരിക്കുന്ന ക്യാമ്പുകളുടെ പ്രതിനിധികളാണ് നമ്മൾ. ഒരുപക്ഷേ ഞാനും അങ്ങനെയൊരു ഗ്രൂപ്പിന്റെ പ്രതിനിധിയാണെന്നുകൂടി പറയട്ടെ. പക്ഷേ, ഇതെല്ലാമാണെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ, ഈ രാജ്യം ഒന്നാകുന്നതിനെ ലോകത്ത് ഒരു ശക്തിക്കും തടയാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു." ഭരണഘടനാ അസംബ്ളിയിലെ ഓരോ പ്രതിനിധികളും ജാഗ്രതയോടെ എടുത്ത കരുതലിന്റെ നിദർശനമാണ് നമ്മുടെ ഭരണഘടന."

ഭരണഘടന പൗരന് പ്രദാനം ചെയ്യുന്ന അവകാശങ്ങളും, സ്വാതന്ത്ര്യവും, നീതി​യും, വ്യക്തി​കൾക്കുള്ള മാന്യതയും ആരംഭി​ക്കുന്നത് ആമുഖത്തി​ൽ നി​ന്നാണ്.

1960ലെ ബറുബാറി യൂണിയൻ കേസിൽ ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു. 13 വർഷങ്ങൾക്കുശേഷം പ്രശസ്തമായ കേശവാനന്ദ ഭാരതി കേസിൽ ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. ഭരണഘടന എങ്ങനെ ആരംഭിക്കണം എന്നതിനെ സംബന്ധിച്ച ദീർഘമായ സംവാദം അസംബ്ളിയിൽ നടന്നു. ദൈവനാമത്തിലായിരിക്കണം ഭരണഘടന ആരംഭിക്കേണ്ടതെന്നും, രാഷ്ട്രപിതാവിന്റെ പേരിൽ ആരംഭിക്കണമെന്നുമുള്ള അഭിപ്രായങ്ങൾ അംഗങ്ങൾ അസംബ്ളി മുമ്പാകെ അവതരിപ്പിച്ചു. എച്ച്. വി. കമ്മത്ത് ഭരണഘടന ദൈവനാമത്തിൽ ആരംഭിക്കണമെന്ന രീതിയിൽ കൊണ്ടുവന്ന ഭേദഗതിയാണ് ഇതിൽ പ്രധാനം. ഇത് പിൻവലിക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നപ്പോൾ അസംബ്ളി 41ന് എതിരെ 68 വോട്ടുകൾക്ക് ഈ ഭേദഗതി തള്ളുകയായിരുന്നു. അങ്ങനെ ഭരണഘടനാ അസംബ്ളി നമ്മൾ ഇന്ത്യയിലെ ജനങ്ങൾ എന്ന പ്രയോഗത്തിൽ ഭരണഘടന ആരംഭിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. നമ്മൾ ഇന്ത്യയിലെ ജനങ്ങൾ എന്ന പ്രയോഗത്തിലൂടെ എല്ലാ അധികാരങ്ങളും അന്തിമമായി ഭരണഘടന നിക്ഷിപ്തമാക്കിയിരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളിലാണ്.

ഭരണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നവയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പദമാണ് സാഹോദര്യം. ലക്ഷ്യപ്രമേയത്തിൽ ഇല്ലാതിരുന്നിട്ടു കൂടി അത് ഭരണഘടനാ ആമുഖത്തിന്റെ ഭാഗമായി ചേർക്കാൻ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന ഭാഗത്ത് സാഹോദര്യം എന്ന വാക്ക് വളരെ ആഴത്തിൽ ഉറപ്പിച്ചിരിക്കുന്നു. രാഷ്ട്രത്തിന്റെ നിയന്ത്രണങ്ങൾക്കും സംരക്ഷണങ്ങൾക്കും മുകളിലായി സാഹോദര്യത്താൽ പുലരുന്ന ഒരു സമൂഹത്തെയാണ് ഭരണഘടനാ നിർമ്മാതാക്കൾ സ്വപ്നം കണ്ടത്. യഥാർത്ഥത്തിൽ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന ത്രിത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ ഭരണഘടനയുടെ ഉള്ളടക്കത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരിക്കുന്നത് സാഹോദര്യം എന്ന വാക്കാണ്. ഭരണഘ‌ടനാ മൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, രാജ്യത്തെ പൗരസമൂഹം പരിവർത്തനപ്പെടേണ്ടതും സാഹോദര്യമെന്ന പരിഗണനയുടെ ഊഷ്മളതയിലാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COSTITUTION DAY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.