SignIn
Kerala Kaumudi Online
Saturday, 20 April 2024 2.48 AM IST

നവീന കെ.എസ്.ഇ.ബി

kseb

വീണ്ടും ഒരു വൈദ്യുതി ചാർജ്ജ് വർദ്ധന ഉണ്ടാകാൻ പോകുന്നു എന്ന വാർത്തകൾ, കെ.എസ്.ഇ.ബി. യുടെ പ്രവർത്തനങ്ങളെ പൊതുചർച്ചയ്ക്ക് വിധേയമാക്കുന്നു. അതു നല്ലതുമാണ്. എന്നാൽ താരിഫ് നിർണയമെന്ന ഒരുവശം മാത്രം നമ്മൾ കണ്ടാൽ പോരാ; നമ്മൾ ഉദ്യമിക്കുന്ന നവകേരളത്തിന് കരുത്തായി നിലനില്‌ക്കേണ്ട വ്യവസായമാണ് കെ.എസ്.ഇ.ബി.

1957 ൽ 109 മെഗാവാട്ട് സ്ഥാപിത വൈദ്യുതി ഉത്‌പാദന ശേഷിയുമായി പ്രവർത്തനമാരംഭിച്ച കെ.എസ്.ഇ. ബോർഡ് 2013 മുതൽ കേന്ദ്ര നിയമമനുസരിച്ചുള്ള കമ്പനിയാണ്. കേരളത്തിൽ അത് വൈദ്യുത ഉത്പാദനം, പ്രസരണം, വിതരണം എന്ന സാങ്കേതിക ബിസിനസിന്റെ കുത്തകയാണ്. 100 ശതമാനം ഉപഭോക്താക്കൾക്കും വിതരണം വ്യാപിപ്പിച്ച കമ്പനി മൂന്നരലക്ഷം സർക്യൂട്ട് കിലോമീറ്ററുകളിലൂടെ ഒരു കോടിയിലധികം പോസ്റ്റുകളും 85000 ട്രാൻസ്ഫോർമറുകളും സ്ഥാപിച്ച് ഒന്നരക്കോടിയോളം ഉപഭോക്താക്കൾക്ക് 13 ശതമാനം പ്രസരണനഷ്ടം മാത്രമുള്ള തോതിൽ വൈദ്യുതി എത്തിക്കുന്നു. 70 ശതമാനം ഗാർഹിക ഉപഭോഗമാണ് കേരളത്തിലുള്ളത്. 26,000 മില്യൺ യൂണിറ്റ് വൈദ്യുതി വിതരണം ചെയ്യുന്നതിൽ 75 ശതമാനവും സംസ്ഥാനത്തിനു പുറത്തുനിന്നും പ്രതിവർഷം 8800 കോടി രൂപയ്ക്ക് കമ്പനി വാങ്ങുന്നു. കേന്ദ്ര വൈദ്യുതി കമ്മിഷന്റെ 2021ലെ കണക്കനുസരിച്ച് 2030 ൽ കേരളത്തിന് പ്രതിവർഷം 6300 മെഗാവാട്ട് സ്ഥാപിത ശേഷിയും 33000 മില്ല്യൺ യൂണിറ്റ് വൈദ്യുതിയും ആവശ്യമായി വരും. ഉയരുന്ന താപവൈദ്യുതിച്ചെലവും നമ്മുടെ ജലവൈദ്യുത പദ്ധതികളുടെ നിർവഹണത്തിലെ മെല്ലെപ്പോക്കും പ്രതികൂല സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ പുരപ്പുറ, ജലാശയ, സോളാർ, കാറ്റാടി പദ്ധതികളുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നത്.

സോളാർ സാദ്ധ്യത

9000 മെഗാവാട്ട് സോളാർ സാദ്ധ്യതയും 1000 മെഗാവാട്ട് കാറ്റാടി സാദ്ധ്യതയും കേരളത്തിലുണ്ട്. എന്നാൽ പരിസ്ഥിതി ഉച്ചകോടിയിൽ രാജ്യം സമ്മതിച്ച നേട്ടത്തിലേക്കെത്താൻ സോളാർ-കാറ്റാടി പദ്ധതികളിൽ നല്ല മുതൽമുടക്ക് ആവശ്യമാണ്. കുറഞ്ഞ വിലയുള്ള ഇതര സംസ്ഥാന സോളാർ വൈദ്യുതിയെ അപേക്ഷിച്ച് കേരളത്തിനുള്ളിൽ ഉത്‌പാദിപ്പിക്കുന്ന സോളാറിന് യൂണിറ്റിന് ഒരു രൂപയെങ്കിലും കൂടുതലാണ് ചെലവ്; കാറ്റാടിക്ക് രണ്ട് രൂപയെങ്കിലും കൂടും. സ്ഥലവില, ലേബർചെലവ്, സാധന സാമഗ്രികൾ വന്നെത്താനുള്ള ചെലവ് എന്നിവ വേറെ. ചെറുകിട ജലവൈദ്യുത പദ്ധതികൾ 200 മെഗാവാട്ടിന് വികസിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യമായ അളവുമായി തട്ടിച്ചാൽ ഇതു പോരാ. ഇങ്ങനെ ഹരിത ഊർജ്ജം അധികമായി ഗ്രിഡിൽ വരുമ്പോൾ അതില്ലാത്ത സമയം ഗ്രിഡിൽ സ്ഥിരഊർജ്ജമായി 1200 മെഗാവാട്ട് അധികശേഷിയെങ്കിലും കൈവരിക്കണം. ഇതിന് ഡാം, റിസർവോയർ എന്നിവയുള്ളിടത്ത് അധിക ജനറേഷൻ സ്ഥാപിക്കണം. ഇതിനാണ് കമ്പനി ഇടുക്കി വികസന പദ്ധതിയിൽ 800 മെഗാവാട്ടും മൂഴിയാർ പീക്കിംഗ് സ്റ്റേഷനിൽ
300 മെഗാവാട്ടും അധിക ജനറേഷൻ സ്ഥാപിക്കാൻ
പദ്ധതിയിടുന്നത്. ഇതൊക്കെ സമഗ്രമായി വികസിപ്പിക്കാൻ കുറഞ്ഞത് 5000 കോടി രൂപയുടെ അധികതുക വൈദ്യുതി രംഗത്ത് അടുത്ത പത്തുവർഷം സംസ്ഥാനം നിക്ഷേപിക്കണം.

സംസ്ഥാനം ഉദ്ദേശിക്കുന്ന സിൽവർ ലൈൻ അതിവേഗ തീവണ്ടി ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വേണ്ട സ്ഥാപിതശേഷി പ്രസക്തമാകയാൽ പദ്ധതിച്ചെലവിന്റെ പലിശയോ വയബിലിറ്റി ഗ്യാപ്പോ പരിഗണിച്ച് 1000 കോടി രൂപയെങ്കിലും പതിന്നാലാം പദ്ധതിയിൽ വൈദ്യുതി മേഖലയിൽ കേരളം മുതൽ മുടക്കണം.

കൂടങ്കുളം-കൊച്ചി,

പുഗലൂർ-മാടക്കത്തറ

പവർലൈനുകൾക്കൊപ്പം പുതിയ ഉഡുപ്പി ഗ്രീൻ കോറിഡോറും വികസിപ്പിക്കണം. കേന്ദ്രം പുതുതായി പ്രഖ്യാപിച്ച റീവാമ്പിംഗ് ഡിസ്ട്രിബ്യൂഷൻ സ്കീമിൽ കേരളത്തിന് 3000-3500 കോടി രൂപയുടെ വിതരണശൃംഖല
വികസന സാദ്ധ്യതയുണ്ട്. ഇതിനുള്ള സാങ്കേതിക കർമ്മപരിപാടി തയ്യാറാക്കിക്കഴിഞ്ഞു. വിതരണ ശൃംഖല
മെച്ചപ്പെടുത്തി 5- 6 ശതമാനം വിതരണനഷ്ടം കുറയ്‌ക്കലാണ് മർമ്മം. അഞ്ച് ശതമാനം വിതരണ നഷ്ടം കുറഞ്ഞാൽത്തന്നെ താരിഫ് താഴും.
ഒപ്പം 50 ലക്ഷം സ്മാർട്ട് പ്രീ പെയ്ഡ് മീറ്ററുകൾ സംസ്ഥാനത്ത് സ്ഥാപിക്കപ്പെടുമ്പോൾ മുൻകൂർ പണം ഉപഭോക്താക്കളിൽ
നിന്നും ലഭിക്കും. തടസം കൂടാതെ വൈദ്യുതി സേവനവും ലഭിക്കും. പീക്ക് സമയത്ത് ചാർജ്ജ് കൂടുതലാണെങ്കിൽ ആ സമയത്ത് ഉപഭോഗം നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിന് കൈവരും. അമ്പരപ്പിക്കുന്ന ബിൽ വരില്ല. മുൻകൂർ പണമടച്ച തുക എത്ര ബാക്കിയുണ്ടെന്ന് മൊബൈൽ സേവന ദാതാക്കളിൽ നിന്ന് സെൽഫോണിൽ ഉപഭോക്താവ് അറിയുന്നതു പോലെ തത്സമയം വൈദ്യുതി ഉപഭോക്താവിനും സാധിക്കും.

പെരുമാറ്റവും സേവനവും
വൈദ്യുതി ജീവനക്കാരുടെ പെരുമാറ്റവും സേവനവും സംബന്ധിച്ച പരാതികൾ ഇന്ന് തുലോം വിരളമാണ്. നാല് ശതമാനം ജീവനക്കാർക്കെതിരെ മാത്രമേ ബോർഡ് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയിട്ടുള്ളൂ.
കേരളത്തിന്റെ പ്രിയങ്കരമായ ഊർജ്ജ വ്യവസായമായി കെ.എസ്.ഇ.ബി യെ പൊതുമേഖലയിൽ ശക്തമായി നിലനിറുത്തുക, ഏതു മത്സരമുഖവും മത്സരക്ഷമമാക്കുക എന്നതാണ് മുഖ്യ അജണ്ട.
ഈ വലിയ ഭൂമികയിൽ വൈദ്യുതി താരിഫ് ചെറിയ ഒരു ഘടകം മാത്രമാണ്. കമ്പനിക്ക് ചെലവേറുന്ന ഇനങ്ങളുടെ അധികച്ചെലവ് മാത്രമാണ് താരിഫായി കമ്മിഷനോട് അഭ്യർത്ഥിക്കുക. ബോർഡിന്റെ നേട്ടമുള്ള സമയത്തെ വൈദ്യുതി വില്‌പനയും വരുമാനവും ഒരുപോലെ വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ട്. കേബിൾ - ഇന്റർനെറ്റ് ശൃംഖലകളുടെ വ്യാപാരത്തിൽ നിന്ന് കുറഞ്ഞത് 100-150 കോടി രൂപയുടെ പ്രതിവർഷ ഉപവരുമാനം കമ്പനിക്ക് ഉണ്ടാകേണ്ടതുണ്ട്.
നിലവിൽ ജലഅതോറിറ്റിയുടെ ജലവിതരണത്തിനുള്ള വൈദ്യുതി കെ.എസ്.ഇ.ബി. സൗജന്യമായി നൽകിപ്പോരുകയാണ്. 1600 കോടി രൂപ കുടിശ്ശികയുണ്ട്. പ്രതിമാസം 40 കോടി രൂപ കടമെടുത്ത് കെ.എസ്.ഇ.ബി.
ജനങ്ങളുടെ കുടിവെള്ളത്തിനുള്ള ഊർജ്ജവും നൽകിപ്പോരുന്നു. ഇതിനു പുറമേ സർക്കാർ കുടിശികയായ 3000 കോടിയുടെ പലിശച്ചെലവ്, പദ്ധതിപ്പലിശ ചെലവ്, ദുർബലർക്കുള്ള യൂണിറ്റ് സബ്സിഡി പ്രതിവർഷം 40 കോടി രൂപ ഇതെല്ലാം ബോർഡ് വഹിക്കുന്നു. ഉദാരവത്‌കരണത്തോടെ കടന്നുവരുമെന്ന് പറയുന്ന സ്വകാര്യ കമ്പനികൾ ഇതൊന്നും നൽകില്ല. കടം 12000 കോടിയും ഒടുവിലെ വാർഷിക പ്രവർത്തനനഷ്ടം 1822 കോടിയും ആണെങ്കിലും ധനകാര്യവിനിമയത്തിൽ ‘A’ റേറ്റിംഗും പ്രവർത്തനത്തിൽ ‘B’ റേറ്റിംഗും ദേശീയ തലത്തിൽ ബോർഡ് നിലനിറുത്തുന്നത് അശ്രാന്ത പരിശ്രമം ചെയ്താണ്. നിരക്കു വർദ്ധന ചർച്ച ചെയ്യുമ്പോൾ ഈ യാഥാർത്ഥ്യം കൂടി കാണണം.

(ലേഖകൻ കെ.എസ്.ഇ.ബി.എൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടറാണ്. അഭിപ്രായം വ്യക്തിപരം)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.