SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.46 AM IST

രവീന്ദ്രൻ മാഷിന്റെ ഈണത്തെ തോൽപ്പിക്കാനുള്ള വാശിയിൽ പിറന്നതായിരുന്നു ഇന്നും നാം മൂളുന്ന ആ വരികൾ,  ബിച്ചു തിരുമല പടിയിറങ്ങുമ്പോൾ

bichu-thirumala-

സ്വരങ്ങൾ ശലഭങ്ങളായി പറന്ന കാലം... ശിശിരങ്ങൾ തേടി ഹൃദയങ്ങളിൽ ചേക്കേറിയ കാലം... ആ കാലത്തിന്റെ റേഡിയോ തരംഗങ്ങൾ കാതുകളിൽ സൗമ്യമായി മന്ത്രിച്ച നാമമായിരുന്നു ബിച്ചു തിരുമല. പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലിയ സന്ധ്യകളും എവിടെയോ കളഞ്ഞു പോയ കൗമാരത്തിന്റെ ഏകാന്ത നൊമ്പരങ്ങളും രാഗേന്ദു കിരണങ്ങൾ ഒളി വീശിയ നിദ്രാ വിഹീനമായ രാത്രികളും, കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ ചൊല്ലിയ പകലുകളുമെല്ലാം, പോയ കാലത്തിന്റെ മുന്തിരിത്തേനുമായി ഇന്നും നമ്മുടെ നെടുവീർപ്പുകൾക്ക് താളം പിടിക്കാറില്ലേ?

വയലാറും, ഒ എൻ വി യും, ഭാസ്‌കരൻ മാഷും യൂസഫലിയും ശ്രീകുമാരൻ തമ്പിയുമെല്ലാം നിറഞ്ഞു നിന്ന സമയത്തായിരുന്നു ബിച്ചു തിരുമലയുടെ കടന്നു വരവ്. അപ്പോഴേക്കും, എഴുതിയതിന് ശേഷം ട്യൂൺ ഇടുന്ന രീതി തന്നെ മാറിയിരുന്നു. ഈണത്തിന് അനുസരിച്ച് വരികൾ എഴുതുന്ന രീതിയോട് മുഖം തിരിഞ്ഞു നിന്നില്ല ബിച്ചു തിരുമല. ആ രീതിയെ അതിന്റെ എല്ലാ തലത്തിലും സൗന്ദര്യാത്മകമായി ഉയർത്തിയെടുക്കുകയായിരുന്നു അദ്ദേഹം. ഏത് കൊടുമുടി കയറുന്ന ട്യൂണിനെയും അളന്നു കുറിച്ച് പതം വരുത്തിയെടുക്കാനുള്ള സർഗ ശേഷിയുണ്ടായിരുന്നു ബിച്ചു തിരുമലയുടെ തൂലികയ്ക്ക്. അതുകൊണ്ടാണ് സുന്ദരീ.. സുന്ദരീ.. ഒന്നൊരുങ്ങി.. വാ.. എന്ന് ഒരു തലമുറയുടെ യുവത്വം പാടി നടന്നത്... ഏതു പ്രഗത്ഭ ഗാന രചയിതാവും വിഷമിച്ചു പോകുന്ന ഈണങ്ങൾക്ക് മുന്നിൽ പോലും ബിച്ചു തിരുമല പതറിയില്ല. സംഗീത സംവിധായകൻ എങ്ങനെയൊക്കെ ഈണത്തിന്റെ കുരുക്കിട്ടാലും അതിനെയെല്ലാം അഴിക്കുന്ന വരികളുടെ കരവിരുതുണ്ടാവും ബിച്ചുവിന്റെ കയ്യിൽ.

രവീന്ദ്രൻ മാഷ് റെക്കോർഡ് ചെയ്ത് കൊടുത്തയച്ച ഒരു ട്യൂണുമായി കറണ്ടില്ലാത്ത ഒരു രാത്രിയിൽ മെഴുകുതിരി വെളിച്ചത്തിൽ പാട്ടെഴുതാനിരിക്കെ ഒരു കൊതുക് വന്നു ബിച്ചുവിനെ തുടരെ തുടരെ ശല്യം ചെയ്തു. കൊതുകിനെ അടിക്കാൻ അടുത്തിരുന്ന പുസ്തകമെടുത്തു. 'ഒറ്റക്കമ്പി മാത്രമുള്ള തംബുരു' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. ആ പേര് ബിച്ചുവിന്റെ മനസ്സിനെ സ്പർശിച്ചു. ഒപ്പം കൊതുകിന്റെ മൂളലും. ആ നിമിഷം പിറന്നു വീണ വരികളാണ്, 'ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാൻ... രവീന്ദ്രൻ മാഷിന്റെ തന്നെ ഈണത്തെ തോൽപ്പിക്കാനുള്ള വാശിയിൽ പിറന്നതായിരുന്നു ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം... അകാലത്തിൽ പൊലിഞ്ഞു പോയ അനുജൻ ബാലഗോപാലന്റെ നിലയ്ക്കാത്ത ഓർമകൾക്ക് ഹൃദയം കൊണ്ട് നൽകിയ സമർപ്പണമായിരുന്നു ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ.. എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ.... എന്നത്. നമ്മുടെ നാടൻ ശൈലികളും വാമൊഴി വഴക്കങ്ങളുമൊക്കെയായിരുന്നു ബിച്ചു തിരുമലയുടെ പാട്ടുകളിൽ നിറഞ്ഞു നിന്നത്.

വയലാറിന്റെയോ ഭാസ്‌കരൻ മാഷിന്റെയോ പോലെ സമ്പൂർണ സാഹിത്യ ഭംഗിയിൽ അഭിരമിച്ചില്ല ബിച്ചുവിന്റെ പാട്ടുകൾ. സാഹിത്യത്തിന് പ്രാധാന്യം വേണ്ടിടത്ത് സാഹിത്യ ഭംഗിയോടെയും സന്ദർഭത്തിന് പ്രാധാന്യം വേണ്ടിടത്ത് സന്ദർഭോചിത മായും അദ്ദേഹം പാട്ടെഴുതി. അതേസമയം പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക് എന്നെഴുതിയപ്പോൾ അതിൽ ഒരേസമയം സാഹിത്യവും സന്ദർഭവും നിറഞ്ഞു നിന്നു. ദേവരാജൻ മാഷ് മുതൽ വിദ്യാസാഗർ വരെയുള്ള സംഗീത സംവിധായകരുടെ ഈണങ്ങളിൽ ബിച്ചു തിരുമലയുടെ വരികൾ വനപുഷ്പങ്ങളായി വിരിഞ്ഞു. മഞ്ഞു വീണതറിഞ്ഞില്ല, വെയിൽ വന്നു പോയതറിഞ്ഞില്ല ഓമനേ, നീ വരും നാളുമെണ്ണിയിരുന്നു ഞാൻ.. എന്ന വരികളിലൂടെ ഏതോ വിദൂരതയുടെ കോണിൽ ഇന്നും കാത്തിരിക്കുന്ന ജീവന്റെ പാതികളായി നമ്മൾ ജന്മങ്ങളെത്രയോ ജീവിച്ചു തീർത്തു.. വെള്ളാരം കുന്നുമ്മേൽ വേഴാമ്പൽ മഴ തേടുമ്പോൾ വേർപിരിഞ്ഞ ബന്ധങ്ങളുടെ ആത്മദാഹങ്ങ ളിലേക്ക് നമ്മൾ എത്രയോ തവണ പിൻതിരിഞ്ഞു നടന്നു.... അന്നുറങ്ങാത്ത രാത്രിയിൽ നിന്റെയോർമ തൻ നോവറിഞ്ഞു ഞാൻ...എന്ന വരികളിൽ നമ്മുടെ എത്രയോ രാത്രികൾ ഉറക്കമില്ലാതെ നിന്നു.... ഒടുവിൽ,എഴുതാൻ ബാക്കി വച്ച വരികളെല്ലാം കാലത്തിന്റെ താളുകളിലേക്ക് മടക്കി വച്ച് ബിച്ചു തിരുമല പടിയിറങ്ങുമ്പോൾ ഓർമകളുടെ മിഴിക്കുമ്പിളിൽ ഒളിക്കുന്നുണ്ടാവാം... ഓരായിരം കളിത്തുമ്പികൾ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAVEENDRAN, RAVEENDRAN MASTER, BICHU, RIP BICHU, FILM SONGS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.