SignIn
Kerala Kaumudi Online
Thursday, 25 April 2024 8.54 PM IST

പ്രകൃതിയുമായുള്ള ഇടപെടലുകൾ

waste

പ്രകൃതിയിലേക്കുള്ള മടക്കയാത്രക്കിടയിൽ പാഥേയമായി സൂക്ഷിക്കേണ്ടതാണ് സ്‌നേഹവും സഹവർത്തിത്വവും. ആർദ്രമായ ഇത്തരം വികാരങ്ങളുടെ അഭാവം അവനവനിലേക്ക് തന്നെ ലോകത്തെ ചുരുക്കും. ശാന്തി നികേതനത്തിന്റെ കവാടത്തിൽ ടാഗോർ പകർത്തിയെഴുതി വച്ച ആ വാക്കുകൾക്ക് വർത്തമാന പരിതസ്ഥിതിയിൽ പ്രാധാന്യമേറുകയാണ്.

'യത്ര ഭുവനം വിശ്വം ഏകനീഡം' ; ലോകം ഇവിടെ ഒരു
പക്ഷിക്കൂടായി മാറുന്നു. പരസ്പരം കൊടുത്തും വിനിമയം ചെയ്തും ജീവിക്കുക. വാങ്ങുക ഉപയോഗിക്കുക വലിച്ചെറിയുക ഇത് മനുഷ്യാസ്ഥിത്വത്തിന്റെ നിലനില്‌പ്പിനെത്തന്നെ ബാധിച്ച് തുടങ്ങി. ജീവമണ്ഡലത്തിലെ ജൈവിക അജൈവിക ഘടകങ്ങളെല്ലാം അദൃശ്യമായ സ്‌നേഹ പൊൻനൂലാൽ ബന്ധിക്കപ്പെടുകയോ വിനിമയം ചെയ്യപ്പെടുകയോ വേണം. ആ സന്തുലിതമായ അവസ്ഥയെയാണ് നാം പരിസ്ഥിതി സംരക്ഷണമെന്ന് വിളിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടായ
പുരോഗതിയും അതുവഴി ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വേണ്ടി നാം പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകളും വളരെ പ്രാകൃതമാണ്. ജനസംഖ്യാ വർദ്ധനയും നഗരവത്‌കരണവും വ്യാവസായിക വിപ്ലവത്തിനുശേഷം നടന്ന ആണവദുരന്തങ്ങളുമെല്ലാം ലോകപരിസ്ഥിതി ഭൂപടത്തെ മാറ്റിവരയ്ക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. ഭൂമിയിൽ ജീവജാലങ്ങളുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്ന ഘടകങ്ങളിലൊന്നാണ് മണ്ണ്. ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും നേരിട്ടോ അല്ലാതെയോ മണ്ണുമായി ബന്ധമുണ്ട്. മണ്ണിന്റെ സ്വാഭാവികത നിലനിറുത്തുന്നതിനു മരങ്ങൾ ആവശ്യമാണ്. വനനശീകരണം അതിന്റെ സകല സീമകളും ലംഘിച്ചു. ലോകത്തിലും നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഉണ്ടാകുന്ന മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വെള്ളപൊക്കത്തിനും ഒരു പ്രധാന കാരണം മണ്ണിന്റെ മണം തിരിച്ചറിയാനുള്ള മനുഷ്യന്റെ കഴിവ് നഷ്ടപ്പെടുന്നതിലൂടെയാണ്. സ്ഥാപിത താത്‌പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ലോകത്ത് പല ഭരണകൂടങ്ങളും മണ്ണിന്റെ ഗന്ധത്തെ തിരിച്ചറിയാതെ പോകുന്നു. പരിസ്ഥിതി പ്രവർത്തകയായ വന്ദനശിവ നടത്തിയ ഒരു പ്രസ്താവന നാം വിമർശനമായി ഉൾക്കൊള്ളേണ്ടതാണ്. അവരുടെ വാക്കുകൾ ഇപ്രകാരമാണ് 'മണ്ണിനും മനുഷ്യനും വേണ്ടി ദീർഘകാലമായി നടന്ന ചെറുത്തു നിൽപ്പായാണ് ലോകത്ത് പാരിസ്ഥിതിക നിയമങ്ങൾ പിറന്നത്.
കൊടിയ ദുരന്തങ്ങളിൽ നിന്ന് മനുഷ്യരാശി പഠിച്ച വലിയ പാഠങ്ങളാണ് അവയുടെ അടിത്തറ. പ്രകൃതിയെ നശിപ്പിക്കുക എന്നതിനർത്ഥം ജീവിതത്തിന്റെ അവസാനമെന്നാണ്. പ്രകൃതിയും നമ്മളുമൊന്നാണ്. പ്രകൃതിയേയും മനുഷ്യരേയും എങ്ങനെയാണ് വേർതിരിച്ച് കാണാൻ കഴിയുക. പരിസ്ഥിതിയ്ക്കുമേൽ മനുഷ്യരുണ്ടാക്കുന്ന ആഘാതങ്ങൾ മനുഷ്യരാശിയ്ക്കു മേലുള്ള ദുരന്തങ്ങളായി പരിണമിക്കും. വനനാശം പ്രളയങ്ങളായി മണ്ണിടിച്ചിലായി ദുരന്തങ്ങളായി മാറും. അതുകൊണ്ട് തന്നെ ഭരണകൂടം നിർബന്ധമായും മണ്ണിനെ കേൾക്കണം. അതാണ് ഗാന്ധിജി ഉദ്ദേശിച്ച ആത്മനിർഭർ ഭാരത് '.

ലോകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് മറ്റ് രണ്ട് നിദാനങ്ങളാണ് പ്ലാസ്റ്റിക്കിന്റെ അമിതോപയോഗവും ഇ-വേസ്റ്റും. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കൂടുകളും മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളും മണ്ണിൽ ലയിച്ചുചേരാതെ ദീർഘകാലം നിലനില്‌ക്കും. ഇത് മണ്ണിന്റെ സ്വാഭാവിക ജൈവിക അവസ്ഥയെ ഇല്ലാതാക്കും. ഉത്പാദന ശേഷിയില്ലാത്ത തരിശുനിലങ്ങളായി അവശേഷിക്കും. സച്ചിദാനന്ദൻ എഴുതിയതുപോലെ 'പുതുമഴ പെയ്ത് നിലം ഉഴുതുമറിയ്ക്കാൻ കർഷകനെത്തുന്ന ദിവസവും കാത്ത് ' നമ്മുടെ പുരയിടങ്ങളും കൃഷിയിടങ്ങളും കിടക്കില്ല. വന്ധ്യമാർന്ന വീട്ടുമുറ്റങ്ങളിൽ ഒരു ചെടി പോലും വളരില്ല. കണികാണാൻ ഒരു പൂവുപോലും ഇതൾ വിരിയില്ല. ചുരുക്കത്തിൽ സസ്യവർഗത്തിന്റെ തന്നെ വംശനാശം സംഭവിക്കും. കൃഷിയിടങ്ങളിലെ മണ്ണ് ഇളക്കി മറിച്ച് മണ്ണിനെ ആർദ്രമാക്കുന്ന മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങും. വയനാട്ടിലും മറ്റും മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന ചിത്രങ്ങൾ നാം പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞതാണല്ലോ.

മനുഷ്യജീവിതത്തിന്റെ അദ്ധ്വാനം കുറയ്ക്കുകയും ലോകം ഒരു കൈക്കുമ്പിളിലേക്ക് ഒതുക്കുകയും ചെയ്യുന്ന വിസ്മയം തീർക്കുന്ന അദ്ഭുത സിദ്ധികൾക്ക് അവലംബം ഇലക്‌ട്രോണിക് ഉപകരണങ്ങൾ തന്നെയാണ് എന്നാൽ ഇവ ഉപയോഗശൂന്യമായിക്കഴിഞ്ഞാൽ അത് മനുഷ്യജീവിതത്തെ മാത്രമല്ല ജീവിവർഗത്തെ ഒന്നാകെ ഇല്ലായ്മ ചെയ്യാനുള്ള വിഷബീജവാഹകരുമാണ്. ഇ-വേസ്റ്റുകളിൽ അടങ്ങിയിരിക്കുന്ന ലെഡ്, മെർക്കുറി, കാഡ്മിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിദ്ധ്യമാണ് ഇവയെ വിഷമയമാക്കുന്നത്. ഒരു കമ്പ്യൂട്ടർ മോണിറ്ററിൽ ആറ് ശതമാനത്തോളം ലെഡ് അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഏതണ്ട് 38 ഇനം വ്യത്യസ്ത രാസസംയുക്തങ്ങളും ഇ-വേസ്റ്റിൽ ഉൾപ്പെടുന്നു. ഇ-വേസ്റ്റുകൾ വായുവിൽ വിഷവാതകങ്ങൾ പരക്കാനും മണ്ണിലെ വായുസഞ്ചാരം കുറയ്ക്കാനും ഇടയാക്കുന്നു. ഓസോൺ പാളികൾക്ക് വിള്ളൽ വീഴ്‌ത്തുന്ന ക്ലോറോഫ്ളൂറോ കാർബൺ (സി.എഫ്.സി) ഇ-വേസ്റ്റിൽ നിന്ന് ബഹിർഗമിക്കുന്നതാണ്. വേണ്ടുന്ന രീതിയിൽ സംസ്‌കരിച്ചാൽ നമുക്ക് ഒരു പരിധിവരെ ഇതിന്റെ ഭീഷണിയിൽ നിന്ന് രക്ഷപ്രാപിക്കാം. പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിനായി കുട്ടനാട്ടിലെത്തിയപ്പോൾ കുട്ടികളുടെ ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ജലാശയങ്ങളിൽ ഒഴുകിനടക്കുന്നത് വേദനാജനകമായ കാഴ്ചയായിരുന്നു.

ഒരു വസ്തു വാങ്ങുമ്പോൾ അല്ലെങ്കിൽ ഉപയോഗിക്കുമ്പോൾ അതുമൂലം പ്രകൃതിയ്ക്ക് എന്തു മുറിപ്പാടാണു നാം ഉണ്ടാക്കുന്നത് എന്നും മനസിലാക്കാൻ ഓരോ കുട്ടിക്കും അവസരമുണ്ടാകണം. എന്റെ ഒരു സുഹൃത്ത് പാഴ്സൽ ഭക്ഷണം ഒരിക്കലും വാങ്ങാറില്ല. പ്ലാസ്റ്റിക് കുപ്പികളിലുള്ള ഐസ്‌ക്രീമും... ഒരു ഉച്ചഭക്ഷണം പാഴ്സൽ വാങ്ങിയാൽ നാം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് എത്രയെന്നോ? ഉപഭോഗം ചുരുക്കാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM, NATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.