SignIn
Kerala Kaumudi Online
Friday, 29 March 2024 7.14 AM IST

കൂടുതൽ കാസ്‌നബ് ബോഗികൾ നിർമ്മിക്കാൻ ഓട്ടോകാസ്റ്റ്

photo

ആലപ്പുഴ: ചരക്ക് തീവണ്ടികൾക്കുള്ള കാസ്നബ് ബോഗികൾ കൂടുതലായി നിർമ്മിക്കുന്നതിനുള്ള സന്നദ്ധതയുമായി പൊതുമേഖലാ സ്ഥാപനമായ ചേർത്തലയിലെ ഓട്ടോകാസ്റ്റിന്റെ മേധാവികൾ റെയിൽവേയുമായി ചർച്ച ആരംഭിച്ചു.

സ്വകാര്യ കമ്പനിയേക്കാൾ കുറഞ്ഞ നിരക്കിൽ കാസ്നബ് ബോഗികൾ നിർമ്മിച്ച് ഓട്ടോകാസ്റ്റ് കഴിഞ്ഞ മാസം ഉത്തര റെയിൽവേയുടെ അമൃത്‌സർ വർക്ക് ഷോപ്പിന് നൽകിയിരുന്നു. സ്വകാര്യ കമ്പനികൾ നൽകുന്ന കാസ്നബ് ബോഗികളെക്കാൾ ഗുണനിലവാരമുള്ളതാണ് ഇവയെന്ന് വർക്ക്ഷോപ്പ് അധികൃതർ റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. കൂടുതൽ ബോഗികൾ നൽകാൻ തയ്യാറാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കേന്ദ്ര റേയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. ഇവിടെ നിർമ്മിച്ച അഞ്ച് കാസ്‌നബ് ബോഗികൾ അമൃതസർ റെയിൽവേ വർക്ക് ഷോപ്പിൽ  നിർമ്മിക്കുന്ന വാഗണിൽ ഘടിപ്പിച്ചുകഴിഞ്ഞു. റെയിൽവേക്ക് പ്രതിവർഷം 2,000 കാസ്നബ് ബോഗികളാണ് വേണ്ടത്. ഇത്രയും ഉത്പാദിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഓട്ടോകാസ്റ്റിലില്ല. ഇപ്പോഴത്തെ അവസ്ഥയിൽ പ്രതിമാസം 10 ബോഗികൾ നിർമ്മിക്കാനുള്ള സംവിധാനമേ ഉള്ളൂ. കൂടുതൽ ഓർഡർ ലഭിച്ചാൽ സമയബന്ധിതമായി അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന വിവരം റെയിൽവേയെ അറിയിച്ചു.       

പൊതുമേഖലയിൽ ആദ്യം

റെയിൽവേയ്ക്കായി കാസ്‌നബ് ബോഗികൾ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പൊതുമേഖലാസ്ഥാപനമാണ് ഓട്ടോകാസ്റ്റ്. നിലവിൽ സ്വകാര്യകമ്പനികളിൽ നിന്നാണ് റെയിൽവേ കാസ്‌നബ് ബോഗികൾ വാങ്ങുന്നത്. ഓട്ടോകാസ്റ്റ് നൽകിയതിനേക്കാൾ ഗുണനിലവാരം കുറഞ്ഞ കാസ്നബ് ബോഗികളാണ് കൂടിയ വിലയ്ക്ക് സ്വകാര്യ കമ്പനികൾ നൽകുന്നത്. റെയിൽവേയ്ക്കായി ബോഗികൾ നിർമ്മിക്കുന്നതിനായി 2010ലാണ് ഓട്ടോകാസ്റ്റ് കരാർ ഒപ്പിട്ടത്. സാങ്കേതിക കാരണങ്ങളാൽ അന്ന് ഇതിൽനിന്ന് റെയിൽവേ പിൻമാറിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്ത് റെയിൽവേയുടെ ഗുണനിലവാര ഏജൻസിയായ ആർ.ഡി.എസ്.ഒ ക്ലാസ് എ ഫൗണ്ടറി അംഗീകാരം 2019 ൽ ഓട്ടോകാസ്റ്റ് നേടി. തുടർന്ന് ചരക്ക് തീവണ്ടികളുടെ കാസ്‌നബ് ബോഗികൾ നിർമ്മിക്കുന്നതിനാവശ്യമായ ആർ.ഡി എസ്.ഒ അംഗീകാരം 2020 മേയിൽ ലഭിച്ചു. സ്വകാര്യ മേഖലയുമായി ഓപ്പൺ ടെണ്ടറിൽ പങ്കെടുത്ത് കിടമത്സരം നടത്തി 2020ൽ ആദ്യത്തെ ഡെവലപ്പ്മെന്റ് ഓർഡർ നേടിയെടുക്കാൻ സാധിച്ചത് ഓട്ടോകാസ്റ്റിന് അഭിമാനനേട്ടമായി.

"

റെയിൽവേയ്ക്ക് നൽകിയ അഞ്ച് ബോഗികളുടെ പണം ലഭിച്ചു. നിലവിലുള്ള ഉത്പാദനത്തോടൊപ്പം റെയിൽവേക്കാവശ്യമായ കാസ്‌നബ് ബോഗികൾ നിർമ്മിച്ച് നൽകാൻ സജ്ജമാണ്. തൊഴിലാളികളുടെ ആത്മാർത്ഥതയാണ് നേട്ടം കൈവരിക്കാൻ കാരണം

- കെ.എസ്.പ്രദീപ് കുമാർ, ചെയർമാൻ, ഓട്ടോകാസ്റ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.