SignIn
Kerala Kaumudi Online
Thursday, 25 April 2024 9.53 PM IST

ചതിയുടെ അണക്കെട്ട്

mullaperiyar-main-dam

സഹ്യന്റെ കിഴക്ക് സന്തോഷവും പടിഞ്ഞാറ് ജനമനസുകളിൽ സംഘർഷവും സൃഷ്ടിക്കുന്ന സമസ്യയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് വിശാഖം തിരുനാൾ രാമവർമ രാജാവിന്റെ ഹൃദയരക്തത്തിൽ നിന്ന് തുടങ്ങി ബെന്നിച്ചൻ തോമസ് എന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മരംമുറി ഉത്തരവിൽ വരെ എത്തിനില്‌ക്കുന്ന വിവാദത്തിൽ കഥകളും കെട്ടുകഥകളുമുണ്ട്. സത്യവും അർദ്ധസത്യങ്ങളുമുണ്ട്.

പെരിയാർ നദിയെ തടഞ്ഞുനിറുത്തി കിഴക്കോട്ട് വെള്ളം തിരിച്ചുവിടുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. ഉത്ഭവസ്ഥാനം മുതൽ അറബിക്കടൽ വരെ ഏറെയും കന്യാവനങ്ങളിലൂടെയാണ് പെരിയാറിന്റെ യാത്ര.

1886 ൽ ബ്രിട്ടീഷ് ഭരണകാലത്ത് കെട്ടിയേല്‌പിച്ച 999 വർഷത്തെ പാട്ടക്കരാറും 1970 ൽ ജനാധിപത്യ ഭരണകാലത്ത് ദീർഘവീക്ഷണമില്ലാതെ പടച്ച ഉപകരാറുമാണ് സഹ്യപർവതത്തിനിരുപുറവും അശാന്തിയുടെ വിത്തുവിതച്ചത്. കിട്ടുന്ന സൗഭാഗ്യം ഇല്ലാതാകുമോ എന്നതു മാത്രമാണ് തമിഴരുടെ ആവലാതി. നൂറ്റാണ്ടിലേറെയായി യാതൊന്നും പ്രതീക്ഷിക്കാതെ വിലമതിക്കാനാവാത്ത ജലസമ്പത്ത് അയൽവാസിക്ക് ദാനമായി കൊടുക്കുന്നതിന് തിരിച്ചുകിട്ടുന്ന നന്ദികേടാണ് കേരളക്കരയിലെ 40 ലക്ഷം ജനങ്ങൾ അനുഭവിക്കുന്ന ആധിയും ആശങ്കയും.

1896ൽ അണക്കെട്ട് കമ്മിഷൻ ചെയ്തകാലം മുതൽ ഇന്നോളം മുല്ലപ്പെരിയാറിലെ ജലത്തിനുവേണ്ടി കേരളം ഒരു വ്യവഹാരവും ചമച്ചിട്ടില്ല. പരമാവധി വെള്ളം കൊണ്ടുപോകാനേ കെഞ്ചിപ്പറഞ്ഞിട്ടുള്ളൂ. സുരക്ഷാ ഭീഷണി കാരണം സംഭരണശേഷി ഘട്ടംഘട്ടമായി 155 ൽ നിന്ന് 136 അടിയിലേക്ക് കുറയ്ക്കുകയും പിന്നീട് 2014 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 142 അടിയിലേക്ക് ഉയർത്തുകയും ചെയ്തപ്പോഴൊന്നും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് എടുക്കുന്ന വെള്ളത്തിന് ഒരു കുറവും വന്നിട്ടില്ല. വർഷം ശരാശരി 20 മുതൽ 22 ടി.എം.സി വരെ വെള്ളം എല്ലാക്കാലത്തും അവർ കൊണ്ടുപോകുന്നുണ്ട്. അവിടെ ജലസേചനം നടത്തുന്ന ഭൂമിയുടെ അളവ് ആറ് ഇരട്ടിയോളം വർദ്ധിക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഭരണകാലത്ത് സിദ്ധിച്ച അവകാശം പറഞ്ഞ് മുല്ലപ്പെരിയാറിൽ തന്നിഷ്ടം കാണിക്കുന്ന തമിഴ്നാട് അവരെടുക്കുന്ന വെള്ളത്തിന്റെ കണക്കോ വിനിയോഗ വിവരങ്ങളോ പറയാറുമില്ല, അങ്ങോട്ട് ചോദിക്കാറുമില്ല.

തെക്കൻ തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിക്കൽ, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ അഞ്ച് ജില്ലകളിൽ നട്ടുനനയ്ക്കാൻ ഉപയോഗിക്കുന്ന കോടാനുകോടി രൂപ മൂല്യമുള്ള ശുദ്ധജലം സംഭരിക്കുന്ന പാത്രം ചോർച്ചയടച്ച് സൂക്ഷിക്കണമെന്ന് പറയുന്നതാണ് കേരളം ചെയ്യുന്ന മഹാ അപരാധം. മലയാളി തലയിൽ ചുമന്നു നില്‌ക്കുന്ന ഈ പാനപാത്രത്തിന്റെ കാലപ്പഴക്കവും ചോർച്ചയും കണ്ടില്ലെന്ന് നടിക്കുകയാണ് തമിഴ്നാട്.

ഇതിന്റെ യാഥാർത്ഥ്യം തമിഴരെയും നീതിപീഠങ്ങളെയും ബോദ്ധ്യപ്പെടുത്തുന്നതിൽ കേരളവും തുടർച്ചയായി പരാജയപ്പെടുകയാണ്.

മലയാളികൾ മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് ശ്രദ്ധിച്ചു തുടങ്ങിയത് 1970 ന് ശേഷമാണെങ്കിൽ അതിനും പതിറ്റാണ്ടുകൾക്ക് മുമ്പേ അണക്കെട്ടിൽ ചോർച്ചയും ഓട്ടയടയ്ക്കലും കേസും കോടതിവിധികളുമൊക്കെ ഉണ്ടായിരുന്നു. കരാറിന് വിരുദ്ധമായി മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്നാട്ടിൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിനെതിരെ ദിവാൻ സർ.സി.പി. രാമസ്വാമി അയ്യരാണ് മുല്ലപ്പെരിയാർ വിഷയത്തിൽ ആദ്യം കോടതിയെ സമീപിച്ചത്. കേസിൽ ഇരുകക്ഷികളുടെയും വിശദമായ വാദം കേട്ട തർക്കപരിഹാരം ഫോറം അമ്പയറും കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയുമായിരുന്ന നളിനി രഞ്ജൻ ചാറ്റർജി 1941 ഫെബ്രുവരി 13ന് തിരുവിതാംകൂറിന് അനുകൂലമായി വിധിച്ചു. അതോടെ കരാറിന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടു. പക്ഷേ ആ വിധി നടപ്പിലാക്കാനായില്ലെന്നു മാത്രമല്ല, 1970 കേരള സർക്കാർ മുൻകാല പ്രാബല്യത്തോടെ കരാർ പുതുക്കി നല്കുകയും ചെയ്തു.

മൂലകരാറിനു പിന്നിലെ കളികൾ

രാമനാഥപുരത്തെ കാവേരി പൂമ്പട്ടണത്തിൽ നിന്നാണ് കഥയുടെ തുടക്കം. ഇന്നത്തെ കേരള തമിഴ്നാട് അതിർത്തിയിൽ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവിയിൽ ഒരു ക്ഷേത്രമുണ്ട്. ചിലപ്പതികാര കഥയിലെ കണ്ണകിയാണ് പ്രതിഷ്ഠ. അവിടെയുമുണ്ട് അതി‌ർത്തി തർക്കവും വിവാദവും. ചിത്തിരമാസത്തിലെ ചിത്രാപൗർണമി നാളിൽ കാവേരി പട്ടണവാസികളും രാമനാഥപുരം ഭരണാധികാരികളും ഇവിടെ ആരാധനയ്ക്കെത്തും. ഒരിക്കൽ വരണ്ടുണങ്ങിയ മധുരയും തേനിയും കമ്പവും കടന്ന് കൂടല്ലൂർ മലകയറി മംഗളാദേവിയിൽ എത്തിയ രാമനാഥപുരം നാടുവാഴി മുത്തുരാമലിംഗ സേതുപതിയുടെ (1862- 1873) മനസിൽ മൊട്ടിട്ട മോഹമാണ് പെരിയാർ നദിയെ മലതുരന്ന് കടത്തിക്കൊണ്ടു പോവുകയെന്നത്. പക്ഷേ, അധികം വൈകാതെ സേതുപതിയുടെ രാജ്യം ബ്രിട്ടീഷ് അധിനിവേശത്തിലായി. അവരും പെരിയാറിനുമേൽ നോട്ടമിട്ടു. 1886 ഒക്ടോബർ 29 നാണ് ഇത് സംബന്ധിച്ച് അന്തിമ കരാർ ഉണ്ടായതെങ്കിലും അതിനും കാൽനൂറ്റാണ്ടു മുൻപേ അണക്കെട്ട് നിർമ്മാണത്തിനുള്ള സാദ്ധ്യതാ പഠനങ്ങൾ അവർ ശക്തമാക്കിയിരുന്നു. 1862ൽ മേജർ റീവ്സ് എന്ന ബ്രിട്ടീഷ് എൻജിനിയറെ നിയോഗിച്ചു. തിരുവിതാംകൂറിലേക്കുള്ള ആദ്യകടന്നുകയറ്റം അങ്ങ നെയായിരുന്നു. 1867ൽ റീവ്സ് മദ്രാസ് സർക്കാരിന് റിപ്പോർട്ട് നൽകി. അത് പ്രായോഗികമല്ലെന്ന് കണ്ട് 1870 ൽ കേണൽ സ്മിത്ത് എന്ന മറ്റൊരു എൻജിനിയറെ നിയോഗിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടും സ്വീകാര്യമായില്ല. 1882 മേയ് എട്ടിന് കേണൽ പെന്നിക്യൂക്കിനെ തിരുവിതാംകൂറിന്റെ മണ്ണിലേക്ക് അയച്ചു.

അതിനിടെ തന്നെ കരാറിനുവേണ്ടി തിരുവിതാംകൂറിലെ ആയില്യം തിരുനാൾ (1860-1880) മഹാരാജാവുമായും തുടർന്ന് സ്ഥാനമേറ്റ വിശാഖം തിരുനാൾ രാമവർമ്മയുമായും കൂടിയാലോചന പുരോഗമിക്കുന്നുണ്ടായിരുന്നു.

1886 ൽ ശ്രീമൂലം തിരുനാളിന്റെ കാലത്ത് യാഥാർത്ഥ്യമായ കരാറിൽ വിശാഖം തിരുനാൾ മഹാരാജാവ് തന്റെ ഹൃദയരക്തം കൊണ്ട് ഒപ്പുവച്ചു എന്ന കഥയുടെ പശ്ചാത്തലം അജ്ഞാതമാണ്.

നാളെ : ഒലിച്ചുപോകുന്ന സുർക്കി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPPERIYAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.