ജയ്പൂർ:രാജസ്ഥാനിലെ ജയ്പൂരിൽ ആഡംബര വിവാഹത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിൽ സൂക്ഷിച്ച രണ്ട് കോടിയിലേറെ വിലമതിക്കുന്ന വജ്രാഭരണങ്ങളും 95,000 രൂപയും മോഷണം പോയതായി പരാതി. ക്ലാർക്സ് അമേർ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മുംബയ് വ്യവസായിയായ രാഹുൽ ഭാട്ടിയയുടെ മകളുടെ വിവാഹത്തിനായി കൊണ്ടുവന്നതാണ് ആഭരണങ്ങളും പണവും.
ഹോട്ടലിന്റെ ഏഴാം നിലയിലുള്ള മുറിയിലാണ് ഭാട്ടിയയും കുടുംബവും കഴിഞ്ഞിരുന്നത്. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ ഹോട്ടലിലെ പുൽമൈതാനത്ത് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു.
ഹോട്ടൽ അധികൃതരുടെ അറിവോടെയല്ലാതെ മോഷണം നടക്കുകയില്ലെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ഭാട്ടിയ ആരോപിക്കുന്നു. മുറിയുടെ താക്കോൽ ഹോട്ടൽ ജീവനക്കാരൻ മോഷ്ടാവിനു നൽകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടെന്നാണ് സൂചന. വിവാഹത്തിനെത്തിയവരുടെ ബന്ധുവെന്ന വ്യാജേനയാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തു.