SignIn
Kerala Kaumudi Online
Tuesday, 17 May 2022 3.44 PM IST

പാർലമെന്റ് കാന്റീനിലെ ഭക്ഷണം ഇപ്പോഴും ഹലാൽ തന്നെയാണെന്ന് സംഘപരിവാറുകാരൻ അറിയുന്നുണ്ടാവില്ലെന്ന് ജോൺ ബ്രിട്ടാസ്

kkk

തിരുവനന്തപുരം: ഹലാൽ ഭക്ഷണത്തിന്റെ പേരിൽ കേരളത്തിൽ വിവാദം തുടരുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം.പി. ഹലാലിന്റെ പേരിൽ കേരളത്തിൽ വിവാദം സൃഷ്ടിക്കുമ്പോഴും പാർലമെന്റ് കാന്റീനിലെ ഭക്ഷണം ഇപ്പോഴും ഹലാൽ തന്നെയാണെന്ന് സംഘപരിവാറുകാരൻ അറിയുന്നുണ്ടാവില്ലെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ പങ്കുവച്ച ലേഖനത്തിൽ പറയുന്നു. താൻ ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകനായെത്തിയ കാലത്ത് പാർലമെന്റിൽ വെച്ചാണ് ഹലാൽ എന്ന പദം ആദ്യമായി കേട്ടത്. പാർലമെന്റ് കാന്റീനിൽ നൽകുന്നത് ഹലാൽ ഭക്ഷണമാണോ എന്നായിരുന്നു ചോദ്യം. ഹലാൽ എന്ന മറുപടിയാണ് അന്ന് മന്ത്രി നൽകിയത്. അതിപ്പോഴും തുടരുന്നുണ്ടെന്നും ബ്രിട്ടാസ് പറയുന്നു.

ഇഷ്ടമുള്ള ഭക്ഷണവും വേഷവും ഭാഷയുമൊക്കെ സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമ്പോ‍ഴാണ് സമൂഹം പക്വതയാർജിക്കുന്നത്. യഹൂദരുടെ ക്വോഷർ ഭക്ഷണരീതിയെ വിമർശിച്ചുകൊണ്ടാണ് ഹിറ്റ്‌ലർ വംശീയ വിദ്വേഷത്തിന് തിരിതെളിച്ചത്. ഇന്ന് ഇന്ത്യയിൽ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാർ കാണുന്നതെന്നും അദ്ദഹം ഫേസ്ബുക്കിൽ കുറിച്ചു

ജോൺ ബ്രിട്ടാസ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മൂന്നു പതിറ്റാണ്ടുമുമ്പ് ഡൽഹിയിൽ മാധ്യമപ്രവർത്തകനായി എത്തിയപ്പോൾ പാർലമെന്റിൽ വന്ന ഒരു ചോദ്യത്തിലൂടെയാണ് ഹലാൽ എന്ന പദപ്രയോഗം ശ്രദ്ധയിൽപ്പെട്ടത്. പാർലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം, വിശേഷിച്ച് മാംസാഹാരം, ഹലാൽ ആണോ ജഡ്കയാണോ എന്നായിരുന്നു ചോദ്യം. ഹലാൽ എന്ന മറുപടിയാണ് സഭയിൽ അന്നത്തെ മന്ത്രി നൽകിയത്.ക‍ഴിയാവുന്ന തരത്തിലുള്ള ഭക്ഷണമൊക്കെ ക‍ഴിച്ചിരുന്നതുകൊണ്ടാകണം ഹലാൽ/ജഡ്ക ചോദ്യം കൗതുകകരമായിത്തോന്നിയത്.

വർഷങ്ങൾക്കുശേഷം ഹലാൽ ചോദ്യം കേരളത്തിൽ വിവാദമായി ഭവിക്കുമെന്ന് അന്നു നിനച്ചിരുന്നില്ല. കേരളത്തിൽ ഹലാലിനുമേൽ വിവാദം സൃഷ്ടിക്കുമ്പോ‍ഴും പാർലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാൽ തന്നെയാണെന്ന് സംഘപരിവാറുകാർ അറിയുന്നുണ്ടാകില്ല.ഹലാൽ എന്നാൽ അനുവദിക്കപ്പെട്ട ഭക്ഷണമെന്നാണ് അർഥം. മാംസാഹാരത്തിന്റെ കാര്യത്തിലാണ് ഇതിന്റെ പ്രസക്തി. അറുത്ത് ചോര വാർന്ന മാംസമാണ് ഹലാൽ. ജഡ്ക എന്നാൽ തൽക്ഷണം ഇടിച്ചുകൊല്ലുന്ന രീതിയാണ്. മാംസത്തിൽ രക്തം കട്ടപിടിച്ചു കിടക്കുന്നത് വിഷാംശമുണ്ടാകാൻ ഇടവരുത്തുമെന്ന് പറയുന്നവരുണ്ട്.

ജനാധിപത്യത്തിന്റെ മാറ്റു നിർണയിക്കുന്ന അളവുകോലുകളിലൊന്നാണ് ബഹുസ്വരത. ഇഷ്ടമുള്ള ഭക്ഷണവും വേഷവും ഭാഷയുമൊക്കെ സ്വതന്ത്രമായി തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുമ്പോ‍ഴാണ് സമൂഹം പക്വതയാർജിക്കുന്നത്. യഹൂദരുടെ ക്വോഷർ ഭക്ഷണരീതിയെ വിമർശിച്ചുകൊണ്ടാണ് ഹിറ്റ്‌ലർ വംശീയ വിദ്വേഷത്തിന് തിരിതെളിച്ചത്. ഇന്ന് ഇന്ത്യയിൽ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാർ കാണുന്നത്.

ചില ഭക്ഷ്യയിനങ്ങളെ മതവുമായി കൂട്ടിയിണക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ പഠനാർഹമാണ്. മുംബൈയിലെ ഭീകരാക്രമണക്കേസിലെ പ്രതി കസബിനെപ്പോലും ഇതിനായി ഉപയോഗിച്ചെന്നത് പലരെയും അമ്പരപ്പിച്ച കാര്യമാണ്. കസബ് ജയിലിൽ ബിരിയാണി ചോദിച്ചെന്നു പറഞ്ഞ് കോടതിയിൽ രംഗം കൊ‍ഴുപ്പിച്ച അഭിഭാഷകന്റെ യഥാർഥ ഉദ്ദേശ്യം മതവിദ്വേഷം സൃഷ്ടിക്കലായിരുന്നു. അതിഹീനമായ പ്രവൃത്തി ചെയ്തയാളാണ് കസബ് എങ്കിലും ബിരിയാണിക്കഥ കെട്ടുകഥയായിരുന്നെന്ന് പിന്നീട്‌ സ്ഥിരീകരണമുണ്ടായി.

എത്രയോ സംസ്കൃതികളുടെ സമന്വയമാണ് നമ്മുടെ പൈതൃകം! അതിൽ സംഗീതവും കലയും ശിൽപ്പവേലയും വൈദ്യവും ഭക്ഷണവും വസ്ത്രവുമൊക്കെ ഉൾപ്പെടും. ഏറ്റവും കൂടുതൽ വൈവിധ്യങ്ങൾ ആശ്ലേഷിക്കുന്നവരാണ് മലയാളികൾ. ലോകത്തിന്റെ ഏതു കോണിലുമുള്ള ഭക്ഷണവും സ്വന്തമായി കാണാനാണ് മലയാളി ശ്രമിക്കുന്നത്. ഹലാലിനെ തുപ്പലുമായി ബന്ധപ്പെടുത്തി വിഷലിപ്തമായ ഒരു പ്രചാരണമാണ് ആർഎസ്എസ് അ‍ഴിച്ചുവിടുന്നത്.

എല്ലാ സമുദായത്തിലും അപരിഷ്കൃതമായ രീതികളുണ്ട്. എന്നാൽ, ഹലാൽ തുപ്പലാണെന്നു പ്രചരിപ്പിക്കുമ്പോ‍ഴാണ് അതിന്റെ പിന്നിലെ ഗൂഢതന്ത്രം വെളിവാകുന്നത്. ഓതിയും ഊതിയും വെഞ്ചരിച്ചുമൊക്കെ വെള്ളവും നൂലും ഭക്ഷണവും മറ്റും നൽകുന്ന രീതി എല്ലാ മതത്തിലുമുണ്ട്. കർണാടകത്തിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിലും ഉഡുപ്പിയിലെ ശ്രീകൃഷ്ണക്ഷേത്രത്തിലും നടക്കുന്ന ഒരാചാരമുണ്ട് – ബ്രാഹ്മണർ ക‍ഴിച്ചു ബാക്കിയായ ഭക്ഷണത്തിൽ, എച്ചിലിൽ, ഉരുളുക. ഇതിന് മഠേ സ്നാന എന്നാണ് പേര്. ഇത് യഥാർഥത്തിൽ തുപ്പൽ സ്നാനമാണ്. ഈയൊരു പ്രാകൃതാചാരത്തെ മുൻനിർത്തി ഹിന്ദുമതവിഭാഗത്തെയാകെ കടന്നാക്രമിക്കാൻ ശ്രമിച്ചാൽ അത് ആർക്കെങ്കിലും സമ്മതിച്ചുകൊടുക്കാൻ ക‍ഴിയുമോ?

ധ്രുവീകരണത്തിനുള്ള സുവർണാവസരങ്ങൾ തേടി സംഘപരിവാർ നിരന്തരം അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഭിന്നിപ്പിക്കുക, അസംഗതമാണെങ്കിൽപ്പോലും അയഥാർഥമായ വിഷയങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. ഏതാനും ആ‍ഴ്ചമുമ്പ്, ഉത്തരേന്ത്യൻ പത്രങ്ങളിലാകെ നിരന്ന വാർത്തയുണ്ട് – ഗുജറാത്തിലെ നഗരങ്ങളിൽ മാംസാഹാരം തെരുവിൽ വിൽക്കാനോ പരസ്യമായി പ്രദർശിപ്പിക്കാനോ പാടില്ല. വിവിധ നഗരസഭകൾ പ്രത്യേക ഉത്തരവുകളിലൂടെയാണ് ഇത്തരമൊരു നിർദേശം നൽകിയത്. വിവാദമുണ്ടായപ്പോൾ ഉത്തരവുകൾ ഭാഗികമായി പിൻവലിച്ചു.

സാമ്പത്തിക ഉപരോധമെന്നത് ഹിന്ദുത്വ പ്രയോഗിക്കുന്ന ശക്തമായ ഉപകരണങ്ങളിലൊന്നാണ്. ഡൽഹി കലാപത്തിനുശേഷം മു‍ഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് മുസ്ലിം കച്ചവടക്കാരിൽനിന്ന് പ‍ഴവും പച്ചക്കറിയും വാങ്ങരുതെന്നതായിരുന്നു. ഡൽഹിയിൽ ഭൂരിപക്ഷവും ആശ്രയിക്കുന്നത് തെരുവോരങ്ങളിലെ പച്ചക്കറി–പ‍ഴക്കടകളെയാണ്. പല കോളനിയിലും ഉന്തുവണ്ടികളിൽ വീട്ടുമുറ്റത്ത് പച്ചക്കറിയും മറ്റുമെത്തും. മുസ്ലിങ്ങളാണെങ്കിൽ അവരെ ആട്ടിപ്പായിച്ചുകൊള്ളണം എന്നായിരുന്നു ആഹ്വാനം. ഭയം കൊണ്ടായിരിക്കണം പല മുസ്ലിം വ‍ഴിവാണിഭക്കാരും പിൻവലിഞ്ഞു.

മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ചെറുനാരുകൾപോലും അറുത്തുകളയാനുള്ള തീവ്രയത്നമാണ് നടക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനമായ ടാറ്റ പോലും ഈ വിദ്വേഷപ്രചാരണത്തിനുമുന്നിൽ തല കുമ്പിട്ടു. ടാറ്റയുടെ ആഭരണ ബ്രാൻഡായ തനിഷ്‌കിൽ വന്ന പരസ്യത്തിൽ ഒരു മുസ്ലിം കുടുംബത്തിലെ ഹിന്ദുവധുവിനെ ചിത്രീകരിച്ചതായിരുന്നു പ്രകോപനം.സുപ്രസിദ്ധ ടെക്സ്റ്റൈൽ ബ്രാൻഡായ ഫാബ് ഇന്ത്യ ക‍ഴിഞ്ഞ ദീപാവലിയിൽ സമാനമായ കടന്നാക്രമണത്തിനിരയായി. തങ്ങളുടെ ദീപാവലി പരസ്യത്തിൽ ഇഷെ റിവാസ് -പൈതൃകത്തിന്റെ ആഘോഷമെന്ന ഉറുദു വാക്ക് ഉപയോഗിച്ചെന്നതായിരുന്നു പ്രകോപനം. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും എത്രയോ പരസ്യവാചകങ്ങളിലൂടെയാണ് ഇന്ത്യ ആദ്യകാലത്ത്‌ സഞ്ചരിച്ചത്! ഡൽഹിയിൽ മാധ്യമപ്രവർത്തനം തുടങ്ങിയ ഘട്ടത്തിൽ അന്ന്‌ ടെലിവിഷനിൽ വന്നുതുടങ്ങിയ ബജാജ് സ്കൂട്ടറിന്റെ പരസ്യം ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഹിന്ദുവും മുസ്ലിമും സിഖുമൊക്കെ സ്കൂട്ടറിൽ ആഘോഷപൂർവം യാത്ര ചെയ്യുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.

അന്ന് മാധ്യമപ്രവർത്തകർക്ക് ബിജെപി കേന്ദ്ര ഓഫീസിലെ വാർത്താ സമ്മേളനങ്ങളോടായിരുന്നു ‘പഥ്യം’; കാരണം രാഷ്ട്രീയമല്ല. ആവോളം മാംസാഹാരം നൽകിയിരുന്നു.വെങ്കയ്യ നായിഡു പ്രസിഡന്റായിരുന്ന ഘട്ടത്തിൽ മാംസത്തിന്റെകൂടെ ആന്ധ്രയിൽനിന്ന് പ്രത്യേകം കൊണ്ടുവരുന്ന കൊഞ്ചും ചെമ്മീനും കിട്ടിയിരുന്നു.ഇന്ന് ഈ പ‍ഴങ്കഥ പറഞ്ഞാൽ പലരും വായ പൊളിക്കും.തീക്ഷ്ണമായ ആശയപ്പോരാട്ടങ്ങളുടെ പ്രയോക്താക്കൾപോലും ഭക്ഷണം വലിച്ചി‍ഴച്ച് വെറുപ്പു സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്.

മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അന്തരിച്ച എ ബി വാജ്പേയി മാംസാഹാരത്തിന്റെ ആരാധകനായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകനായ ഉല്ലേഖ് എൻ പിയുടെ ‘അൺ ടോൾഡ് വാജ്പേയി’ എന്ന പുസ്തകത്തിൽ ഇതു വിശദമായി പരാമർശിക്കുന്നുണ്ട്.വാജ്പേയിക്ക് പോത്തിറച്ചിയും വിസ്കിയും പ്രിയങ്കരമായിരുന്നുവെന്ന് ആ പുസ്തകത്തിന്റെ 148––ാം പേജിൽ പറയുന്നു.

ഹിന്ദുത്വയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന സവർക്കറെക്കുറിച്ച് അദ്ദേഹത്തിന്റെ ആരാധകനും പ്രശസ്ത മാധ്യമപ്രവർത്തകനുമായ വൈഭവ് പുരന്ധരെ എ‍ഴുതിയ പുസ്തകത്തിൽ, സവർക്കറുടെ ഭക്ഷണരീതികളെക്കുറിച്ച് പറയുന്നുണ്ട്.

പശുവിന് ദിവ്യത്വമൊന്നും കൽപ്പിക്കാൻ സവർക്കർ തയ്യാറായില്ല. സവർക്കർ ബീഫ് ക‍ഴിച്ചതായി രേഖയൊന്നുമില്ലെങ്കിലും അതു ക‍ഴിക്കുന്നതിനോട് അദ്ദേഹത്തിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് വൈഭവ് പുരന്ധരെ സമർഥിച്ചിട്ടുണ്ട്. മാട്ടിറച്ചി ക‍ഴിക്കാൻ ഇഷ്ടമുള്ളവർ അതു ക‍ഴിച്ചുകൊള്ളട്ടെയെന്ന നിലപാടായിരുന്നു സവർക്കറുടേതെന്നും പുരന്ധരെ കൂട്ടിച്ചേർക്കുന്നു.

ഇസ്ലാമിക രാഷ്ട്രത്തിന്റെ പിതാവായ മുഹമ്മദാലി ജിന്നയുടെ ഭക്ഷണ-പാനീയ ശീലങ്ങളെക്കുറിച്ച് ഡൊമിനിക് ലാപിയറുടെ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ജിന്ന മദ്യപിക്കുകയും പന്നിയിറച്ചി ക‍ഴിക്കുകയും എല്ലാ ദിവസവും താടി വടിക്കുകയും ചെയ്തിരുന്നെന്ന് ഗ്രന്ഥകർത്താവ് അടിവരയിട്ടു പറയുന്നു.

പ‍ഴമ തേടിപ്പോയാൽ ആചാരങ്ങളിലെ അപരിഷ്കൃതത്വവും യുക്തിരാഹിത്യവും ഫണം വിടർത്തിവരും. ചരിത്രത്തിൽ കുരിശുയുദ്ധങ്ങളും സമാനമായ സംഘർഷങ്ങളും ആവോളമുണ്ട്. തെറ്റുകളെ പിന്നോട്ടുതള്ളി ആരോഗ്യകരമായ മാതൃകകൾ സൃഷ്ടിച്ചു മുന്നോട്ടുപോകാനാണ് പരിഷ്കൃതസമൂഹം ശ്രദ്ധിക്കേണ്ടത്. ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും സുവർണാവസരങ്ങൾ തേടി എത്തുന്നവരോട് അത് കേരളത്തിന്റെ തീയിൽ വേവില്ലെന്ന് ജനങ്ങൾ ഒന്നിച്ചുനിന്നു പറയും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HALAL, HALAL FOOD, JOHN BRITAS MP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.