തൃശൂർ : അമിതാധികാരവും മൂലധനവും മതരാഷ്ട്രവാദവും സന്ധിക്കുന്ന വിഷമസന്ധിയിലാണ് ഇന്ത്യ ഇന്ന് അകപ്പെട്ടതെന്ന് നിയമസഭാസ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. സെക്യുലർ ഫോറം സംഘടിപ്പിച്ച സെമിനാർ 'ഇന്ത്യൻ ഭരണഘടന: ചരിത്രവും വർത്തമാനവും ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഗോൾവാൾക്കർ വിഭാവനം ചെയ്ത ഒരു രാഷ്ട്രം, ഒരു നേതാവ് , ഒരു പ്രത്യയശാസ്ത്രം എന്ന അവസ്ഥയിലേക്കാണ് ഇന്ത്യ നയിക്കപ്പെടുന്നത്. എക്സിക്യുട്ടീവിനെ ശക്തിപ്പെടുത്തി അധികാരം കേന്ദ്രീകരിക്കുകയും മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അസമത്വത്തിന്റെ ഭയാനകമായ വ്യാപനമാണ് 2014 മുതൽ ഇന്ത്യയിലുണ്ടാകുന്നത്. ഹിന്ദുത്വ ശക്തികളും മൂലധനശക്തികളും ചേർന്ന സഖ്യമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഭീഷണിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. വി.ജി. ഗോപാലകൃഷ്ണൻ മോഡറേറ്ററായി. ഡോ. കെ.പി. എൻ. അമൃത , ഡോ.പി.എം. ആരതി , പി.എൻ. ഗോപീകൃഷ്ണൻ , അഡ്വ. വി.എം. ശ്യാംകുമാർ , അഡ്വ. വി.എൻ. ഹരിദാസ് , ടി. സത്യനാരായണൻ , അഡ്വ. വിനീത്കുമാർ എന്നിവരും സംസാരിച്ചു.