കൊച്ചി: റേഷൻ കടകളിൽ പരാതിപ്പെട്ടി എത്തിയതോടെ ജില്ലയിലും പരാതിപ്രളയം. പദ്ധതി ആരംഭിച്ച് എട്ടു ദിനം പിന്നിടുമ്പോൾ 65 പരാതികളാണ് ജില്ലയിൽ ലഭിച്ചത്. 1330 റേഷൻ കടകളിൽ പെട്ടി സ്ഥാപിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിൽ നിന്നാണ് കൂടുതൽ പരാതി ലഭിച്ചിട്ടുള്ളത്. 28 പരാതികൾ ലഭിച്ചു. കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് , കണയന്നൂർ താലൂക്ക്, കുന്നത്തുനാട് എന്നിവിടങ്ങളിൽ പരാതികൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.
ആഴ്ച്ചയുടെ അവസാനം പരാതികൾ എടുത്ത് അതത് ഉദ്യോഗസ്ഥർ നേരിട്ട് പരാതിക്കാരെ വിളിക്കുന്നതാണ് രീതി. തിങ്കളാഴ്ച്ചയോടെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിച്ച പരാതിയുടെ വിവരങ്ങൾ ലഭിക്കും. റേഷൻകടകളിൽ നിന്ന് കിട്ടുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ്, ഡിപ്പോ ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് വകുപ്പിനെ അറിയിക്കാനുള്ള മാർഗമാണിത്.
ഡ്രോപ്പ് ബോക്സ് (പരാതിപ്പെട്ടി )
പദ്ധതിയിൽ എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെയാണു പരാതി സമർപ്പിക്കാനുള്ള സമയം. ജില്ലയിൽ കഴിഞ്ഞ 19 നാണ് പരാതിപ്പെട്ടി സ്ഥാപിച്ചത്. രണ്ട് അടി പൊക്കവും ഒരടി വീതിയും നീളവും ഉള്ള ബോക്സുകളാണ് എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിരിക്കുന്നത്. ബോക്സ് പൂട്ടി താക്കോൽ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പക്ടർക്കാണ്. എല്ലാ ആഴ്ചയും അവസാനത്തെ പ്രവൃത്തി ദിവസം റേഷനിംഗ് ഇൻസ്പെക്ടർമാർ പരാതികളും അപേക്ഷകളും നിർദേശങ്ങളും ശേഖരിച്ച് താലൂക്ക് സപ്ലൈ ഓഫിസിലെത്തിക്കും. ഇവ എ.ആർ.ഡി. തല വിജിലൻസ് കമ്മിറ്റിക്കു കൈമാറും. ഡിസംബർ 16നും 31നും ഇടയിൽ താലൂക്ക് തലത്തിൽ സ്പെഷൽ ഡ്രൈവ് നടത്തി എല്ലാ പരാതികളിലും അന്തിമ തീർപ്പ് കൽപ്പിക്കും.
താലൂക്ക് ഓഫീസ്, പരാതികളുടെ എണ്ണം
എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് :4
കൊച്ചി :1
ആലുവ :14
പറവൂർ :7
കോതമഗലം :11
മൂവാറ്റുപുഴ :28