ശബരിമല : തിരക്ക് വർദ്ധിച്ചതോടെ സന്നിധാനത്ത് തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയേക്കും. ഇതിനായി 500 മുറികളുടെ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. സന്നിധാനത്ത് പണം അടയ്ക്കേണ്ടതും അല്ലാത്തതുമായ മുറികൾ ഉൾപ്പടെ 17,000 പേർക്കാണ് വിരിവയ്ക്കാൻ കഴിയുന്നത്. കൊവിഡ് പശ്ചാത്തലതിൽ ആരോഗ്യ വകുപ്പിന്റെ എതിർപ്പുള്ളതിനാൽ സന്നിധാനത്ത് വിരിവയ്ക്കാൻ അനുമതിയില്ല. അനുമതി തേടി ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. തീർത്ഥാടകരുടെ സൗകര്യാർത്ഥം നെയ്യഭിഷേക കൗണ്ടറുകളിൽ തിരക്ക് ക്രമീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പൊലീസ് സ്പെഷ്യൽ ഓഫീസർ എ.ആർ.പ്രേംകുമാർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ തുടങ്ങിയവർ പങ്കെടുത്തു.