കാട്ടുപന്നികൾ നശിപ്പിച്ച അയിലൂർ പാടശേഖരം രമ്യ ഹരിദാസ് എം.പി സന്ദർശിക്കുന്നു
നെന്മാറ: അമിതമായ മഴയിൽ പച്ചക്കറി കൃഷി പന്തലുകൾ നശിച്ചതിനെ തുടർന്ന് രണ്ടാംവിള നെൽകൃഷിയിറക്കിയ പാടശേഖരങ്ങളിൽ രമ്യ ഹരിദാസ് എം.പി സന്ദർശിച്ചു. അയിലൂർ കരിങ്കുളം പാടശേഖര സമിതിയിലെ ചേറുവിത നടത്തിയ പാടശേഖരങ്ങളാണ് എം.പി സന്ദർശിച്ചത്. കാർഷികമേഖല നേരിടുന്ന കാട്ടുപന്നികളുടെ ആക്രമണത്തെയും വിളനാശത്തെയും കുറിച്ച് കർഷകരായ ഭാസ്‌കരൻ, കണ്ണദാസൻ എന്നിവർ എം.പിയോട് സംസാരിച്ചു. സമീപ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിക്കാനിടയായതും ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ നിരവധി പേരെ കാട്ടുപന്നി ആക്രമിച്ചതും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാത്തതും കർഷകർ എം.പി.യുടെ ശ്രദ്ധയിൽപെടുത്തി. ബന്ധപ്പെട്ട അധികൃതരുമായി സംസാരിക്കാമെന്ന് രമ്യ ഹരിദാസ് എം.പി അറിയിച്ചു.