ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ സംഗീത സംവിധായകനും ഗാനരചയിതാവുമായ സ്റ്റീഫൻ സോൻഡീം (91) അന്തരിച്ചു. റോക്സ്ബെറിയിലെ വസതിയിൽ വെള്ളിയാഴ്ചായിരുന്നു അന്ത്യം. 1930 മാർച്ച് 22ന് ന്യൂയോർക്കിൽ ജനിച്ച സോൻഡീം ചെറു പ്രായത്തിൽ തന്നെ സംഗീതമേഖലയിലേക്ക് ആകൃഷ്ടനായിരുന്നു. 1950ലെ 'ടോപ്പർ' എന്ന ടെലിവിഷൻ പരിപാടിക്ക് വേണ്ടിയാണ് സോൻഡീം ആദ്യമായി ഗാനരചന നടത്തിയത്. നാടക സംഗീത രംഗത്തെ പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയായാണ് സ്റ്റീഫൻ അറിയപ്പെടുന്നത്. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അമേരിക്കൻ സംഗീതരംഗത്ത് ഒരു ഉടച്ചു വാർക്കലിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നു. 'വെസ്റ്റ് സൈഡ് സ്റ്റോറി', 'സ്വീനീ റ്റോഡ്', ദി ഫ്രോഗ്സ്, ഇന്റു ദി വുഡ്സ്, അസാസിൻസ് എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ടിക്ക് ട്രേസി എന്ന ചലച്ചിത്രത്തിലെ സൂണർ ഓർ ലേറ്റർ എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചു. സൺഡേ ഇൻ ദി പാർക്ക് എന്ന കൃതിക്ക് പുലിസ്റ്റർ പുരസ്കാരവും ലഭിച്ചു. ഇത് കൂടാതെ 6 തവണ ടോണി അവാർഡിനർഹനായ അദ്ദേഹത്തിന് 2008 ൽ തീയറ്റർ രംഗത്ത് നല്കിയിട്ടുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ച് ടോണി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നല്കി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |