SignIn
Kerala Kaumudi Online
Saturday, 28 May 2022 1.13 AM IST

ചതിയുടെ ശസ്‌ത്രക്രിയകൾ

transgender

സമൂഹത്തിന്റെ ക്രൂരതകളും ലിംഗമാറ്റത്തിലെ തട്ടിപ്പുകളും ജീവിതത്തിൽ നോവ് പടർത്തുമ്പോഴും തളരാൻ തയ്യാറാകാത്ത വിഭാഗമാണ് നമ്മുടെ ട്രാൻസ് ജെൻഡറുകൾ. സമൂഹത്തിന്റെ ക്രൂരതകളും അവഗണനയുമേറ്ര് ജീവിക്കുന്ന ഇവർ ഇപ്പോൾ നേരിടുന്ന മറ്റൊരു ക്രൂരത കൂടിയുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളാണത്. കണ്ണൂരിൽ തന്നെ നാലുപേരാണ് ഇതിനകം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നത്. രണ്ട് പേർ ഇതിനകം തട്ടിപ്പുകൾക്കിരയായി.

ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിൽ അവതരിക്കുന്ന കള്ളനാണയങ്ങളാണ് ഇവരെ കെണിയിൽ വീഴ്ത്തുന്നത്. തളർത്തിയാലും തളിരിടുന്നതാണ് തങ്ങളുടെ ജീവിതമെന്ന് പറയുന്ന ഇവർ സമൂഹത്തിന്റെ വക്രബുദ്ധിയിൽ പിടിച്ചു നില്‌ക്കാൻ പറ്റാത്ത സന്ദർഭങ്ങളുണ്ടെന്ന് തുറന്നു പറയുന്നു.

ഹോർമോൺ അസന്തുലിതാവസ്ഥ, കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടാവുന്ന മോശം പ്രതികരണങ്ങൾ ഇവയെല്ലാം ട്രാൻസ്‌ജെൻഡറുകളുടെ മാനസിക ആരോഗ്യത്തെ പോലും ബാധിക്കുന്നുണ്ട്.

ജീവിതത്തിന്റെ മുഖ്യധാരയിലെത്താനുള്ള ഇവരുടെ ശ്രമങ്ങളെ ഒരിക്കലും ചെറുതായി കാണാൻ കഴിയില്ല. എന്നാൽ ഇതിനായി അവർ ഏറ്റുവാങ്ങുന്നതും പലപ്പോഴും ദുരിതങ്ങളും കഠിനവേദനകളുമായിരിക്കും. സാധാരണ ആരോഗ്യമുള്ള ഒരു വ്യക്തി നേരിടുന്നതിനേക്കാളേറെ ആരോഗ്യപ്രശ്‌നങ്ങൾ ഇവർ നേരിടുന്നുണ്ട്. ആധുനിക ചികിത്സാ സംവിധാനങ്ങളും സൗകര്യങ്ങളും വർദ്ധിച്ച സാഹചര്യത്തിലും ഇവരുടെ സാഹചര്യങ്ങൾ സന്തോഷകരമല്ല.

സംസ്ഥാനത്ത് നാല് ആശുപത്രികളിൽ മാത്രമാണ് ലിംഗമാറ്റത്തിനും മറ്റുമുള്ള സൗകര്യമുള്ളത്. സ്ത്രീയിൽ നിന്നു പുരുഷനിലേക്ക് മാറാനുള്ള ശസ്ത്രക്രിയയ്ക്ക് ചെലവേറെയാണ്. പത്തുലക്ഷം മുതൽ 15 ലക്ഷം വരെയാണ് ഇതിനു ചെലവ്. പുരുഷന് സ്ത്രീയാകാനുള്ള ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ചെലവ് രണ്ട് മുതൽ നാല് ലക്ഷം വരെയും. രണ്ട് ലക്ഷം രൂപ വരെ ഇതിനായി സർക്കാർ സഹായം നൽകുന്നുണ്ട്. ബാക്കിയുള്ള തുക ഇവർ തന്നെ സമാഹരിക്കണം. ഇതിന്റെ പേരിൽ സ്വകാര്യ ആശുപത്രികളിൽ പല വിധത്തിലുള്ള തട്ടിപ്പാണ് അരങ്ങേറുന്നത്.

നാല് ലക്ഷം നൽകിയാൽ ലിംഗമാറ്റം ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് ഒരു ഏജന്റ് കണ്ണൂരിലെ ട്രാൻസ്‌ജെൻഡറെ കെണിയിൽ വീഴ്ത്താൻ ശ്രമിച്ചത് വിവാദമായിരുന്നു.

കണ്ണൂർ സ്വദേശിയായ മറ്റൊരു ട്രാൻസ്‌ജെൻഡറിനുണ്ടായ ദുരനുഭവം വ്യത്യസ്തമാണ്. പെൺകുട്ടിയ്ക്ക് മോഹം ആണായി ജീവിക്കാനായിരുന്നു. പക്ഷെ അവളുടെ മോഹത്തിനു അധികനാൾ ആയുസുണ്ടായിരുന്നില്ല. എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചത് 20 ലക്ഷം കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. പലരിൽ നിന്നായി കടം വാങ്ങിയ തുകകൊണ്ട് ശസ്ത്രക്രിയ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിലെ ചൂഷണം പെൺകുട്ടിയുടെ മോഹത്തിനു മേൽ കരിനിഴൽ വീഴ്ത്തി. സാമ്പത്തിക നഷ്ടത്തിനു പുറമെ ആരോഗ്യ പ്രശ്നങ്ങളുമായി കഴിയുകയാണ് ഈ പെൺകുട്ടി.

ട്രാൻസ്ജെൻ‌ഡർ

നയം നടപ്പാക്കിയെങ്കിലും

ഇന്ത്യയിലാദ്യമായി ട്രാൻസ്‌ജെൻഡർ നയം നടപ്പാക്കിയ സംസ്ഥാനമായിട്ടു കൂടി ഇവിടെ ഈ സമൂഹത്തിന് നേരെ ക്രൂരതകൾ ആവർത്തിക്കുകയാണ്. ദുരനുഭവങ്ങളിലും ചൂഷണങ്ങളിലും അവഗണനയിലും തളർന്ന് ജീവിതം അവസാനിപ്പിച്ചവരുമുണ്ട്. ആക്ഷേപങ്ങളും വെല്ലുവിളികളും അതിജീവിച്ച് മുന്നേറുന്നവർക്കും നിരന്തരം നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ കുറവല്ല. എന്നാലും ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പ്രതീക്ഷ പകർന്ന് അരക്ഷിതാവസ്ഥകളെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് വിജയിച്ച ചിലരുണ്ട് ,​ പഠിച്ചാലും അറിഞ്ഞാലും തീരാത്ത പാഠപുസ്തകം പോലെ അവർ സമൂഹത്തിന് മുന്നിൽ തിളങ്ങുന്ന ഉദാഹരണങ്ങളായി നിലകൊള്ളുന്നു.

ഭിന്നലിംഗക്കാർ പലപ്പോഴും നമ്മുടെ സമൂഹത്തിന്റെ പിൻനിരയിൽ നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. പണ്ട് മുതൽ തന്നെ അവരെ പരിഹാസത്തോടെയും അവഗണനയോടെയും കണ്ടിരുന്നു മുഖ്യധാരാ സമൂഹം. ഇപ്പോഴാണ് സമൂഹത്തിന്റെ ചിന്താഗതി അല്‌പമെങ്കിലും മാറിയത്.

എല്ലാ രംഗങ്ങളിലും മുൻനിരയിൽ തന്നെ നില്‌ക്കേണ്ടവരാണ് ട്രാൻസ്ജെൻഡറുകൾ എന്ന യാഥാർത്ഥ്യം നമ്മളെല്ലാവരും അംഗീകരിക്കാൻ തയ്യാറാകേണ്ടിയിരിക്കുന്നു.

ആരോഗ്യപ്രശ്‌നങ്ങൾ എല്ലാവരേയും പോലെ ഇവരേയും ബാധിക്കുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്നത് കൊണ്ട് തന്നെ പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതിനുള്ള സാദ്ധ്യതയും ഏറെയാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഇത് എല്ലാവരിലും സംഭവിക്കണമെന്നില്ല. ഹോർമോൺ വ്യതിയാനം പല തരത്തിലാണ് ഇവരെ ബാധിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവരെ പലപ്പോഴും ഹോർമോൺ പ്രശ്‌നങ്ങൾ വളരെ കൂടിയ തോതിൽ തന്നെ ബാധിക്കുന്നുണ്ട്. ഇത് പലപ്പോഴും മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കൂടി ഇവരെ നയിക്കുന്നു.

പലപ്പോഴും ഹോർമോൺ ട്രീറ്റ്‌മെന്റിന്റെ ഭാഗമായി പല വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയും മറ്റും ഇവരിൽ ചെറിയ തോതിൽ കാൻസർ സാദ്ധ്യത ഉണ്ടാക്കുന്നതായി പറയപ്പെടുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ചും ഇന്നും പഠനങ്ങളും മറ്റും നടന്ന് കൊണ്ടിരിക്കുകയാണ്. പ്രോസ്‌റ്റേറ്റ് കാൻസർ, ബ്രെസ്റ്റ് ക്യാൻസർ എന്നിവ വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഇതിനിടയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയുടെ മറവിൽ വൻതട്ടിപ്പുകളും നടക്കുന്നത്.

ഏറെ ബുദ്ധിമുട്ടിയാണ് ഓരോ ട്രാൻസ്‌ജെൻഡറും ജീവിതം കെട്ടിപ്പൊക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാനും അവർക്ക് മികച്ചതും ശാന്തവുമായ മാനസിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും സമൂഹത്തിന്റെ പിന്തുണ വേണം.

വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള മാറ്റത്തിനിടെ കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഇവരെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ അനുവദിക്കുന്നതിന് പകരം അവഗണനയുടെ ഇരുട്ടറയിലേക്ക് തള്ളുന്ന രീതിയാണ് നിലവിലുള്ളത്. ഈ രീതി മാറണം.

പലയിടത്തു നിന്നും പണം കടം വാങ്ങിയും മറ്റുമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു പിടിക്കാൻ ഇവർ ശ്രമിക്കുന്നത്. അവരെ വീഴ്ത്താൻ ചതിക്കുഴികളുമായി നിൽക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാവേണ്ടത് ആരോഗ്യകരമായ സാമൂഹ്യാന്തരീക്ഷം കെട്ടിപ്പടുക്കാൻ അനിവാര്യമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNUR, KANNUR DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.