ദാരിദ്ര്യം മുതലെടുത്ത് അവയവദാന മാഫിയുടെ സമീപനം
കടം തീർത്തു കൊടുക്കാമെന്നും അധികം തുക നൽകാമെന്നും വാഗ്ദാനം
ദാതാക്കളാകാൻ സമ്മതിച്ചാൽ മൃതസഞ്ജീവനി വഴി രജിസ്റ്റർ ചെയ്യിപ്പിക്കും
വിഴിഞ്ഞം: വിഴിഞ്ഞം തീരദേശ മേഖലയിലെ നിർദ്ധന കുടുംബങ്ങളെ ലക്ഷ്യമിട്ട് അവയവ മാഫിയ സജീവമാകുന്നതായുള്ള റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടിരിക്കുന്നത്.
എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള ഏജന്റുമാർ മുഖേനയാണ് വിഴിഞ്ഞത്ത് അവയവദാന തട്ടിപ്പ് നടക്കുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
വൃക്ക നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം വീട്ടമ്മയെയും ഭിന്നശേഷിക്കാരായ മക്കളെയും ഭർത്താവ് ചിരവ ഉപയോഗിച്ച് ആക്രമിച്ച സംഭവം വിഴിഞ്ഞത്തുണ്ടായി. ഭർത്താവിനെ അറസ്റ്റ് ചെയ്ത പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചത്.
വിഴിഞ്ഞത്തു നിന്നും ഇതുവരെ അഞ്ചുപേർ വൃക്കദാനം നടത്തിയതായാണ് അറിയുന്നത്. ഇതിൽ രണ്ടുപേർ തെന്നൂർക്കോണം മരിയനഗർ സ്വദേശികളാണ്. മറ്റ് അഞ്ചുപേർ കൂടി വൃക്ക നൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതിൽ മരിയനഗർ സ്വദേശിയായ വീട്ടമ്മ വൃക്ക തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
പരാതിക്കാരിയെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും വൃക്ക എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു തിരികെ അയച്ചു. എന്നാൽ ഇവരെ പിന്നീട് തൃശൂരുള്ള ആശുപത്രിയിൽ എത്തിച്ചു ശസ്ത്രക്രിയ നടത്തുകയായിരുന്നു. വാർത്തകൾ അന്നേ പുറത്തുവന്നുവെങ്കിലും പരാതിയില്ലാത്തതിനാൽ അന്വേഷണം ഉണ്ടായിരുന്നില്ല. എന്നാൽ വൃക്ക നൽകിയതിന് പണം ലഭിച്ചെങ്കിലും തുടർചികിത്സയ്ക്ക് പണം നൽകാതെ ഏജന്റ് പറ്റിച്ചെന്നും ഇതേ തുടർന്ന് തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും പിന്നീട് ഇവർ പരാതി നൽകുകയായിരുന്നു. വൃക്ക വില്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യ വകുപ്പാണ് അന്വേഷിക്കേണ്ടതെന്നായിരുന്നു പൊലീസിന്റെ നിലപാട്.
കീശ വീർപ്പിച്ച് ഇടനിലക്കാർ
2018 മുതൽ വിഴിഞ്ഞം കേന്ദ്രീകരിച്ച് വൃക്കമാഫിയ സജീവമാണെന്നാണ് വിവരം. ആദ്യഘട്ടത്തിൽ വൃക്കദാനം ചെയ്ത രണ്ടുപേർക്ക് 7 ലക്ഷം രൂപ വീതമാണ് ലഭിച്ചത്. വൃക്ക സ്വീകരിക്കുന്നവരിൽ നിന്ന് 12 മുതൽ 20 ലക്ഷം രൂപ വരെ വാങ്ങിയെടുക്കുന്ന ഏജന്റുമാർ ഇതിന്റെ പകുതിയും കൈക്കലാക്കുകയാണ് ചെയ്യുന്നത്. നെഗറ്റീവ് ഗ്രൂപ്പിലുള്ള വൃക്കയാണെങ്കിൽ ഏജന്റ് 50 ലക്ഷം രൂപ വരെ വാങ്ങാറുണ്ടെന്നും പറയുന്നു. ആദ്യം വൃക്കദാനം നടത്തിയവരെ കേന്ദ്രീകരിച്ചാണ് ഇടപാടുകാർ താത്പര്യമുള്ള മറ്റുള്ളവരെ കണ്ടെത്തുന്നത്.