തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും വനിതാ കൗൺസിലറും ഉൾപ്പെടെ 12 പേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. 57കാരി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസ്.
കോട്ടാലി ബ്രാഞ്ച് സെക്രട്ടറി ചുമത്ര ചിറപ്പുറത്ത് സി.സി. സജിമോൻ (49), തിരുവല്ല നഗരസഭ വനിതാ കൗൺസിലർ ഷാനിതാജ്, മുൻ കൗൺസിലർ അനു വി. ജോൺ, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് മുത്തൂർ നാങ്കരമലയിൽ നാസർ (45 ), സംസ്ഥാന കമ്മിറ്റിയംഗം ആർ. മനു, സി.പി.എം, ഡി.വൈ.എഫ്.എെ പ്രവർത്തകരായ പൊന്നുമണി ലാലു, ലാലു, രഞ്ജിനി, ശൈലേഷ്‌കുമാർ, മനോജ്, സജി, വിദ്യഷെഫീക്ക് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മാനഭംഗം, ഭീഷണിപ്പെടുത്തി പണംതട്ടൽ, നഗ്നദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് സജിമോനും നാസറിനുമെതിരെ ചുമത്തിയത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റുള്ളവർക്കെതിരെ കേസ്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മേയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് പരാതി നൽകിയത്. പത്തനംതിട്ടയിലേക്ക് പോകാൻ സഹായിക്കാമെന്ന് പറഞ്ഞു കാറിൽ കയറ്റിയശേഷം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കി വീട്ടമ്മയെ പീഡിപ്പിച്ചു എന്നാണ് പരാതി. നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും അവ പുറത്തുവിടാതിരിക്കാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
വർഷങ്ങൾക്ക് മുമ്പ് അയൽവാസിയായ ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഇതിന്റെ ഡി.എൻ.എ പരിശോധനാ ഫലം അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ. ഇതേതുടർന്ന് പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സജിമോനെ തരംതാഴ്ത്തിയിരുന്നു. ഇൗ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇത്തവണ വീണ്ടും ബ്രാഞ്ച് സമ്മേളനത്തിൽ ഇയാളെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതേസമയം പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമായാണ് സമ്മേളനകാലയളവിൽ പരാതി ഉയർന്നതെന്നും ആക്ഷേപമുണ്ട്.