കുന്ദമംഗലം: പാറക്കെട്ടുകൾ നിറഞ്ഞ ഒരു മൊട്ടക്കുന്നിൽ സ്വന്തമായൊരു കാട് , അതും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളുടെ തനി പകർപ്പ് പോലെ.. കഥാകാരനായ മടവൂർ പഞ്ചായത്തിലെ ആരാമ്പ്രത്ത് വി.മുഹമ്മദ് കോയയാണ് പരിസ്ഥിതി ചൂഷണത്തിന്റെ പുതിയ കാലത്തിൽ പ്രതിരോധത്തിന്റെ കാനന കാഴ്ചകൾ ഒരുക്കുന്നത്.
1999ൽ ആരാമ്പ്രത്തിനടുത്ത് ഉണ്ണ്യേരിക്കുന്നിലെ 30 സെന്റ് തരിശ് ഭൂമിയിലാണ് മുഹമ്മദ്കോയയുടെ ആദ്യ വനവത്ക്കരണം. പിന്നീടത് വി.എം.കെ ബൊട്ടാണിക്കൽ ഗാർഡനായി മൂന്ന് ഏക്കറിലേക്ക് പടർന്നു.
കോയയുടേത് കാട്ടുമരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പൊന്തക്കാടല്ല. ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തിയ മരങ്ങൾ നിരന്നു നിൽക്കുന്ന സാഹിത്യവനമാണ് . വൃക്ഷകാണ്ഡങ്ങളിൽ പേരിനും ശാസ്ത്രീയനാമങ്ങൾക്കുമൊപ്പം പുരാണങ്ങളിലും സാഹിത്യങ്ങളിലുമുളള പരാമർശങ്ങൾ ചെറുവിവരണങ്ങളായും കാണാം. നീർമാതളം, ചെസ്റ്റ്നട്ട്, മാങ്കോസ്റ്റ്, ഊദ്, കായം, കർപ്പൂരം, ഈട്ടി, രുദ്രാക്ഷം, ചമത,കുന്തിരിക്കം, ഋതുവേപ്പ്, ശിംശിപാ, രക്തചന്ദനം, കുമിഴ്, ചുകന്നഅകിൽ, കൃഷ്ണനാൽ, പുത്രൻജീവ, പാച്ചോറ്റി, പവിഴമല്ലി തുടങ്ങി 250 ൽപരം വൃക്ഷങ്ങൾ, ചൂരലടക്കം മുപ്പതോളം വ്യത്യസ്ത മുളം കൂട്ടങ്ങൾ എന്നിവയെല്ലാം കാടിന്റെ പ്രത്യേകതയാണ്. അപൂർവമായി കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങൾ, വിവിധതരം ചിത്രശലഭങ്ങൾ, പക്ഷികൾ, കാട്ടുമുയലുകൾ, മരപ്പട്ടികൾ, ഉരഗങ്ങൾ അങ്ങനെ കാഴ്ചകളാൽ സമ്പന്നമാണ് 66 കാരന്റെ ഈ നിബിഡ വനം.
ഷേക്സിപിയർ ഗേറ്റ്, മഹാഭാരത ഗേറ്റ്,പഥേർപാഞ്ചാലി ഗേറ്റ്, രാമായണ ഗേറ്റ് എന്നിങ്ങനെ വനത്തിലേക്കുള്ള പ്രവേശന കവാടത്തിലുമുണ്ട് സാഹിത്യ മയം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും പലഘട്ടങ്ങളിലായി ശേഖരിച്ച തൈകളാണ് 21 വർഷത്തിനുള്ളിൽ ഇങ്ങനെയൊരു കാടായി മാറിയത്.
കോഴിക്കോട് വയനാട് റോഡിൽ പടനിലത്ത് നിന്ന് നരിക്കുനി റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഈ കാട് കയറാം. കാടിനുള്ളിൽ പണിത വേനൽകാല വസതിയിലിരുന്നാണ് മുഹമ്മദ്കോയയുടെ വായനയും എഴുത്തും. ആനുകാലികങ്ങളിൽ കഥകളെഴുതുന്ന ഇദ്ദേഹത്തിന്റെ നാടകവും കഥാസമാഹാരവും നോവലുമുൾപ്പെടെ പത്ത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പരിസ്ഥിതി രംഗത്തെ സംഭാവനകളെ മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ 2013ലെ വനമിത്ര അവാർഡ്, സംസ്ഥാന വനംവകുപ്പിന്റെ 2015ലെ പരിസ്ഥിതി സൗഹാർദ്ദ അവാർഡ്, 2014ൽ ഒയിസ്ക ഇന്റർനാഷനൽ ദക്ഷിണേന്ത്യാ ചാപ്റ്ററിന്റെ വനബന്ധു പുരസ്കാരം, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ 2019-20 വർഷത്തെ ഹരിതവ്യക്തിപുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികളും ഹരിത കഥാകാരനെ തേടിയെത്തിയിട്ടുണ്ട്.