ബാലുശ്ശേരി: പാട്ടും നൃത്തവുമായി മികവിന്റെ ലോക ഭൂപടത്തിൽ ഇടംനേടിയ മേധ ഇഷാനിയെ തേടി വീണ്ടുമെത്തി അംഗീകാരം. പഠന മികവിനുളള കലാം വേൾഡ് റെക്കോർഡാണ് ഇത്തവണ പേരിനൊപ്പം എഴുതി ചേർത്തത്. മൂന്ന് വയസുമുതൽ മൃഗങ്ങൾ, പക്ഷികൾ, പഴം, പച്ചക്കറികൾ, നിറങ്ങൾ, പൂക്കൾ തുടങ്ങി ആഴ്ചകളും മാസങ്ങളും നൂറുവരെ അക്കങ്ങളും ഇഗ്ലീഷിലും മലയാളത്തിലും പറഞ്ഞു കൊടുത്താണ് എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിംഗ് പവറുള്ള ജീനിയസ് കിഡ് എന്ന ബഹുമതിക്ക് അർഹയായത്. നേരത്തെ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ് സ്വന്തമാക്കിയ നാലുവയസുകാരി ടാലന്റ് ഫൗണ്ടേഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിലും സർട്ടിഫിക്കറ്റ് നേടിയിരുന്നു. നാടക പ്രവർത്തകനും ജനതാദൾ നേതാവുമായ വത്സൻ എടക്കോടന്റെയും അദ്ധ്യാപികയായ നിത ഭരതന്റെയും മകളാണ് മേധ ഇഷാനി.