കോഴിക്കോട് : ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് ടൂറിസം മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. ബേപ്പൂർ തുറമുഖവും ഉരു നിർമ്മാണ സാദ്ധ്യതകളും ലോക ശ്രദ്ധയാകർഷിക്കുന്നതാണെന്നും ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ട് സംവിധാനത്തിൽ ഉൾപ്പെടുത്തി വൈക്കം മുഹമ്മദ് ബഷീർ സ്മാരകം നിർമ്മിക്കും.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ 'പെപ്പർ', 'മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങൾ' എന്നീ പദ്ധതികളുടെ സംയോജിത മാതൃകയിലൂടെ ഘട്ടംഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകാ ടൂറിസം കേന്ദ്രമാക്കുകയാണ് ലക്ഷ്യം.
ബേപ്പൂർ ബീച്ചും തുറമുഖവും പരിസര പ്രദേശങ്ങളും പക്ഷി സങ്കേതവും അഴിമുഖവും ഉൾപ്പെടുന്ന കടലുണ്ടിയും ചാലിയാർ പുഴയുടെ തീരപ്രദേശവും ബേപ്പൂരിലെ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് 'ബേപ്പൂർ സമഗ്ര ടൂറിസം വികസന പദ്ധതി'യിലുള്ളത്. ഉപേക്ഷിച്ച പാലങ്ങളും പഴയ കെ.എസ് .ആർ.ടി.സി ബസുകളുമെല്ലാം പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ ഭക്ഷണശാലകളാക്കി മാറ്റാനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അനുഷ അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, വാർഡ് കൗൺസിലർ പി.ഷീബ, ബേപ്പൂർ വികസന സമിതി ചെയർമാൻ എം.ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയോടനുബന്ധിച്ച് നടന്ന ഏകദിന ശിൽപ്പശാലയിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ, ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ.അനിത കുമാരി, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഒ.പി. ശ്രീകലാ ലക്ഷ്മി എന്നിവർ ക്ലാസെടുത്തു.ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും നടന്നു.