തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർത്ഥികളുടെ 30,000 ആശയങ്ങൾ തേടി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ, കോളേജ്, ഗവേഷണ തലങ്ങളിലെ 13നും 35നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമുള്ള സാങ്കേതിക-സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും കെ-ഡിസ്‌ക് ആവിഷ്‌കരിച്ച പരിപാടിയാണിത്. 20 മേഖലകളിൽ അധിഷ്ഠിതമായി വിദ്യാർത്ഥികൾ ആശയ രൂപീകരണം നടത്തും. പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഫോർ വിമൻ കോളജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 3.30നു നടക്കുന്ന പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാവും.