തൃശൂർ: പരിശീലനം ലഭിച്ച എൻ.സി.സി കേഡറ്റുകാർ പരേഡും ഡ്രില്ലും ചെയ്ത് ഒതുങ്ങരുതെന്നും അവർ സാമൂഹ്യസേവന രംഗത്ത് നാടിന്റെ മികച്ച മാതൃകകളായി മാറണമെന്നും മന്ത്രി ഡോ. ആർ. ബിന്ദു. 73ാമത് എൻ.സി.സി ദിനാഘോഷത്തോടനുബന്ധിച്ച് റാലി ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ എറണാകുളം ഗ്രൂപ്പിന് കീഴിലുള്ള തൃശൂർ സെവൻസ് കേരള ഗേൾസ് ബറ്റാലിയനാണ് 'റൺ ഫോർ ഹെൽത്ത്' റാലി സംഘടിപ്പിച്ചത്. തൃശൂർ കേരളവർമ കോളേജിൽ നിന്ന് ആരംഭിച്ച റാലി തേക്കിൻകാട് മൈതാനത്തിലാണ് എത്തിച്ചേർന്നത്. നൂറോളം എൻ.സി.സി കേഡറ്റുകളാണ് 'ആരോഗ്യത്തിനായുള്ള കുതിപ്പ് 'എന്ന ആശയവുമായിറാലിയിൽ പങ്കെടുത്തത്. രാമവർമപുരം ഐ.എം.എയിൽ രക്തദാന ചടങ്ങിലും കേഡറ്റുകൾ പങ്കാളികളായി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പി.കെ സുനിൽ കുമാർ, എറണാകുളം ഗ്രൂപ്പ് കമാൻഡർ കമഡോർ ഹരികൃഷ്ണൻ, സെവൻ കേരള ഗേൾസ് ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ ജോസഫ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.