വർഷം 2012. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി, അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനിക്കെതിരെ കേസുകൊടുത്ത് അനുകൂല വിധി സമ്പാദിച്ചിട്ട് അധിക ദിവസം ആയിരുന്നില്ല. വീക്ഷണത്തിന്റെ ഒന്നാംപേജിൽ വന്ന ഒന്നാമത്തെ തലവാചകം ഇങ്ങനെയായിരുന്നു : 'മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല : ഉമ്മൻചണ്ടി." മറ്റേതെങ്കിലും പത്രമായിരുന്നെങ്കിൽ ഖേദം പ്രകടിപ്പിക്കുമായിരുന്നു. വീക്ഷണമായതുകൊണ്ട് അതു വേണ്ടിവന്നില്ല. അക്കാലത്ത് ഇന്ത്യാവിഷൻ ചാനലിൽ വാരാന്ത്യം പരിപാടി അവതരിപ്പിച്ചിരുന്ന ഞാൻ അതൊരു കൗതുക വാർത്തയാക്കി പ്രേക്ഷകരെ ചിരിപ്പിച്ചു. ഇപ്പോഴിതാ ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി പ്രമാണിച്ച് കമനീയമായ ഒരു സ്മരണിക പുറത്തിറക്കിക്കൊണ്ട് വീക്ഷണം അന്നത്തെ വീഴ്ചയ്ക്ക് പ്രായശ്ചിത്തം ചെയ്തിരിക്കുന്നു. സ്വപക്ഷത്തും എതിർപക്ഷത്തുമുള്ള (എതിർ ഗ്രൂപ്പുകാരടക്കം) രാഷ്ട്രീയ നേതാക്കളും പ്രമുഖ മാദ്ധ്യമപ്രവർത്തകരും കലാ, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും മതമേലദ്ധ്യക്ഷന്മാരും കുടുംബാംഗങ്ങളുമൊക്കെ പ്രിയ നേതാവുമായി ബന്ധപ്പെട്ട് അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നു. ഉമ്മൻചാണ്ടിയെന്ന നിയമസഭാ സാമാജികന്റെ, ഭരണാധികാരിയുടെ, രാഷ്ട്രീയ നേതാവിന്റെ അതിലുപരി മനുഷ്യസ്നേഹിയുടെ സവിശേഷതകൾ ഒരു കലിഡോസ്കോപ്പിൽ എന്നപോലെ അതിൽ തെളിഞ്ഞു വരുന്നു.
അഖിലകേരള ബാലജനസഖ്യത്തിലൂടെ പൊതുരംഗത്തു വന്നയാളാണ് ഉമ്മൻചാണ്ടി. തുടർന്ന് കെ.എസ്.യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി, പ്രസിഡന്റായി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി. 1970 ൽ നന്നേ ചെറുപ്രായത്തിൽ നിയമസഭാംഗമായി. നാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം അദ്ദേഹമായിരുന്നു. 1977 ൽ വീണ്ടും എം.എൽ.എയായി. കേരള ചരിത്രത്തിൽ അതുവരെയുണ്ടായതിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായി. 1980 ൽ കോൺഗ്രസ് (എസ്) നിയമസഭാകക്ഷി നേതാവായി. പിന്നീടു പലതവണ നിയമസഭാംഗവും മന്ത്രിയുമായി. 1995 ൽ കെ. കരുണാകരൻ കേന്ദ്രമന്ത്രിയായി ഡൽഹിക്കു പോയപ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്തുവരെ എത്തി. പക്ഷേ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന എ.കെ. ആന്റണി തീർത്തും അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കി. ഉമ്മൻചാണ്ടി ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തു. മുഖ്യമന്ത്രിയെക്കാൾ ശക്തനായി നിലകൊണ്ടു. 2004 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി സ്ഥാനമൊഴിഞ്ഞപ്പോൾ ഉമ്മൻചാണ്ടി പകരക്കാരനായി. 2004 ആഗസ്റ്റ് 31 ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കെ. കരുണാകരനു ശേഷം കോൺഗ്രസിലുണ്ടായ ഏറ്റവും ശക്തനായ നേതാവാണ് ഉമ്മൻചാണ്ടി. കരുണാകരന്റെ യഥാർത്ഥ പ്രതിയോഗി എ.കെ. ആന്റണിയായിരുന്നില്ല, ഉമ്മൻചാണ്ടിയായിരുന്നു. ആന്റണി ശ്രീകൃഷ്ണനെപ്പോലെ തേര് തെളിച്ചു. ഉമ്മൻചാണ്ടി അർജ്ജുനനായി അസ്ത്രങ്ങൾ എയ്തു. കരുണാകരന്റെ സകല തന്ത്രങ്ങൾക്കും മറുതന്ത്രങ്ങൾ ഒരുക്കി. ഉമ്മൻചാണ്ടി സംസ്ഥാനത്തെമ്പാടും യാത്രചെയ്ത് പ്രവർത്തകരെ ഉന്മേഷ ഭരിതരാക്കി. അദ്ദേഹത്തിന്റെ ഉൗർജ്ജവും ആവേശവും പാർട്ടി സംഘടനയ്ക്കും ഗ്രൂപ്പിനും മുതൽക്കൂട്ടായി. കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, തമ്പാനൂർ രവി, ശിവദാസൻ നായർ, ബെന്നി ബെഹനാൻ, പി.ടി. തോമസ് മുതലായവരുടെ സുശക്തമായ ഒരു വ്യൂഹത്തെ ഉമ്മൻചാണ്ടി തനിക്കൊപ്പം എല്ലായിപ്പോഴും ഒരുക്കി നിറുത്തി. അവരുടെ സംഘശക്തിക്കു മുന്നിൽ വില്ലാളി വീരനായ ലീഡർ പോലും ഒരുവേള അടിപതറി. അങ്ങനെയാണ് കോൺഗ്രസിൽ നേതൃമാറ്റമുണ്ടായതും ആന്റണി മുഖ്യമന്ത്രി പദത്തിൽ എത്തിച്ചേർന്നതും. എന്നാൽ 2001 നു ശേഷം എ.കെ. ആന്റണി ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാൻ തുടങ്ങി. ഉമ്മൻചാണ്ടിയുടെ സജീവ പിന്തുണ കിട്ടാതായതോടെ ആന്റണിക്കും അടിപതറി. അങ്ങനെയാണ് 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും ദയനീയ പരാജയം നേരിട്ടതും ആന്റണിക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് വഴി മാറേണ്ടി വന്നതും.
വലിയ വെല്ലുവിളികളാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മൻചാണ്ടിയെ കാത്തിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് മോചിതനാകും മുമ്പ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ലൈംഗിക അപവാദം പൊങ്ങിവന്നു. ഇന്ത്യാവിഷൻ ചാനലിലൂടെ റെജീന നടത്തിയ വെളിപ്പെടുത്തൽ മന്ത്രിസഭയെ പിടിച്ചുലച്ചു. രണ്ടു മാസത്തോളം എങ്ങുംതൊടാതെ നിന്ന കുഞ്ഞാലിക്കുട്ടി ഒടുവിൽ രാജിവച്ചെങ്കിലും അത് മന്ത്രിസഭയ്ക്കുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം അതിഭയങ്കരമായിരുന്നു. അതിനു തൊട്ടുപിന്നാലെ സുനാമി ആഞ്ഞടിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു. പിന്നെയും വിവാദങ്ങൾ മന്ത്രിസഭയെ വേട്ടയാടി. കെ.പി. വിശ്വനാഥനും കെ.കെ. രാമചന്ദ്രനും രാജിവയ്ക്കേണ്ടി വന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ഐക്യമുന്നണിക്ക് വമ്പൻ പരാജയം നേരിട്ടു. കരുണാകരനും മകനും പാർട്ടി വിട്ടു. ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് രൂപീകരിച്ചു. ഒട്ടേറെ പ്രവർത്തകരും നേതാക്കളും അവർക്കൊപ്പം പോയി. അതു കോൺഗ്രസിന്റെ സംഘടനാശക്തിയെ വല്ലാതെ തളർത്തി. ഡി.ഐ.സി (കെ) അവസാന നിമിഷം യു.ഡി.എഫിലേക്ക് തിരിച്ചു വന്നെങ്കിലും അതു ഗുണത്തെക്കാളും ദോഷമാണ് ചെയ്തത്. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാരിനുണ്ടായ വലിയ പാളിച്ച പിന്നാക്ക സമുദായക്കാർക്കിടയിൽ വലിയ വിപ്രതിപത്തി സൃഷ്ടിച്ചു. അങ്ങനെ 2006 ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനിവാര്യമായ പരാജയം ഏറ്റുവാങ്ങി. ഉമ്മൻചാണ്ടി സംസ്ഥാനത്ത് പ്രതിപക്ഷ നേതാവായി.
2011 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും മുന്നണിയുടെ ഭൂരിപക്ഷം നന്നേ കുറവായിരുന്നു. രണ്ടേ രണ്ട് എം.എൽ.എ മാരുടെയും നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ളോ ഇന്ത്യൻ മെമ്പറുടെയും മാത്രം ഭൂരിപക്ഷത്തിലാണ് സർക്കാർ മുന്നോട്ടു പോയത്. അതുകൊണ്ടുതന്നെ ഘടകകക്ഷികളെ അതിരുവിട്ട് പ്രീണിപ്പിക്കണ്ടതായി വന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നെങ്കിലും യഥാർത്ഥ അധികാര കേന്ദ്രം പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. മുസ്ളിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചത് സംസ്ഥാനത്ത് കടുത്ത സാമുദായിക ധ്രുവീകരണത്തിനിടയാക്കി. ഭൂരിപക്ഷ സമുദായങ്ങൾക്ക് രക്ഷയില്ലെന്ന വികാരം വ്യാപിച്ചു. ന്യൂനപക്ഷ കേന്ദ്രീകൃതമായ യു.ഡി.എഫ് സംവിധാനത്തിനെതിരെ സമുദായ നേതാക്കൾ വാളെടുത്തു. അതോടൊപ്പം കോൺഗ്രസിലെ ഗ്രൂപ്പ് വടംവലി മൂർച്ഛിച്ചു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാം എന്നാൽ ആഭ്യന്തരവകുപ്പ് കൊടുക്കാൻ കഴിയില്ലെന്ന ശാഠ്യത്തിൽ ഉമ്മൻചാണ്ടി ഉറച്ചുനിന്നു. പൊലീസ് വകുപ്പില്ലാതെ താൻ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് ചെന്നിത്തലയും കൈക്കൊണ്ടു. രമേശിന് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമല്ല കെ.എം.മാണിയും ഉടക്കി. ഒടുവിൽ ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തു തുടരാൻ തന്നെ തീരുമാനിച്ചു. അതിനു തൊട്ടു പിന്നാലെ സോളാർ അപവാദം പൊങ്ങിവന്നു. അത് ഉമ്മൻചാണ്ടിയുടെ വ്യക്തിപരമായ പ്രതിച്ഛായയെപ്പോലും ബാധിച്ചു. ജസ്റ്റിസ് ജി. ശിവരാജനെ അന്വേഷണ കമ്മിഷനായി നിയമിച്ചെങ്കിലും കമ്മിഷന്റെ തെളിവെടുപ്പും മറ്റു നടപടികളും സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. നഷ്ടപ്പെട്ട പ്രതിച്ഛായ ഒരിക്കലും വീണ്ടെടുക്കാൻ കഴിഞ്ഞില്ല. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒരുവിധം പിടിച്ചു നിന്നെങ്കിലും പ്രശ്നം അവിടംകൊണ്ടും അവസാനിച്ചില്ല. അതേ സമയത്തു തന്നെ ബാർ കോഴ വിവാദം ഉയർന്നുവന്നു. പ്രബലനായ കെ.എം.മാണിക്ക് ഒടുവിൽ അപമാനിതനായി രാജിവയ്ക്കേണ്ടി വന്നു. പഞ്ചായത്ത് - മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് പിന്നിലായി. അതിനുശേഷമുണ്ടായ കടുംവെട്ട് തീരുമാനങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ പാടെ തകർത്തു. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സർക്കാരിനു തലവേദനയായി. 2016 ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും കോൺഗ്രസും ചരിത്ര പരാജയം ഏറ്റുവാങ്ങി. ഉമ്മൻചാണ്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
2016 നുശേഷം ഉമ്മൻചാണ്ടി നിയമസഭയിലോ സംഘടനാ രംഗത്തോ അധികമൊന്നും സജീവമായിരുന്നില്ല. അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തക സമിതിയംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി നിയമിച്ചു. പാർട്ടി സംഘടന തീരെ നിർജ്ജീവമായ ആന്ധ്രാപ്രദേശിന്റെ ചുമതലയും നൽകി. ആന്ധ്രയിൽ എന്തെങ്കിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഘടകകക്ഷികളുടെ കൂടി താത്പര്യപ്രകാരം ഉമ്മൻചാണ്ടി വീണ്ടും യു.ഡി.എഫ് നേതൃത്വം ഏറ്റെടുത്തു. പത്തംഗ സമിതിയുടെ തലവനായി തിരിച്ചെത്തി. പ്രചാരണ രംഗത്തും സജീവമായി ഇടപെട്ടു. അതും ഫലവത്തായില്ലെന്ന് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തന്നെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. പ്രായത്തിന്റെയും അനാരോഗ്യത്തിന്റെയും വെല്ലുവിളികൾ വകവയ്ക്കാതെ അദ്ദേഹം ഇപ്പോഴും കേരള രാഷ്ട്രീയത്തിൽ സജീവമാണ്. വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ ദൈവതുല്യം ആരാധിക്കുന്നു.
ഉമ്മൻചാണ്ടി ഇതുവരെ ചെയ്തതൊക്കെ ശരിയാണെന്നും അദ്ദേഹത്തിന് ഒരിക്കലും ഒരു വീഴ്ചയും സംഭവിക്കുകയില്ലെന്നും ആത്മാർത്ഥമായി വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ഇപ്പോഴും കോൺഗ്രസിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മൻചാണ്ടിയാണ്. വീക്ഷണം പുറത്തിറക്കിയ സ്മരണികയിൽ പ്രൊഫ. കെ.വി. തോമസ് പങ്കുവയ്ക്കുന്ന ഒരനുഭവം എല്ലാ കാലത്തും പ്രസക്തമാണ്. കടൽപോലെ വിശാലമായ കുമ്പളം - ഇടക്കൊച്ചി കായലിലൂടെ തോണിയിൽ യാത്ര ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടിയും ഏതാനും പ്രവർത്തകരും. നടുക്കായലിൽ എത്തിയപ്പോൾ കാറ്റും കോളും വർദ്ധിച്ച് വള്ളത്തിലേക്ക് വെള്ളം അടിച്ചു കയറാൻ തുടങ്ങി. കൂടെയുള്ളവർ ഭയപ്പെട്ടു.
അപ്പോൾ ഉമ്മൻചാണ്ടിയുള്ള വള്ളമല്ലേ, മുങ്ങുകയില്ലെന്ന് തോമസ് മാഷ് ഉറപ്പിച്ചു പറഞ്ഞു. വള്ളം കരയ്ക്കടുത്തപ്പോൾ ഇതറിഞ്ഞ് ഉമ്മൻചാണ്ടിയും പൊട്ടിച്ചിരിച്ചു. ഉമ്മൻചാണ്ടിയുള്ളിടത്തോളം കാലം കോൺഗ്രസിന്റെ വള്ളം മുങ്ങുകയില്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും അനുയായികളും വിശ്വസിക്കുന്നത്. ആ വിശ്വാസമാണ് കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും ഉമ്മൻചാണ്ടിയെ നിലനിറുത്തുന്നത്.