കല്ലമ്പലം: മടവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും സഹോദരനെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ.
മടവൂർ വേമൂട് സലിം മൻസിലിൽ അജ്മൽ (26), മാവിൻമൂട് കണിശ്ശേരി വീട്ടിൽ ആഷിക് (24), പുലിയൂർക്കോണം നിഷാൻ മൻസിലിൽ കിഷാം (33), പുലിയൂർക്കോണം മാങ്കോണം നിഷാൻ മൻസിലിൽ നിഷാൻ (34) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 24ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മടവൂർ വേമൂട് പാലത്തിന് സമീപം ജ്യോതിക ഭവനിൽ അജിതകുമാരിക്കും (40), സഹോദരൻ ബിജുകുമാറിനുമാണ് മർദ്ദനമേറ്റത്.
പ്രതികളിൽ ഒരാളുടെ ബൈക്ക് ബിജുകുമാർ കൊണ്ടുപോയിരുന്നു. ഇത് തിരികെ നൽകാൻ താമസിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ അജിതകുമാരി താമസിക്കുന്ന വീട്ടിൽ ബിജുകുമാറിനെ അന്വേഷിച്ചെത്തുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ബിജുവിനെ ആക്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച അജിതകുമാരിക്കും മർദ്ദനമേറ്റു. ബിജുകുമാറും അജിതകുമാരിയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഒളിവിൽപ്പോയ പ്രതികളെ പള്ളിക്കൽ എസ്.എച്ച്.ഒ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ എം. സഹിൽബാബു, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ ജയപ്രകാശ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.