SignIn
Kerala Kaumudi Online
Friday, 19 April 2024 7.14 AM IST

കാഴ്ചയുള്ള കാക്കാന്‍ പുതിയൊരു തുടക്കം,  പിന്‍പാട്ടുകാരനായ തമ്പുരാനെ അരങ്ങിലേക്ക് എത്തിച്ചു

book

പരാതികളും പരിഭവങ്ങളും ചൊല്ലി ആടിക്കുഴയും. കണ്ടതും കേട്ടതും ഇത്തിരി കൂട്ടി തമ്പുരാന്റെ കാതിലോതും. കൊതിയും നുണയുമൊക്കെ ചൊല്ലി പ്രീതിയുംപറ്റും. ആട്ടും പാട്ടും താളവുമൊക്കെയായി അരങ്ങു വാഴുന്ന കാക്കാന്റെയും കാക്കാത്തിമാരുടെയും ജീവിതമാണ് കാക്കാരിശി നാടകം. കണ്ടും കേട്ടും ഇരിക്കാനൊരു മനസുമതി. പിന്നെയവരു നോക്കികൊള്ളും. കാക്കാരിശി നാടകത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മദ്ധ്യതിരുവിതാംകൂറിലെ നാടോടി പാരമ്പര്യത്തിന്റെ അടയാളമാണ് കാക്കരിശി നാടകം. പറയാനേറെ ചരിത്രവും സവിശേഷതകളുമുള്ള കാക്കാരിശി നാടകത്തിന്റെ വായനാനുഭവും പഠനവുമാണ് എം. എസ്. മധു രചിച്ച കാഴ്ചയുള്ള കാക്കാന്‍ എന്ന പുസ്തകം. വായ്‌മൊഴിയിലൂടെ പകര്‍ന്ന് പാരമ്പര്യമായി കളിച്ചു വന്ന നാടകങ്ങള്‍ പലതും നേരത്തെ പുസ്തക രൂപത്തില്‍ വന്നിട്ടുണ്ടെങ്കിലും പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ വിഷയങ്ങളുമായി എത്തുന്ന കാക്കാരിശി നാടകം രചിച്ച് പുസ്തക രൂപത്തില്‍ എത്തുന്നത് ആദ്യമായാണ്. അരങ്ങില്‍ ചില പൊളിച്ചെഴുത്തലുകളോടെ അരങ്ങു വ്യാകരണത്തെ തിരുത്തി എഴുതുന്ന ആദ്യത്തെ കാക്കാരിശി നാടകമെന്ന സവിശേഷതയും ഇതിനുണ്ട്.

പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന കാക്കാരിശി കലാകാരന്‍കൂടിയാണ് ഗ്രന്ഥ കര്‍ത്താവായ എം. എസ്. മധു. അതുകൊണ്ടു തന്നെ അരങ്ങിലെത്തുന്ന ആള്‍ തന്റെ അക്ഷരങ്ങളിലും അതിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ ശ്രദ്ധിച്ചിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും പ്രയോജനപ്രദമായി ലളിതമായ ഭാഷയിലാണ് വിഷയം അവതരിപ്പിക്കുന്നത്. കാക്കാരിശി നാടകം ആസ്വദിച്ചവരെ കൂടുതല്‍ ഗൗരവമേറിയ അടുത്ത കാഴ്ചയിലേക്ക് പ്രേരിപ്പിക്കുകയും കാക്കാരിശി കണ്ടിട്ടേ ഇല്ലാത്തവര്‍ക്ക് കാണുവാനുള്ള കൗതുകവും നല്‍കാന്‍ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. കാക്കാരിശി നാടകമാണോ എന്ന ഗൗരവമേറിയ ചോദ്യം വായനക്കാരിലേക്ക് ഇട്ടുകൊണ്ടാണ് പഠനം ആരംഭിച്ചിരിക്കുന്നതു തന്നെ. കാക്കാരിശി നാടകത്തിന്റെ ഉത്ഭവ ചരിത്രവും വളര്‍ച്ചയും പഠന വിഷയമാക്കിയിട്ടുണ്ട്. താളം, അവതരണം, കഥാപാത്രങ്ങളുടെ രംഗ പ്രവേശം എന്നിങ്ങനെ കാക്കാരിശി നാടകത്തിന്റെ അവതരണത്തിലെ ഓരോ ഘട്ടങ്ങളെയും വിശദമായി അവതരിപ്പിക്കുന്നത് മറ്റു പഠനങ്ങളില്‍ നിന്നും പുസ്തകത്തെ വ്യത്യസ്തമാക്കുന്നുമുണ്ട്.

ഓട്ടന്‍തുള്ളല്‍, തിരുവാതിര, കുമ്മി, കഥകളി തുടങ്ങിയ കലകളുടെ ചുവടിലും സംഗീതത്തിലുമുള്ള ബന്ധത്തെ പാട്ടുകളിലെ ഉദാഹരണം സഹിതമാണ് എഴുത്തുകാരന്‍ വായനക്കാരോട് പങ്കുവയ്ക്കുന്നത്. മലയാളത്തിലെ നാടക പ്രസ്ഥാനങ്ങളുടെ മുന്നേറ്റവും അത് സാഹിത്യവുമായി വളരുകയും ചെയ്തപ്പോള്‍ പിന്നാക്കം നിന്ന കാക്കാരിശി നാടകത്തിന്റെ പുതിയ കാലത്തെ ആശങ്കയോടെ എഴുത്തുകാരന്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.


കാക്കാരിശി നാടക ഗ്രന്ഥങ്ങളിലെ പുതിയൊരു തുടക്കമാണ് കാഴ്ചയുള്ള കാക്കാന്‍ എന്ന നാടകം. മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതാണ് കാക്കാരിശിയും എന്ന കാഴ്ച്ചപ്പാടോടെയാണ് നാടകം എഴുതിയിരിക്കുന്നത് തന്നെ. നാടകം പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന രംഗഭാഷ്യത്തിന് പുതിയൊരു ചുവടാണ് ഈ നാടകം കുറിയ്ക്കുന്നത്. പിന്‍പാട്ടുകാരനായി മാത്രം കണ്ടു വന്ന തമ്പുരാനെ അരങ്ങിലേക്ക് എത്തിച്ചുകൊണ്ടാണ് നാടകത്തിന്റെ രചന. തമ്പുരാന് സഹായിയായി രാമനെന്നൊരു കഥാപാത്രത്തേയും സൃഷ്ടിച്ചിട്ടുണ്ട്. അരങ്ങിനെ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശ്രമമെന്നും ഗ്രന്ഥകാരന്‍ പറയുന്നു. പൂര്‍ണമായും കാലിക പ്രസക്തമായ വിഷയങ്ങളാണ് നാടകത്തില്‍ ഉടനീളം ചര്‍ച്ച ചെയ്യുന്നത്. കാക്കാനും കാക്കാത്തിമാരും തമ്പുരാനോട് പങ്കുവയ്ക്കുന്നത് ഇന്നും നാം കാണുന്നതും അഭിമുഖീകരിക്കുന്നതുമായ പ്രതിസന്ധികളും പ്രശ്‌നങ്ങളുമൊക്കെയാണ്. ഇതില്‍ ഹാസ്യത്തിന്റെ ചേരുവകൂടി ചേര്‍ന്നതോടെ വായനാസുഖവും ഏറെയാണ്.

മാറണം മാറ്റണം ശീലങ്ങളൊക്കെയും,
ആരോഗ്യം നമ്മുടെ സമ്പത്തല്ലോ..

ഇത്തരത്തില്‍ പുതിയ കാലഘട്ടത്തിന്റെ പുതിയ വിഷയങ്ങളാണ് തിരുവാതിരയുടെയും കുമ്മിയുടെയുമൊക്കെ പാട്ടുകളായി അരങ്ങിലെത്തുന്നത്. സാമൂഹികമായ പിന്നാക്കാവസ്ഥ, ലഹരിയ്‌ക്കെതിരായ ബോധവത്ക്കരണം, പരിസ്ഥിതി ചിന്തകള്‍ തുടങ്ങിയ വിഷയങ്ങള്‍ ലളിതമായി ആസ്വാദകരിലേക്ക് എത്തിക്കുകയാണ് കാഴ്ചയുള്ള കാക്കാന്‍. കേവല ആസ്വാദനത്തിനും അപ്പുറം നവീനമായ ചിന്തകളിലേക്കും ആസ്വാദകരെ പാകപ്പെടുത്തുവാന്‍ നാടകത്തിനു കഴിയുന്നുണ്ട്. ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹിക വിമര്‍ശനത്തിനും ശുദ്ധീകരണത്തിനുമുള്ള ശ്രമം പല ഭാഗത്തും പ്രകടമാണ്. സമൂഹത്തിനു മുന്നില്‍ അപഹാസ്യനായി കഴിയുന്ന കാക്കാന്‍ കണ്ടതും അനുഭവത്തില്‍ നിന്നും വിവരിക്കുന്നതുമായ കാര്യങ്ങള്‍ ആസ്വാദകരിലേക്കു പകരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അന്ധത ബാധിച്ചിരിക്കുന്നത് കാക്കാനല്ല സമൂഹ മനസാക്ഷിയ്ക്കാണെന്ന തിരിച്ചറിവു നല്‍കുന്നിടത്ത് അവസാനിക്കുകയാണ് കാഴ്ചയുള്ള കാക്കാന്‍. ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊണ്ടുള്ള അവതരണരീതിയാണ് ഗ്രന്ഥകാരനായ എം. എസ്. മധുവിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെരുവരങ്ങ് കാക്കാരിശി നാടക കൂട്ടായ്മയും പിന്‍തുടരുന്നത്.

പ്രസാധനം: യുവമേള പബ്‌ളിക്കേഷന്‍സ്, കൊല്ലം, വില - 75.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BOOK REVIEW, BOOK REVIES, KAZHAYULLA KAKAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.