തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ചുള്ള ദശമി വിളക്ക് ഭക്തിനിർഭരം. ആയിരക്കണക്കിന് ഭക്തരാണ് ഭഗവാനെ വണങ്ങാനെത്തിയത്. രാവിലെ 9ന് പ്രശസ്ത സംഗീതജ്ഞർ പങ്കെടുത്ത പഞ്ചരത്ന കീർത്തനാലാപനം നടന്നു. വൈകിട്ട് മൂന്നിന് ശാസ്താവിനെ പുറത്തേക്കെഴുന്നള്ളിച്ചു.
തിരുവമ്പാടി ചന്ദ്രശേഖരൻ കോലം വഹിച്ചു. ഒല്ലൂക്കര ജയറാം, ചോപ്പീസ് കുട്ടിശങ്കരൻ എന്നീ ആനകൾ ഇടതും വലതും കൂട്ടായി. തൃപ്രയാർ രമേശൻ മാരാർ പഞ്ചവാദ്യം നയിച്ചു. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രസന്നിധിയിലേക്ക് ഉത്സവപ്രേമികളുടെയും ഭക്തരുടെയും തിരക്കായിരുന്നു. രാത്രി പത്തിനായിരുന്നു ദശമി വിളക്ക്. അഞ്ചാനകളുടെ അകമ്പടിയോടെ സ്വർണ്ണക്കോലത്തിൽ ഭഗവാൻ എഴുന്നള്ളി. മേളത്തിന് തൃപ്രയാർ അനിയൻ മാരാർ നേത്യത്വം നൽകി.
മുമ്പ് അമ്പലം ശാസ്താ ക്ഷേത്രമായിരുന്നതിന്റെ തെളിവാണ് ദശമി വേല. ഈ ദിവസത്തിൽ ശ്രീരാമഭഗവാനോടൊപ്പം ശാസ്താവിനെ കൂട്ടിയെഴുന്നള്ളിക്കുക പതിവാണ്. ഇന്ന് ഏകാദശിയിൽ രാവിലെ മേളത്തിന് പെരുവനം കുട്ടൻമാരാർ നേതൃത്വം നൽകും. ശീവേലിക്ക് പതിനൊന്ന് ആനകളെ എഴുന്നള്ളിക്കും. ദേവസ്വം അച്ചുതൻകുട്ടി സ്വർണ്ണക്കോലം വഹിക്കും.
പ്രസാദ ഊട്ട് രാവിലെ 9.30 മുതൽ
തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എകാദശി മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 9.30 മുതൽ ഭക്തർക്കായി പ്രസാദ ഊട്ട് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങളോടെ ഊട്ടുപുരയിൽ നടക്കുന്ന ഊട്ടിൽ നിരവധി പേർ പങ്കെടുക്കും. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, അച്ചാർ, പരിപ്പ് പായസം എന്നീ വിഭവങ്ങൾ ഉണ്ടാവും.
ഗുരുവായൂർ ഏകാദശിക്ക് പ്രാദേശിക അവധി
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ദിവസമായ ഡിസംബർ 14 ന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |