SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.52 PM IST

അന്തിമ രൂപരേഖയില്ല, എന്ന് തീരുമെന്ന് രൂപവുമില്ല !

bridge

കൊല്ലം: കല്ലുപാലത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നതിനിടെ ദുരൂഹതയുണർത്തുന്ന അന്തർനാടകങ്ങളുടെ ചുരുളുകൾ ഒന്നൊന്നായി അഴിയുകയാണ്. നിർമ്മാണത്തിന്റെ അന്തിമ രൂപരേഖ പൂർത്തിയാകാതെയാണ് പാലം പണി പുരോഗമിക്കുന്നതെന്ന ഗുരുതരമായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലം പണിക്കായി എസ്റ്റിമേറ്റ് നൽകുകയും ടെണ്ടർ വിളിച്ച് കരാർ ഉറപ്പിച്ചശേഷം പാലത്തിന്റെ നീളത്തിലുൾപ്പെടെ മാറ്റം വരുത്തിയത് ഇതിന്റെ സൂചനയാണ്. കരാർ ഉറപ്പിക്കുന്ന ഘട്ടത്തിൽ 18 മീറ്റർ മാത്രം നീളമുണ്ടായിരുന്ന പാലം, പുതുക്കിയ രൂപ രേഖയിൽ 22 മീറ്ററായി. ഈ മാറ്റം ആദ്യ കരാർ കാലാവധി പൂർത്തിയായ 2020 ഒക്ടോബറിന് രണ്ടുമാസം മുമ്പാണ് കരാറുകാരന് നൽകിയതെന്നാണ് അറിയുന്ന വിവരം. അതുകൊണ്ടാണ്, കാലാവധി നീട്ടിക്കിട്ടാൻ അധികൃതർ തന്നെ മുന്നിട്ടിറങ്ങിയത്. പഴയപാലത്തിന്റെ കല്ലുകൾ ഉപയോഗിച്ച് മുകൾഭാഗം നിർമ്മിക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും അതേകുറിച്ചുള്ള അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. പാലം പൂർത്തിയാകുമ്പോൾ എങ്ങനെയിരിക്കുമെന്ന കാര്യത്തിൽ നിർവഹണ ഏജൻസിയായ ഇൻലാൻഡ് നാവിഗേഷന് യാതൊരു ധാരണയുമില്ലെന്നതും ദുരൂഹതയുണർത്തുന്നു.

രൂപരേഖയില്ലാതെ കരാറോ?

നിശ്ചിത നീളവും വീതിയും കണക്കിലെടുത്ത് തയാറാക്കുന്ന രൂപരേഖയുടെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് നടപടികൾ സ്വീകരിക്കുകയും കരാർ നൽകുകയും ചെയ്ത ശേഷം നീളത്തിലടക്കം രൂപരേഖയിൽ വരുത്തിയ ശേഷവും പഴയ കരാർ വ്യവസ്ഥയിൽ നിർമ്മാണം മുന്നോട്ട് പോകുന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. കരാറിൽ 18 മീറ്റർ മാത്രം നീളമുണ്ടായിരുന്ന പാലം പിന്നീട് 22 മീറ്ററായി ഉയർത്തുമ്പോൾ സ്വാഭാവികമായും അതിന്റെ ഘടനയിൽ വ്യത്യാസമുണ്ടാകും. എന്നാൽ, രൂപരേഖ മാറ്റിയ കാര്യം മറച്ചുവച്ചുകൊണ്ട് കരാറുകാരനും അധികൃതരും ഒത്തുകളിക്കുകയാണെന്നതിൽ സംശയമില്ല. ഘടനയിലും നീളത്തിലുമുള്ള വ്യത്യാസം എസ്റ്റിമേറ്റ് തുകയിലും വർദ്ധനവുണ്ടാക്കും. ഇത്തരത്തിൽ എത്രത്തോളം തുക അധികമായി അനുവദിച്ചുവെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. അധികൃതരും കരാറുകാരും ചേർന്ന് രൂപരേഖയിലും എസ്റ്റിമേറ്റിലും കരാറിലും കൃത്രിമം കാട്ടി പാലത്തിന്റെ പേരിൽ വൻ അഴിമതി നടത്തുകയാണ് എന്ന ആരോപണവും ശക്തമാണ്.

ഒരുകാര്യം ഉറപ്പ്, ഇപ്പോഴെങ്ങും തീരില്ല

അന്തിമരൂപരേഖ ഇനിയും പൂർത്തിയായിട്ടില്ല എന്നത് അടിവരയിട്ട് ഉറപ്പിക്കുന്ന ഒരു കാര്യമുണ്ട് ; പാലം പണി ഇപ്പോഴെങ്ങും തീരില്ല. മാത്രമല്ല, ചാമക്കട, ലക്ഷ്മിനട ഭാഗത്തുള്ള വ്യാപാരികൾ അടക്കമുള്ളവരുടെ ദുരിതത്തിനും ശമനവുമുണ്ടാകില്ല. 2022 ജനുവരി 31 വരെയാണ് നിലവിലെ കരാർ കാലാവധി. മാർച്ച് 31 നകം പണി പൂർത്തിയാകുമെന്നാണ് കരാർ പ്രതിനിധികൾ പറയുന്നത്. അഞ്ചുതവണയല്ലേ കരാർ കാലാവധി നീട്ടിയിട്ടുള്ളൂ, ഇനിയും സമയമുണ്ടല്ലോ ആവശ്യം പോലെ കാലാവധി നീട്ടാമല്ലോ... എന്നാണ് നാട്ടുകാരും വ്യാപാരികളും നിരാശകലർന്ന സ്വരത്തിൽ പറയുന്നത്.

പൈലുകൾ തീർന്നപ്പോൾ മാറിയത് 1.5 കോടി !

പാലത്തിനായുള്ള 16 പൈലുകൾ പൂർത്തിയായപ്പോഴേക്കും 1.5 കോടി രൂപയിലധികം തുക കരാറുകാരൻ കൈപ്പറ്റിക്കഴിഞ്ഞു. പാലം പണി ഒന്നുമായിട്ടില്ലെങ്കിലും അക്കാര്യം മുറപോലെ നടത്തിയെടുക്കാൻ കരാറുകാരായ ഹെതർ ഇൻഫ്രാസ്ട്രക്ച്ചറിന് കഴിഞ്ഞുവെന്നതിന്റെ കാരണം അന്വേഷിക്കാതെ തന്നെ മനസിലാകും. ജില്ലയിൽ നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ- പേഴുംതുരുത്ത് പാലം അവസാനഘട്ടത്തിലാണ്. 396 മീ​റ്റർ നീളവും 11.5 മീ​റ്റർ വീതിയുമുള്ള പാലത്തിനുണ്ടായിരുന്നത് 80 ഓളം പൈലുകളായിരുന്നു. 42 കോടി രൂപ കരാറെടുത്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി പാലം അവസാനഘട്ടത്തിലെത്തിയിട്ടും ഒരു രൂപപോലും ഇതുവരെ കൈപറ്റിയിട്ടില്ല. 10 മാസം മുമ്പ് മാത്രമാണ് അവർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും ശ്രദ്ധേയമാണ്.

# കല്ലുപാലം


അടങ്കൽ തുക: 5 കോടി

കരാർ തുക: 4 കോടി (നീളം കൂടിയപ്പോൾ കരാർ തുക വർദ്ധിപ്പിച്ചിട്ടുണ്ട്)
നീളം: 22 മീറ്റർ (നിശ്ചയിച്ചിരുന്ന നീളം: 18 മീറ്റർ)
വീതി: 7.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ (ഇരുവശവും)

ജലനിരപ്പിൽ നിന്നുള്ള ഉയരം: 5 മീറ്റർ

ജലനിരപ്പിനോട് ചേർന്നുള്ള നീളം: 15 മീറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.