SignIn
Kerala Kaumudi Online
Saturday, 21 May 2022 9.14 AM IST

കൊവിഡിൽ ആയുർവേദം ഒരു ലോകപാഠം

ayurveda

മനുഷ്യരാശിയുടെ വളർച്ചയ്ക്കും വികാസത്തിനും ശാസ്ത്രപുരോഗതിയ്ക്കും ഭാരതം നൽകിയ സംഭാവനകൾ ചരിത്രസത്യമാണ്. അടുത്ത കാലങ്ങളിലാണ് യോഗ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് സ്വീകാര്യത നേടിയെടുത്തത്. യോഗയുടെ ഗുണവശങ്ങളെ വ്യക്തമാക്കി അവതരിപ്പിച്ചതോടെ നിരവധി രാജ്യങ്ങളിൽ യോഗ ജീവിതത്തിന്റെ ഭാഗമായി. ജീവിതശൈലീ രോഗങ്ങൾ പറഞ്ഞുപറഞ്ഞു തഴകിയ പ്രയോഗമാണെങ്കിലും കൊവിഡ് മഹാമാരിയേക്കാൾ ഭീകരമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡാനന്തര ലോകത്തെ വെല്ലുവിളിയും ജീവിതശൈലി രോഗങ്ങൾ തന്നെ. ഒമൈക്രോൺ തുടങ്ങിയ ഭീകരവൈറസുകൾ ആശങ്ക പരത്തുമ്പോൾ, പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളുമെല്ലാമുള്ളവർക്ക് അതിനെ പ്രതിരോധിക്കൽ എളുപ്പമാവില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വൈറസുകളുടെ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഭൂമിയുള്ളിടത്തോളം ഈ കുഞ്ഞുഭീകരൻമാർ താണ്ഡവമാടിക്കൊണ്ടിരിക്കുമെന്നും ശാസ്ത്രലോകത്തിന് അറിയാം. അതുകൊണ്ടു തന്നെ പ്രതിരോധം മാത്രമാണ് നമ്മുടെ കൈയിലുളള ആയുധം. ശരീരത്തിന്റെ പ്രതിരോധക്കോട്ടയ്ക്ക് ശക്തിയും ആർജ്ജവവും പകരാൻ യോഗയും ആയുർവേദവും പരമ്പരാഗത ഭക്ഷണരീതികളും പ്രകൃതിചികിത്സാ മാർഗങ്ങളുമെല്ലാം നൽകുന്ന സംഭാവനകൾ ഏറെ ചർച്ചയാകുന്ന കാലം കൂടിയാണിത്.

കേരളത്തിൽ കൊവിഡ് പ്രതിരോധത്തിന് ആയുർവേദ ചികിത്സ നടത്താൻ ആദ്യം നമ്മൾ ഏറെ മടിച്ചു. പക്ഷേ, ഒടുവിൽ നമ്മൾ ആയുർവേദത്തെ ചേർത്തുപിടിച്ചു. അതുകൊണ്ടുണ്ടായ നേട്ടത്തിന് ഏറെ ആഴവും പരപ്പുമുണ്ട്. കേരളത്തിൽ ആയുർവേദചികിത്സ തേടിയവരിൽ നടത്തിയ പഠനം ലോകപ്രശസ്തമായ ഫ്രന്റിയേഴ്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെ, മറ്റ് രാജ്യങ്ങൾക്കും മാതൃകയാക്കാനുള്ള വഴിയാണ് തുറന്നത്. വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ചതടക്കം ആദ്യം പുറത്തുവിട്ട ഈ ജേർണൽ, ആധികാരികതയിലും സമഗ്രതയിലും ആദ്യസ്ഥാനത്താണ്. ആയുർവേദത്തിന്റെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കപ്പട്ട കേരളത്തിന്റെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മറ്റു രാജ്യങ്ങൾ പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർവേദത്തെ ആശ്രയിച്ചേക്കുമെന്നാണ് വിവരം.

പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഒരു ചികിത്സാരീതിയുടെ ഫലസിദ്ധി കണ്ടെത്തുന്ന രീതി മറ്റു രാജ്യങ്ങൾ മാതൃകയാക്കിയേക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അടിസ്ഥാനസൗകര്യം കുറഞ്ഞാലും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ ആയുർവേദം വിപുലമായി സ്വീകരിക്കപ്പെട്ടേക്കും. കേരളത്തിലെ, മാനവവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളുമുള്ള പൊതുജനാരോഗ്യ സംവിധാനം ഇക്കാര്യങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പഠനം തെളിയിക്കുന്നതായി ജേർണലിൽ വിലയിരുത്തുന്നു. ക്വാറന്റൈനിലിരുന്നവർക്ക് ആയുർവേദമരുന്ന് കഴിച്ച ശേഷം ലഭിച്ച ഫലസിദ്ധി സംബന്ധിച്ച പഠനറിപ്പോർട്ട് ജൂൺ 29 നാണ് സമർപ്പിച്ചത്. സെപ്തംബർ 20 ന് ഫ്രന്റിയേഴ്‌സ് അംഗീകരിച്ചു.

പത്ത് പേജുകളിലായുളള ഈ റിപ്പോർട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഒരു രേഖയായി കിടക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന പകർച്ചവ്യാധികളെ തടയാനുളള ധൈര്യവും ലോകജനതയ്ക്ക് കൈവരുമെന്നാണ് ആയുർവേദ വിദഗ്ദ്ധരുടെ ഭാഷ്യം. കേരളത്തിൽ ഈ വലിയൊരു ശ്രമത്തിന് നേതൃത്വം നൽകിയത് ഡോ. ഷർമിള മേരി ജോസഫ് (ആയുഷ് സെക്രട്ടറി), ഡോ. ദിവ്യ എസ്. അയ്യർ (നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ), ഡോ. വി. രാജ്‌മോഹൻ (കോ -ഓഡിനേറ്റർ, സംസ്ഥാന ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെൽ) എന്നിവരായിരുന്നു.

  • ഗുണങ്ങളേറെ

സർക്കാരുകൾക്ക് ആതുരമേഖലയിൽ നയപരമായ തീരുമാനങ്ങളെടുക്കാൻ പഠനറിപ്പോർട്ട് അടിസ്ഥാന രേഖയാക്കാമെന്നതാണ് പ്രധാന നേട്ടം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആയുർവേദചികിത്സ വ്യാപകവും മുഖ്യധാരാ ചികിത്സാസമ്പ്രദായവും ആക്കാൻ കഴിയും. പകർച്ചവ്യാധികളിലും മറ്റും ആധുനിക ചികിത്സാരീതിയുടെ അധികഭാരം ലഘൂകരിക്കാം. ഭേഷജം പദ്ധതി വഴി കൊവിഡ് രോഗികൾക്ക് ആയുർവേദ മരുന്ന് ലഭ്യമാക്കി കേരളത്തിൽ പഠനം തുടരുകയാണ്. ആയുർവേദ മരുന്ന് കഴിച്ച കൊവിഡ് ബാധിതർ അഞ്ച് ലക്ഷത്തോളമുണ്ട്. ആയുഷ് വകുപ്പിന്റെ കീഴിലെ ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെല്ലിന്റെ നേതൃത്വത്തിൽ, ക്വാറന്റൈനിലുള്ളവർക്ക് ആയുർവേദമരുന്ന് നൽകുന്ന അമൃതം പദ്ധതിയുടെ ഗുണഫലങ്ങളാണ് ആദ്യം പഠിച്ചത്.

  • ആദ്യകടമ്പകൾ മറികടന്ന്

ശാസ്ത്രീയ അടിത്തറകളും തെളിവുകളും പഠനഗവേഷണങ്ങളും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആയുർവേദത്തെ എക്കാലവും പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നത്. പാരമ്പര്യമായ അറിവുമാത്രമാണെന്നും ലോകരാജ്യങ്ങളിൽ അംഗീകാരം കുറവാണെന്നും ആധുനിക ചികിത്സാരീതിയുടെ വക്താക്കൾ വാദിച്ചു. പരിമിതികളെ ഊതിവീർപ്പിച്ചു. ഏതൊരു ചികിത്സാരീതിയും പൂർണമല്ല എന്ന സത്യം അവർ മറച്ചുവെച്ചു. ലോകത്ത് കോടാനുകോടി മരുന്നുകൾ വിറ്റഴിയ്ക്കുന്ന അലോപ്പതി മരുന്ന് ലോബിയാണ് മറ്റൊരു ശാസ്ത്രശാഖ വളർന്നുവരുന്നതിനെ എതിർക്കുന്നതെന്ന ആക്ഷേപവുമുയർന്നിരുന്നു. അടിയന്തര ചികിത്സാഘട്ടങ്ങളിലും മറ്റും ആയുർവേദത്തിന്റെ പരിമിതികൾ ഉൾക്കൊണ്ടു തന്നെ അതിന്റെ ഗുണഫലങ്ങളെ സമൂഹത്തിന് മുന്നിൽ എത്തിക്കുക എന്ന ദൗത്യം കേരളത്തിൽ വിജയം കണ്ടതോടെ എതിർപ്പ് ഉയർത്തിയവർക്ക് മിണ്ടാനായില്ല. എല്ലാ ശാസ്ത്രവും മനുഷ്യരാശിയ്ക്കു വേണ്ടിയാണെന്ന സത്യമാണ് ഇവിടെ വിജയിച്ചത്. ആയുർവേദചികിത്സ കൊവിഡിന് ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും കേരളത്തിൽ ചികിത്സാനുമതി ലഭിക്കാതിരുന്നത് 'കേരളകൗമുദി'യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പൊതുസമൂഹം ഇത് ഏറ്റെടുത്തപ്പോൾ ആയുർവേദത്തിന്റെ സാദ്ധ്യതകൾ തെളിയുകയായിരുന്നു. അങ്ങനെ കൊവിഡ് രോഗികളിൽ അടക്കം ചികിത്സ നടത്തി അതിന്റെ ഫലം ലോകത്തിനു മുന്നിൽ കാണിക്കാൻ കേരളത്തിന് കഴിഞ്ഞു. ഔഷധസസ്യങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കുകയും ആയുർവേദ മരുന്ന് നിർമ്മാണത്തിന് ആവശ്യമായവയെല്ലാം അതിന്റെ എല്ലാ ഗുണങ്ങളോടെയും ലഭ്യമാക്കുകയും ചെയ്താൽ ഈ ചികിത്സാശാസ്ത്രത്തിന്റെ ഫലസിദ്ധി ഇതിലേറെ വ്യക്തമാകും. മരുന്ന് നിർമ്മാണത്തിനു പോലും പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കുമെന്ന പോലെ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടുണ്ടാവരുത്. കാരണം കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. സസ്യലതാദികൾക്ക് വേരുറപ്പിക്കാൻ കേരളം പോലെ മറ്റൊരു നാടില്ല. പ്രളയവും വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴും പ്രതീക്ഷയുടെ കൈത്തിരികൾ കെട്ടുപോകാതെ നമുക്ക് സൂക്ഷിക്കാനാകണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AYURVEDA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.