SignIn
Kerala Kaumudi Online
Friday, 29 March 2024 11.02 AM IST

സഹ്യസാനുവിലെ കരിനിഴൽ

mullapperiyar-dam

രണ്ടുപതിറ്റാണ്ടിലേറെയായി നീളുന്ന കോടതി വ്യവഹാരങ്ങളാണ് മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനുള്ള തടസം. ഇരു സംസ്ഥാനങ്ങളും കേസ് നടത്തുന്നതിലെ കാര്യക്ഷമതയും ആത്മാർത്ഥതയും ഏറെ പ്രസക്തവുമാണ്. തമിഴ്നാട് നന്നായി ഗൃഹപാഠം ചെയ്ത് നീതിപീഠത്തിന് മുമ്പിൽ തെളിവുകളുമായി ഹാജരാകുമ്പോൾ നിലപാടുകളില്ലാത്ത നിസംഗതയാണ് കേരളത്തിന്റെ ശാപം. ഈ വിഷയത്തിൽ 1940 സർ സി.പി. രാമസ്വാമി അയ്യർക്ക് ശേഷം നാളിതുവരെ കേരള സർക്കാർ ആവലാതിക്കാരായിട്ടില്ല.

പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള പ്രതികരണതീവ്രത ഭരണത്തിലാകുമ്പോൾ മറന്നുപോകുന്നതാണ് ജനാധിപത്യ കേരളത്തിന്റെ രാഷ്ട്രീയശൈലി. മുല്ലപ്പെരിയാർ വിഷയത്തിലും അതാണ് പ്രതിഫലിക്കുന്നത്.

2006 ലാണ് കേരളത്തിന് ഏറ്റവും ആഘാതമേല്‌പ്പിച്ച സുപ്രീംകോടതി വിധിയുണ്ടാകുന്നത്. അതാകട്ടെ, കുമളിയിലെ ഏതാനും സ്വകാര്യവ്യക്തികൾ ചേർന്ന് രൂപീകരിച്ച മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ ഫോറം എന്ന സംഘടനയുടെ ഹർജിയിലും. ജലനിരപ്പ് ഉയർത്തരുതെന്ന് കേരളത്തിലും ഉയർത്തണമെന്ന് തമിഴ്നാട്ടിലും ഹൈക്കോടതികളിൽ വെവ്വേറെഹർജികൾ നിലനിന്നിരുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം അതാതിടത്തെ ഹൈക്കോടതികൾ വെവ്വേറെ തീർപ്പാക്കുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യം സ്വാമി എം.പി​ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കേസുകൾ സുപ്രീംകോടതിയേക്ക് വിളിപ്പിച്ച് WP (Civil) 386/ 2001 നമ്പരായി വാദം കേട്ടു. 2006 ഫെബ്രുവരി 27ന് ജസ്റ്റിസുമാരായ വൈ.കെ. സബർവാൾ, സി.കെ. താക്കർ, പി.കെ. ബാലസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തമിഴ്നാടിന് അനുകൂലമായി വിധി പ്രസ്താവിച്ചു. അവശേഷിക്കുന്ന അറ്റകുറ്റപ്പണികൾകൂടി പൂർത്തിയാക്കിയശേഷം കേന്ദ്രജല കമ്മി​ഷനെയും പുറം ഏജൻസിയേയും ബോദ്ധ്യപ്പെടുത്തി ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും അതുവരെ 142 അടിയായി നിലനിറുത്തണമെന്നുമായിരുന്നു വിധിയുടെ ഉള്ളടക്കം.

തലയിൽ കൂടംകൊണ്ട് അടിയേറ്റ കേരളം താത്‌‌കാലികമായെങ്കിലും കക്ഷിരാഷ്ട്രീയം മാറ്റിവച്ച് കൈകോർത്തു. സുപ്രീംകോടതിവിധിക്കെതിരെ രംഗത്തിറങ്ങി. അടിയന്തരമായി നിയമസഭ ചേർന്ന് പുതിയ ഡാം സുരക്ഷാ നിയമ ഭേദഗതി ബിൽ പാസാക്കി. നിയമസഭയുടെ അധികാരമുപയോഗിച്ച് സുപ്രീംകോടതി വിധിയെ മറികടക്കാനായിരുന്നു ശ്രമം. പക്ഷേ തമിഴ്നാട് കോടതിയെ സമീപിച്ചപ്പോൾ കേരളം വീണ്ടും പരാജയത്തിന്റെ നീര് കുടിച്ചു. സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് നിയോഗിച്ച മൂന്നംഗ ജുഡീഷ്യൽ കമ്മിഷനിൽ ജസ്റ്റിസ് കെ.ടി. തോമസും അംഗമായിരുന്നു. ഈ കേസിലും വിധി കേരളത്തിന് എതിരായി. അതിന്റെകൂടി അടിസ്ഥാനത്തിൽ 2014ൽ പഴയനിലപാട് ആവ‌ർത്തിച്ച സുപ്രീംകോടതി വിസ്താരവേളയിൽ പലഘട്ടങ്ങളിലും കേരളത്തെ ശകാരിക്കുകയും ചെയ്തു.

ഘടനാപരമായും ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും കനത്ത ഭീഷണി നേരിടുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. ഇനിയും പുറത്തുവരാത്ത ചില നിഗൂഢതകൾ വേറെയുമുണ്ട്. അതിൽ പ്രധാനം അണക്കെട്ടിന്റെ തെക്കുവശത്തെ മൺതിട്ടയുടെ ബലഹീനതയാണ്. 1200 അടി നീളവും 176 അടി ഉയരവുമുള്ള അണക്കെട്ടിന്റെ പാർശ്വഭിത്തിക്ക് 200 അടിവീതിയേയുള്ളൂ എന്നതാണ് ഇനിയും കേരളം ചർച്ചചെയ്യാത്ത ഭീഷണി. ലോകത്ത് ഇതുവരെ തകർന്നടിഞ്ഞിട്ടുള്ള അണക്കെട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ മുല്ലപ്പെരിയാർ ഒരു മഹാത്ഭുതമെന്നല്ലാതെ ആർക്കും പറയാനാവില്ല. ഇത് സംബന്ധിച്ച കൃത്യമായ പഠനങ്ങൾ നടത്തി കോടതിയിൽ ഹാജരാക്കാൻ സാധിക്കുന്നില്ലെന്നതാണ് ദു:ഖസത്യം.

പരിഹാരം പുതിയ അണക്കെട്ട്

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് അഭിപ്രായ ഐക്യം ഉണ്ടാവുകയെന്നതാണ് പ്രധാനം. പുതിയ അണക്കെട്ടാണ് ശാശ്വതപരിഹാരമെങ്കിൽ 100 ശതമാനം അതിൽത്തന്നെ ഉറച്ചുനിന്ന് വാദിക്കണം. വസ്തുതകൾ സംബന്ധിച്ച കൃത്യമായ പഠനവും തുടർച്ചയുമുണ്ടാകണം. നിലവിലുള്ള അണക്കെട്ടിന് 1300 അടി താഴ്വരയിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് കൊട്ടിഘോഷിച്ച് 2007 നവംബർ 19ന് കുമളിയിൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ് തുറന്ന സംസ്ഥാന സർക്കാർ പിന്നീട് രായ്ക്ക് രാമാനം ഓഫീസും പൂട്ടിക്കെട്ടി സ്ഥലംവിട്ടു. അന്ന് കുമളിയിൽ നടന്ന ഉദ്ഘാടന മാമാങ്കത്തിന്റെ പേരിൽ തമിഴ്നാട്ടിൽ ജീവിക്കുന്ന നിരപരാധികളായ മലയാളികളും കഥയറിയാതെ അതുവഴി യാത്ര ചെയ്‌തവരും അടിവാങ്ങിയതു മാത്രമായി മിച്ചം.

തമിഴ് ഉദ്യോഗസ്ഥരുടെ സ്ഥിരത

ഈ പ്രശ്നത്തിൽ തമിഴ്നാടിന്റെ ഔദ്യോഗിക സംവിധാനങ്ങൾ കേരളത്തിന് പാഠമാകണം. തമിഴ്നാട് മുല്ലപ്പെരിയാർ ഡാം സെക്ഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാറില്ല. വി​രമി​ച്ചാലും കഴി​വുള്ളവരെ കരാർ വ്യവസ്ഥയിൽ തുടരാൻ അനുവദിക്കും. ഈ ഉദ്യോഗസ്ഥർ സർക്കാരിന് നൽകുന്ന ഒരു റിപ്പോർട്ടിലും പാകപ്പിഴകൾ സംഭവിക്കാറില്ല. നി​രന്തരം ഉദ്യോഗസ്ഥരെ മാറ്റുന്ന കേരളം ഈ കാര്യത്തിൽ തികഞ്ഞ പരാജയമാണ്. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ദൈനംദിന നിരീക്ഷണത്തിനു പോലും ബന്ധപ്പെട്ട സെക്ഷനിൽ ആവശ്യത്തിന് ജീവനക്കാരില്ല. 11 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. നിയമസഭയിലും കോടതിയിലും പോലും തെറ്റായ വസ്തുതകൾ നിരത്തേണ്ടി വരുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.

(അവസാനിച്ചു )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPPERIYAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.