കൊച്ചി: കാലാവസ്ഥാ വ്യതിയാനം എന്നപോലെ ആന്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ നേരിടുന്ന പ്രതിരോധശേഷിയെക്കുറിച്ചും ചർച്ച ചെയ്യേണ്ട സമയമായെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ചുള്ള ബോധവത്കരണവാരത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയും നെതർലന്റ്സിലെ റാഡ്ബൗണ്ട് സർവകലാശാലയും സംയുക്തമായി നടത്തിയ ശില്പശാലയിലാണ് അഭിപ്രായം ഉയർന്നത്. ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗം വിവേകപൂർവമായ രീതിയിലാക്കുക എന്നതാണ് ഈ സ്ഥിതിവിശേഷം നേരിടുന്നതിനുള്ള ഏക പോംവഴി. കേരളത്തിൽ ആന്റിമൈക്രോബിയൽ സ്റ്റിവാഡ്ഷിപ്പ് പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആസ്റ്റർ മെഡ്സിറ്റിക്ക് ഇന്ത്യയിലാദ്യമായി മികവിന്റെ കേന്ദ്രത്തിനുള്ള ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഒഫ് അമേരിക്ക (ഐ.ഡി.എസ്.എ) യുടെ അംഗീകാരവും ലഭിച്ചു.