SignIn
Kerala Kaumudi Online
Saturday, 21 May 2022 5.55 PM IST

വീണ്ടും കടുപ്പിക്കാം ജാഗ്രതയും കരുതലും

omicron

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. കൊവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് പൂർണമായി മോചിതമാകും മുമ്പാണ് ഒമിക്രോണിന്റെ വരവ്. ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടുപിടിക്കപ്പെട്ടതെങ്കിലും ആസ്ട്രേലിയ, ഇറ്റലി, നെതർലൻഡ്സ് തുടങ്ങി പന്ത്രണ്ടു രാജ്യങ്ങളിൽ ഇതിനകം എത്തിക്കഴിഞ്ഞെന്ന റിപ്പോർട്ടുകൾ അത്യധികം ആശങ്കയുണ്ടാക്കുന്നു. യാത്രാവിലക്ക് ഉൾപ്പെടെ വീണ്ടും കർശന പ്രതിരോധ നടപടികൾക്കൊരുങ്ങുകയാണ് രാജ്യങ്ങൾ. നിലവിലുള്ള യാത്രാ നിയന്ത്രണങ്ങൾ ഡിസംബറോടെ പൂർണമായും പിൻവലിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മാരകസ്വഭാവമുള്ള ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

കൊവിഡ് - 19 ൽ തകർന്ന സമ്പദ് വ്യവസ്ഥ സാവധാനം പച്ചപിടിക്കാൻ തുടങ്ങിയപ്പോഴാണ് ഇപ്പോഴത്തെ ദുരന്തം. കൊവിഡിന്റെ തുടക്കത്തിലെ ജാഗ്രതയും മുൻകരുതലുകളും കൂടുതൽ തീവ്രമായി പാലിക്കാൻ നിർബന്ധിതമായ സാഹചര്യമാണിത്.

ഇന്ത്യയും പുതിയ വെല്ലുവിളി നേരിടാൻ സർവ സജ്ജമായിക്കഴിഞ്ഞു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ ഉൾപ്പെടെ കർക്കശ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഒമൈക്രോൺ പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കു നിയന്ത്രണം വന്നേക്കും. ഡിസംബറിൽ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്ന വിദേശ വിമാനസർവീസുകളുടെ കാര്യത്തിലും പുനരാലോചന വേണ്ടിവരും. വിദേശത്തു നിന്നെത്തിയവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം തടയാൻ തുടർനിരീക്ഷണം ആവശ്യമായതിനാൽ ഓരോ പൗരനും അങ്ങേയറ്റം നിയന്ത്രണങ്ങൾ പാലിക്കണം. വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് സുശക്ത സംവിധാനങ്ങൾ ആവർത്തിച്ചുറപ്പാക്കണം.

ഒമിക്രോൺ ഗുരുതര ലക്ഷണങ്ങളൊന്നുമില്ലാതെയാണ് ആക്രമിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രോഗം ബാധിച്ചവരെ വീടുകളിൽവച്ചുതന്നെ ചികിത്സിച്ചു സുഖപ്പെടുത്താനാകുമെന്നത് ആശ്വാസം പകരുന്നു. പ്രതിരോധത്തിൽ വീഴ്ചവരുത്തുന്നതിനെതിരെ ആരോഗ്യവിദഗ്ദ്ധർ ശക്തമായ മുന്നറിയിപ്പും നൽകുന്നുണ്ട്.

തീവ്രവ്യാപനമാണ് ഒമിക്രോൺ വൈറസിന്റെയും പ്രത്യേകത. അണുക്കൾ നേരിട്ട് ശ്വാസകോശത്തെ പിടികൂടും.

വാക്സിനുകളെ പ്രതിരോധിക്കാനുള്ള ശേഷിപോലും ആർജ്ജിച്ചതാണത്രെ പുതിയ വകഭേദം. ഈ ഘട്ടത്തിൽ ജനങ്ങൾ പരിഭ്രമിക്കാതെ സമചിത്തതയോടെ സ്ഥിതി നേരിടാനുള്ള നടപടികൾ സർക്കാർ തലത്തിലുണ്ടാകണം. അനാവശ്യ ഭീതി പരത്തുന്നവരെ കർശനമായി പിന്തിരിപ്പിക്കേണ്ടതുമുണ്ട്. കൊവിഡിന്റെ ആദ്യകാലത്ത് ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും വ്യർത്ഥമായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കൊവിഡുമായി ഏറെ പരിചിതമായിക്കഴിഞ്ഞ സാഹചര്യത്തിൽ മുൻകരുതലുകൾ ജനങ്ങളിലധികം പേർക്കും പരിചിതമായിക്കഴിഞ്ഞു.

പ്രതിരോധ കുത്തിവയ്പ് ഏതുവിധേനയും എത്രയും വേഗം പൂർത്തിയാക്കാനുള്ള തീവ്രയജ്ഞത്തിനാണ് ഉൗന്നൽ നൽകേണ്ടത്. വാക്സിൻ ആവശ്യത്തിലേറെ കെട്ടിക്കിടക്കുകയാണ്. ഇനിയും ആദ്യ ഡോസ് സ്വീകരിക്കാത്തവരുണ്ട്. അവരെ കണ്ടുപിടിച്ച് കുത്തിവയ്‌പ്പെടുപ്പിക്കണം. പരിശോധനകളും കൂടുതൽ വിപുലമാക്കേണ്ടിയിരിക്കുന്നു.

കൊവിഡ് രോഗികൾ ഗണ്യമായി കുറഞ്ഞതോടെ ചികിത്സയ്ക്കായി ഏർപ്പെടുത്തിയിരുന്ന സജ്ജീകരണങ്ങൾ പിൻവലിച്ചിരുന്നു. പുതിയ ഭീഷണി നേരിടാൻ അവയൊക്കെ വീണ്ടും സജ്ജീകരിക്കേണ്ടതുണ്ട്. തുടർച്ചയായ നിരീക്ഷണത്തിനൊപ്പം കുത്തിവയ്പും ലക്ഷ്യത്തിലെത്തിച്ചാൽ പുതിയ വകഭേദത്തെ ഫലപ്രദമായി ചെറുക്കാം. ഒമിക്രോൺ വൈറസിനെ നേരിടാൻ കെല്പുള്ള പുതിയ വാക്സിനുവേണ്ടിയുള്ള ഗവേഷണവും ആരംഭിച്ചെന്നാണു വിവരം. വൈറസ് ഭീകരന്മാരെ എങ്ങനെ നേരിടണമെന്ന് ലോകം മനസിലാക്കിക്കഴിഞ്ഞ സ്ഥിതിക്ക് അനാവശ്യ ഭീതിക്ക് അടിസ്ഥാനമില്ല. മാർഗനിർദ്ദേശങ്ങൾ അതേപടി പാലിച്ച് ഒമിക്രോണിനെയും നേരിടാനാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OMICRON
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.