SignIn
Kerala Kaumudi Online
Thursday, 25 April 2024 9.38 AM IST

മാറാത്ത പൊലീസും മാറുന്ന കോൺഗ്രസും

vivadavela

ഭരണകൂടത്തിന്റെ മർദ്ദനോപാധി എന്നാണ് പൊലീസിനെ കമ്മ്യൂണിസ്റ്റുകാർ വിശേഷിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന മുന്നണികൾ കേരളം ഭരിച്ച കാലങ്ങളിലും പക്ഷേ മർദ്ദനോപാധിക്ക് അതിന്റെ അടിസ്ഥാന സ്വഭാവഘടനയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. ചെറുതല്ലാത്ത അപവാദങ്ങൾ പൊലീസ് എക്കാലവും കേൾപ്പിച്ച് പോന്നിട്ടുണ്ട്. പൊലീസിനെക്കുറിച്ചുള്ള ശരാശരി സമൂഹത്തിന്റെ പൊതുബോധത്തെ തന്നെ നിർണയിച്ചിട്ടുള്ളത് ആ സംവിധാനത്തിന്റെ മർദ്ദനോപാധി പരിവേഷമാണെന്ന് തോന്നിപ്പോകാറുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ള മഹാനായ എഴുത്തുകാരൻ പൊലീസിന് നൽകിയിട്ടുള്ള വിശേഷണം സമൂഹത്തിൽ രൂഢമൂലമായിട്ടുള്ള പൊലീസ് മുഖം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പൊലീസ് മൂരാച്ചി എന്ന് മാത്രമേ ബഷീർ പൊലീസിനെ കഥകളിൽ വിശേഷിപ്പിച്ചിട്ടുള്ളൂ.

അതവിടെ നിൽക്കട്ടെ. നമുക്ക് വർത്തമാനകാല പരിസരത്തിലേക്ക് വരാം. കേരളമിപ്പോൾ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണല്ലോ. നാല് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായി സംസ്ഥാനത്ത് വീണ്ടുമൊരു തുടർഭരണം കൂടി സാദ്ധ്യമായി. അങ്ങനെ 2016 മുതലിങ്ങോട്ട് കേരളം ഭരിച്ചീടുന്നത് സി.പി.എമ്മിന്റെ സമുന്നതനായ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്.

ഭരണകൂടത്തിന്റെ മർദ്ദനോപാധിയെ അനുഭവിച്ചറിഞ്ഞ രാഷ്ട്രീയ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ ജയിലിൽ അദ്ദേഹമനുഭവിച്ച പൊലീസ് മർദ്ദനം അതിഭീകരമായിരുന്നു. ആ അനുഭവം അദ്ദേഹം തന്റെ ചോര പുരണ്ട വസ്ത്രം ഉയർത്തിക്കാട്ടിക്കൊണ്ട് വികാരനിർഭരമായി കേരള നിയമസഭയിൽ തന്നെ പ്രകടിപ്പിച്ചതുമാണ്. 2016ൽ അദ്ദേഹം മുഖ്യമന്ത്രിയായെത്തുകയും അദ്ദേഹം തന്നെ പൊലീസ് സംവിധാനമുൾപ്പെടുന്ന ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനാവുകയും ചെയ്തപ്പോൾ കേരളമാകെ പലതും പ്രതീക്ഷിച്ചതാണ്. അടിയന്തരാവസ്ഥക്കാലത്തെ മറ്രൊരു മിസ തടവുകാരനായി ജയിലിൽ കഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ 2006-2011 കാലത്ത് കേരളത്തിൽ ആഭ്യന്തരമന്ത്രിയായിരുന്നിട്ടുണ്ട്. തുടക്കത്തിൽ കുറേയൊക്കെ പേരുദോഷം കേട്ടെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിമർശനങ്ങളെയെല്ലാം ഉൾക്കൊണ്ടുള്ള തിരുത്തലുമായി കേരള പൊലീസിന് ജനകീയമുഖം കൈവരുത്താനുള്ള ആത്മാർത്ഥശ്രമം ആഭ്യന്തരവകുപ്പിൽ നിന്നുണ്ടായി. അന്ന് ജനപക്ഷ ബോദ്ധ്യമുള്ള ഡി.ജി.പിയായി ജേക്കബ് പുന്നൂസ് എന്ന ഉദ്യോഗസ്ഥൻ ഉണ്ടായത് കോടിയേരിക്കും അച്യുതാനന്ദൻ സർക്കാരിനും നേട്ടമായിട്ടുണ്ടാകാം.

അതിലും വലിയ കാര്യങ്ങൾ പ്രതീക്ഷിച്ച കേരള പൊലീസിൽ നിന്ന് പക്ഷേ, ആ പ്രതീക്ഷിച്ചതിന്റെ നാലിലൊരംശമെങ്കിലും തിരിച്ചുനൽകാൻ കേരള പൊലീസിനായോ എന്ന് നമ്മളൊന്ന് ചിന്തിച്ചുനോക്കിയാൽ, അത് ശരിയാണല്ലോ എന്ന് നമുക്ക് തോന്നിപ്പോകും. 2016-21 കാലത്ത് കേരള പൊലീസിന്റെ കാർമ്മികത്വത്തിൽ തീർത്തും നിരപരാധിയായ ചെറുപ്പക്കാരൻ പോലും (വരാപ്പുഴ ശ്രീജിത് കൊലപാതകം) ക്രൂരമായ കസ്റ്റഡി മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടതാണ് കേരളം കണ്ടത്. നിരന്തരം കേരള പൊലീസ് പഴി കേൾപ്പിച്ചുകൊണ്ടിരുന്നു.

എന്തിനേറെ പറയുന്നു, ഇടതുവിദ്യാർത്ഥിസംഘടനയായ എസ്.എഫ്.ഐയുടെ പ്രവർത്തകനായ ജിഷ്ണു പ്രണോയ് സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനത്തിൽ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലും കേരള പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് വിലപിക്കുന്ന അമ്മയെ നമ്മൾ കണ്ടു.

മാറുന്ന കോൺഗ്രസ്

2016-21 കാലത്ത് കേരള പൊലീസ് നിരന്തരം പഴി കേൾപ്പിച്ചുകൊണ്ടിരുന്നപ്പോൾ, ജനപക്ഷത്ത് നിന്ന് ചിന്തിച്ച് ഉണർന്നു പ്രവർത്തിക്കാൻ അന്നത്തെ കോൺഗ്രസോ ഐക്യ ജനാധിപത്യമുന്നണിയോ തയാറായിട്ടുണ്ട് എന്നാരും കരുതുന്നില്ല. ഒരുപക്ഷേ ഭരണകൂടത്തിന്റെ മർദ്ദനോപാധിയായി കാണുന്നവരാകാം ബൂർഷ്വാ രാഷ്ട്രീയകക്ഷികളെന്ന കള്ളിയിൽ തുടരാൻ വിധിക്കപ്പെട്ടിരിക്കുന്ന കോൺഗ്രസും മറ്റും. ലീഡർ കെ. കരുണാകരൻ കേരളം ഭരിച്ച കാലത്തുണ്ടായ വൃത്തികെട്ട പൊലീസ് അനുഭവങ്ങളും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുമൊക്കെ ആ വിചാരത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജൻ കേസ് ഉദാഹരണം.

ഏറ്റവുമൊടുവിൽ കേരളത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരിന്റെ കാലത്തും കസ്റ്റഡി മരണ കഥകളൊക്കെ ഉണ്ടായിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ ശ്രീജീവ് എന്ന ചെറുപ്പക്കാരൻ കൊല ചെയ്യപ്പെട്ടത് അക്കാലത്തായിരുന്നു. പൊലീസ് എന്തൊക്കെ ചെയ്താലും മാറില്ലെന്ന ഉറച്ച ബോദ്ധ്യത്താൽ നയിക്കപ്പെടുന്നതിനാലാണോ, എന്തൊക്കെ വന്നാലും മുന്നണികൾ മാറിമാറി അധികാരമേറുന്ന കാലാവസ്ഥയാണ് കേരളത്തിലെന്ന തോന്നൽ സൃഷ്ടിച്ച അലസത കൊണ്ടാണോ എന്നറിയില്ല, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ പൊലീസ് വിവാദങ്ങളിലെല്ലാം യു.ഡി.എഫ് ചട്ടപ്പടി സമരം നടത്തി പിൻവാങ്ങുന്നതാണ് കണ്ടത്.

താഴെത്തട്ടിൽ ഉണർവ് എവിടെയും പ്രകടമായിട്ടില്ല. എന്തിനധികം പറയുന്നു, ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ മരണത്തിന് ശേഷം നീതിതേടി അവന്റെ അമ്മ മഹിജ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരത്തിനെത്തിയപ്പോൾ പോലും പിന്തുണയ്ക്കാൻ കോൺഗ്രസുകാരല്ല സമരമുഖത്ത് നിരന്നത്. ചില സാമൂഹ്യപ്രവർത്തകരായിരുന്നു. മഹിജയും കുടുംബവുമൊക്കെ സി.പി.എം അനുഭാവി കുടുംബമായിട്ടും കോൺഗ്രസ് അവസരം മുതലെടുത്തില്ല. പക്ഷേ, കേരളത്തെ ഞെട്ടിച്ചുകളഞ്ഞ ഒരു സമരമുഖം ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമ്മൾ എറണാകുളം ജില്ലയിലെ ആലുവയിൽ കണ്ടു. അത് കോൺഗ്രസുകാരുടേതായിരുന്നു. നിയമവിദ്യാർത്ഥിനിയായ മൊഫിയ പർവീണിന്റെ ആത്മഹത്യക്ക് കാരണക്കാരനായ പൊലീസുദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് സമരം. ആലുവയിൽ അതിന് നേതൃത്വം നൽകിയത് എം.എൽ.എമാരായ അൻവർ സാദത്തും റോജി എം.ജോണും എം.പിമാരായ ബെന്നി ബെഹനാനും ഹൈബി ഈഡനുമായിരുന്നു.

നിയമവിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും മാനസികരോഗിയെന്ന് അധിക്ഷേപിക്കുകയും ചെയ്ത സർക്കിൾ ഇൻസ്പെക്ടർ സുധീറിനെ ആദ്യം ആലുവയിൽ നിന്ന് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റുകയാണുണ്ടായത്. അതോടെ പ്രതിഷേധം തൽക്കാലം ശമിക്കുമെന്നും പതിയെ കാര്യങ്ങൾ ആറിത്തണുക്കുമ്പോൾ ഈ ഇൻസ്പെക്ടർക്ക് വർദ്ധിതവീര്യത്തോടെ മറ്റെവിടെയെങ്കിലും തന്റെ ക്രൂരകൃത്യങ്ങൾ പുനരാരംഭിക്കാൻ അവസരമൊരുങ്ങുമെന്നും അധികാരകേന്ദ്രങ്ങളും പൊലീസ് മേലധികാരികളും ചിന്തിച്ചിരുന്നിരിക്കാം.

ചെമ്മീൻ തുള്ളിയാൽ മുട്ടോളം, പിന്നെയും തുള്ളിയാൽ... എന്ന അവസ്ഥയിൽ യു.ഡി.എഫും കോൺഗ്രസും തുടരുന്നതായി ചിന്തിച്ചിട്ടുണ്ടാകാം. പക്ഷേ, മാറിയ കോൺഗ്രസിന്റെ പ്രക്ഷോഭമുഖമാണ് ആലുവയിൽ കണ്ടത്. അവർ വിജയം നേടിയെടുത്തിട്ടേ പിൻവാങ്ങിയുള്ളൂ. അങ്ങനെ ആ പൊലീസ് ഇൻസ്പെക്ടർ സസ്പെൻഷനിലായി. സമീപകാലത്ത്, കർഷക പ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുകുത്തിയത് പോലെയല്ലെങ്കിലും ഏതാണ്ട് അതിന് സമാനമായി തന്നെ കോൺഗ്രസ് കേന്ദ്രങ്ങൾ ഈ സമരവിജയത്തെ വാഴ്ത്തിപ്പാടി.

അതെ, കേരളത്തിൽ കോൺഗ്രസും യു.ഡി.എഫും മാറിക്കൊണ്ടിരിക്കുന്നുണ്ട്. പതിവ് ആലസ്യം കൊണ്ട് അധികാരത്തിൽ തിരിച്ചുവരാൻ സാധിക്കില്ലെന്ന ബോദ്ധ്യം അവരിലുണ്ടായിരിക്കുന്നു. സെമി കേഡർ എന്നൊക്കെയുള്ള പരിഷ്കാരങ്ങൾ ട്രോളിന് പോലും വിഷയമാകുന്നുണ്ടെങ്കിലും കോൺഗ്രസ് സെമി കേഡർ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ആലുവ സമരവിജയം ഭരണകൂടത്തിന്റെ മർദ്ദനോപാധിയാകാതിരിക്കാൻ കേരള പൊലീസിന് കിട്ടിയ മുന്നറിയിപ്പായി പോലും വ്യാഖ്യാനിക്കാവുന്നതാണ്. പ്രസവിച്ച കുഞ്ഞിനെ കിട്ടാനായി പൊരുതിയ അനുപമയ്ക്കൊപ്പം നില്‌ക്കാനും ഒരു പരിധി വരെ പ്രതിപക്ഷനേതാവും യു.ഡി.എഫ് എം.എൽ.എയായ കെ.കെ. രമയുമൊക്കെ ശ്രമിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജനകീയ സമരമുഖങ്ങളിലെ സജീവസാന്നിദ്ധ്യമായി മാറാനുള്ള അശ്രാന്ത പരിശ്രമം കോൺഗ്രസിലും യു.ഡി.എഫിലും പ്രകടമാകുന്നത്, ജനാധിപത്യസംവിധാനത്തിൽ ഒരു ശുഭലക്ഷണമാകട്ടെയെന്ന് നമുക്ക് ആശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.