തിരുവനന്തപുരം: കാനഡയിൽ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത ട്രാവൽസ് ഉടമയെ പിടികൂടി. പട്ടം റിയ ട്രാവൽ സൊല്യൂഷൻസ് ഉടമ, കവടിയാർ ഗോൾഫ് ലിങ്ക്സ് നീലിമ വീട്ടിൽ മുജീബ് റഹ്മാനെയാണ് (43) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്.
നെട്ടയം സ്വദേശി ശിവലക്ഷ്മിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപയും അവരുടെ പരിചയക്കാരിക്കും ബന്ധുക്കൾക്കും ഫാമിലി വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ചര ലക്ഷം രൂപയും ഉൾപ്പെടെ ആകെ ഒമ്പതര ലക്ഷം രൂപയും പത്ത് പാസ്പോർട്ടുകളും പ്രതി കൈക്കലാക്കുകയായിരുന്നു. ശിവലക്ഷ്മിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിസാ തട്ടിപ്പ്കേസുകൾ നിലവിലുണ്ട്. നിരവധിപ്പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുള്ള മുജീബ് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, രതീഷ്, പ്രിയ, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒമാരായ അനിൽകുമാർ, രഞ്ജിത്, പ്രീജ, സി.പി.ഒമാരായ ബിനു, രഘു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാളുടെ ഗോൾഫ് ലിങ്ക്സിലെ വീട്ടിൽ നിന്ന് നിരവധി പാസ്പോർട്ടുകളും രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചശേഷം കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് കമ്മിഷണർ അറിയിച്ചു.