ആലപ്പുഴ: കൊവിഡ് നിരക്ക് കുറയുന്നതിനിടെ മഴ വ്യാപകമായതോടെ എലിപ്പനി, ഡെങ്കിപ്പനി, വൈറൽപനികൾ പടരുന്നു. ഡെങ്കിപ്പനിയാണ് ജില്ലയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
കൊതുക് വളരാൻ സാദ്ധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിച്ച് മുൻകരുതൽ സ്വീകരിക്കണം. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ശുദ്ധ ജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. കൂത്താടി നിയന്ത്രണത്തിന് ഉറവിട നശീകരണം ഉറപ്പാക്കിയില്ലെങ്കിൽ രോഗവ്യാപനം വർദ്ധിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ മാസവും ജില്ലയിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 91 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഒരു ജീവൻ നഷ്ടമായി. കഴിഞ്ഞമാസം 12 പേർക്ക് ഡെങ്കിപ്പനി പിടിപെട്ടു. 176 പേർക്കാണ് എലിപ്പനി ബാധിച്ചത്. അഞ്ചുപേർ മരിച്ചു. ഒക്ടോബറിൽ 25 പേർക്ക് എലിപ്പനി പിടിപെട്ടു.
വൈറൽപ്പനി ബാധിതരുടെ എണ്ണവും ഉയരുകയാണ്. വിവിധ ആശുപത്രികളിൽ അരലക്ഷത്തിലധികം പേർ വൈറൽപനിക്ക് ചികിത്സ തേടി. കഴിഞ്ഞ ഒരാഴ്ചക്കിടെ 2,212 പേർക്കാണ് ജില്ലയിൽ വൈറൽപനി പിടിപെട്ടത്. അഞ്ചുപേർക്ക് എലിപ്പനിയും നാലുപേർക്ക് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. കൊവിഡ് സാഹചര്യമായതിനാൽ പനി ബാധിതരെ വീടുകളിലാണ് നിരീക്ഷണത്തിലിരുത്തുന്നത്. മഴക്കെടുതി കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊതുകിന് വളരാൻ അവസരം ഒരുക്കരുത്
1. ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ സുരക്ഷിതമായി സംസ്കരിക്കുക
2. ഫ്രിഡ്ജിന് പിന്നിലെ ട്രേ, മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രങ്ങൾ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റുക
3. കുടിവെള്ള സംഭരണികൾ കൊതുക് കടക്കാത്ത വിധം വലയോ, തുണിയോ കൊണ്ട് മൂടുക
4. കരിക്കിൻതൊണ്ട്, മച്ചിങ്ങ, ചിരട്ട, കമുകിൻ പാള, മരപ്പൊത്തുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിറുത്തരുത്
5. ടെറസിലെയും സൺഷേഡിലെയും വെള്ളം ഒഴുക്കിക്കളയുക
6. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
7. സെപ്ടിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുകുവല കൊണ്ട് മൂടിക്കെട്ടുക
8. ഉപയോഗിക്കാത്ത കിണർ, കുളം, വെള്ളക്കെട്ട് എന്നിവയിൽ ഗപ്പി മത്സ്യം വളർത്തുക
9. വാതിലുകൾ, ജനാലകൾ, എയർഹോളുകൾ എന്നിവിടങ്ങളിൽ വല പിടിപ്പിക്കുക
10. കൊതുകുവലയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
രോഗലക്ഷണങ്ങൾ
# ഡെങ്കിപ്പനി
ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടുകൂടിയ ജ്വരം, വിറയൽ
# എലിപ്പനി
ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദ്ദി, വിശപ്പില്ലായ്മ, മനംപുരട്ടൽ, കണ്ണിന് ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം
# വൈറൽ പനി
തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, തലവേദന, ക്ഷീണം
""
പൊതുവായ ജാഗ്രത അത്യാവശ്യമാണ്. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം (ഡ്രൈഡേ ആചരണം) നടത്തണം. പനി അനുഭവപ്പെട്ടാൽ സ്വയം ചികിത്സ പാടില്ല.
ജില്ല മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |