SignIn
Kerala Kaumudi Online
Thursday, 25 April 2024 11.09 PM IST

ഒമിക്രോൺ ; ആശങ്ക വേണ്ട, ജാഗ്രത മതി

omicron

കൊവിഡിന്റെ ഇരുൾ പടർന്ന ദിനങ്ങൾ മെല്ലെ മാറി തുടങ്ങിയപ്പോഴേക്കും ഏറ്റവും വ്യാപനശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചിരിക്കുന്നു.
വൈറസുകളുടെ വകഭേദങ്ങൾക്ക് പേര് നല്‌കുമ്പോൾ അവ ഉദ്ഭവിക്കപ്പെടുന്ന പ്രദേശങ്ങളുടെ പേരുകൾ പരിഗണിക്കാതെ ഗ്രീക്ക് അക്ഷരമാല ക്രമത്തിൽ പരിഗണിക്കുന്ന പതിവ് ഇവിടെയും പുലർത്തിയിരുന്നു. ആൽഫയും, ഗാമയും, ഡെൽറ്റയുമൊക്കെ അങ്ങനെയാണ് വൈറസുകൾക്ക് പേരായത്. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമാണ് ഒമിക്രോൺ. മറ്റുള്ള ഡി.എൻ.എ വൈറസുകളെക്കാൾ കൊവിഡ് വൈറസുകൾ കൂടുതലായി മ്യൂട്ടേഷന് വിധേയമാകുന്നത് എന്തെന്നാൽ അവയിൽ അടങ്ങിയിരിക്കുന്ന ആർ.എൻ.എയ്ക്ക് മ്യൂട്ടേഷൻ മൂലമുണ്ടാകുന്ന ജനിതകമാറ്റങ്ങൾ തിരുത്താൻ കഴിയില്ല എന്നതുകൊണ്ടാണ്. എന്നാൽ ഡി.എൻ.എ വൈറസുകൾ മ്യൂട്ടേഷന് വിധേയമായാൽ തന്നെയും അതിനൊപ്പം പ്രൂഫ് റീഡിങ് (സ്വാഭാവികമായ തിരുത്തൽ) കൂടി സംഭവിക്കുന്നു. കൊവിഡ് വൈറസിന്റെ ഈ പരിമിതിയാണ് ഇന്ന് ഒമിക്രോണിന്റെ വരവോടെ വൈദ്യരംഗത്തെ അലട്ടുന്നത്. ലോകാരോഗ്യസംഘടന ആശങ്കയുടെ വകഭേദം (VARIANT OF CONCERN)എന്ന കൂട്ടത്തിൽ ഇവയെ പെടുത്തിയിട്ടുണ്ട്. മറ്റുള്ളവയിൽ നിന്നും വ്യത്യസ്‌തവും വ്യാപനശേഷി കൂടിയതും നിലവിലുള്ള ആരോഗ്യസംവിധാനത്തെ മാറ്റിമറിക്കുന്ന അവസ്ഥയിലുള്ളതുമാണ് പുതിയ വകഭേദം.


വില്ലനാവുന്ന റീ-ഇൻഫെക്ഷൻ


ഏറ്റവും പ്രധാനമായ കാര്യം ഇവ റീ - ഇൻഫെക്‌ഷന് കൂടി കാരണമാകുന്നു എന്നതാണ്. എന്താണ് റീ -ഇൻഫെക്‌ഷൻ? നമ്മളിൽ പലർക്കും മുമ്പ് കൊവിഡ് വന്നിട്ടുണ്ടാകും. അല്ലെങ്കിൽ നമ്മൾ രണ്ടു ഡോസ് വാക്‌സിനുകൾ എടുത്തിട്ടുണ്ടാകും. അങ്ങനെയെങ്കിൽ രോഗത്തിനെതിരെയുള്ള ആന്റിബോഡി നമ്മുടെ ശരീരത്തിൽ രൂപപ്പെടുകയും, പിന്നീട് വരുന്ന അതേ സ്വഭാവമുള്ള രോഗാണുക്കളെ മനസിലാക്കി പ്രതിരോധിക്കുകയും ചെയ്യുന്നു. എന്നാൽ, വലിയതരത്തിൽ മ്യൂട്ടേഷൻ സംഭവിക്കുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടായിട്ടുള്ള കൊവിഡ് ആന്റിബോഡികൾക്ക് പുതിയ വകഭേദത്തെ മനസിലാക്കി പ്രതിരോധിക്കാൻ കഴിഞ്ഞെന്നുവരില്ല. അങ്ങനെവരുമ്പോൾ നമ്മുടെ ശരീരം ഈ പുതിയ വകഭേദത്തിനെതിരെ യാതൊരു പ്രതിരോധവും പ്രകടമാക്കാതെ വരികയും, എളുപ്പത്തിൽ രോഗം പിടിപെടാൻ ഇടയാക്കുകയും ചെയ്യുന്നു. ഇതാണ് റീ-ഇൻഫെക്‌ഷൻ കൊണ്ട് അർത്ഥമാക്കുന്നത്. ഒമിക്രോൺ വകഭേദത്തെ ലോകം അത്രയേറെ ഭയക്കുന്നതും ഇക്കാരണത്താലാണ്.

ഒമിക്രോൺ വകഭേദത്തിൽ ചെറിയ മ്യൂട്ടേഷനുകൾക്കു പകരം അൻപതോളം മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അതിൽത്തന്നെ മുപ്പതോളം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത് അതിലെ സ്‌പൈക് പ്രോട്ടീനുകളിലാണ്. ഇത്രയധികം മ്യൂട്ടേഷനുകൾ സ്‌പൈക് പ്രോട്ടീനിൽ വന്നിരിക്കുന്നതിനാലാണ് ഈ വകഭേദം അത്രയധികം ഗൗരവമുള്ളതായി വിലയിരുത്തപ്പെടുന്നത്.


ജാഗ്രതയിൽ രാജ്യം

ഒമിക്രോണിന്റെ ഉത്ഭവം അറിഞ്ഞനിമിഷം മുതൽ ഇന്ത്യയും, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒമിക്രോൺ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശനമായി നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാക്സിനുകളെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ ഒമിക്രോൺ മ്യൂട്ടേഷന് വിധേയമായിട്ടുണ്ടെന്ന് കരുതുമ്പോൾ തന്നെയും, ഈ പറഞ്ഞതിനൊന്നും കൃത്യമായ സ്ഥിരീകരണം ഇല്ല. നമ്മുടെ വാക്സിനുകൾക്ക് ഇവയെ ഒരുപരിധിവരെ ചെറുക്കാൻ കഴിയുമെന്നു തന്നെയാണ് ലോകാരോഗ്യസംഘടന ഇപ്പോഴും പറയുന്നത്. ഇത് ആശ്വാസകരമാണ്. ഇന്ത്യ ഭൂരിഭാഗം ആൾക്കാരിലേക്കും നാം വാക്‌സിൻ എത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്ത് ഒമിക്രോണിന്റെ വ്യാപനം അത്ര സുഗമമാവില്ലെന്ന് പ്രതീക്ഷിക്കാം.


(ലേഖകൻ കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OMICRON
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.