SignIn
Kerala Kaumudi Online
Thursday, 25 April 2024 9.03 PM IST

ലഹരി തുടക്കത്തിലേ തടുക്കാൻ

photo

ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദോഷവശങ്ങൾ അറിയാത്തവരായി ആരും ഉണ്ടെന്ന് തോന്നുന്നില്ല. സമൂഹത്തിന് വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കം സ്‌കൂളുകളിൽ നിന്നാവണം. ലഹരി അടിമത്തം അവസാനിപ്പിക്കാൻ പൊലീസോ, എക്‌സൈസ് ഡിപ്പാർട്ട്‌മെന്റോ മാത്രം വിചാരിച്ചാൽ സാധിക്കില്ല. സമൂഹം ഒരുമിച്ച് നിന്ന് ശ്രമിക്കണം.

മൂന്നു വർഷം എക്‌സൈസ് കമ്മിഷണർ ആയി ജോലി ചെയ്യുകയും, 984 വിദ്യാലയങ്ങൾ സന്ദർശിക്കുകയും ചെയ്ത ലേഖകൻ തന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി മലയാളത്തിൽ ഒരു പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. 'വൈകും മുൻപേ' എന്നാണ് പുസ്തകത്തിന്റെ പേര്. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഇനിപ്പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ ലഹരിക്കെതിരെ ആശ്ചര്യകരമായ മാറ്റങ്ങളാവും ഉണ്ടാവുക.

വിദ്യാലയങ്ങളിൽ

അടിയന്തരമായി

ചെയ്യേണ്ടത്

1. വിദ്യാലയങ്ങളുടെ ഇരുന്നൂറു മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ, പാൻ കടകൾ , മിഠായി കടകൾ, ഐസ്‌ക്രീം പാർലറുകൾ, ജ്യൂസ് കടകൾ തുടങ്ങിയവയിൽ സംശയാസ്പദമായി കുട്ടികൾ കൂട്ടം കൂടുന്നതായി കണ്ടെത്തിയാൽ പ്രിൻസിപ്പലോ, സ്‌കൂൾ മാനേജ്‌മെന്റോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ എക്‌സൈസ് റേഞ്ച് ഓഫീസിലോ അറിയിക്കേണ്ടതാണ്.

2. വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിക്കുക. ഈ ക്ലബ് മുഖാന്തരം ലഹരി വസ്തുക്കളിൽ നിന്ന് കുട്ടികളുടെ ശ്രദ്ധ കായികം, ക്വിസ്, മറ്റു കലാപരിപാടികൾ എന്നിവയിലേക്ക് തിരിച്ചുവിടണം. ലേഖകൻ എക്‌സൈസ് കമ്മിഷണർ ആയിരിക്കുമ്പോൾ ഇത്തരം ക്ലബ്ബുകളുടെ രൂപീകരണത്തിനായി ലഹരി വിമുക്തി ഫണ്ടിൽ നിന്നും 3000 രൂപ വീതം 3000 സ്‌കൂളുകൾക്ക് നല്‌കിയിരുന്നു.

3. വിദ്യാലയങ്ങളുടെ ചുറ്റും ഉറപ്പുള്ള മതിൽക്കെട്ടുകൾ ഉണ്ടായിരിക്കണം. മതിൽക്കെട്ടുകളുടെ അഭാവത്തിൽ പുറത്തുനിന്നുള്ള ആളുകൾ ക്ലാസ് മുറികളിൽ വരെ ലഹരിവസ്തുക്കൾ എത്തിച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.

4. മതിൽകെട്ടുകളുള്ള വിദ്യാലയങ്ങളിൽ ലഹരി വസ്തുക്കൾ, പെൻഡ്രൈവ്, അശ്ലീല സാഹിത്യങ്ങൾ,പുകയില വസ്തുക്കൾ മുതലായവ പുറത്തു നിന്നും അകത്തേക്ക് എറിഞ്ഞു കൊടുക്കുന്ന സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. അതിനാൽ അധികാരികൾ വിദ്യാലയങ്ങൾക്ക് അകത്തോ പുറത്തോ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതെ നോക്കണം.

5. വിദ്യാലയങ്ങളുടെ പ്രധാന കവാടങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണം, മുൻ സെക്യൂരിറ്റി ഓഫീസറന്മാരെയോ വിമുക്ത ഭടന്മാരെയോ പരിഗണിക്കാം. വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും കുട്ടികൾ ഗേറ്റിൽ കൂടി നില്‌ക്കുകയും ഈ അവസരങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ പുറത്തുനിന്നുള്ള ആളുകൾ ലഹരിവസ്തുക്കൾ കൊണ്ടുവന്ന് ഇവർക്കായി വിതരണം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം.

6. സ്‌കൂളിൽ പ്രവർത്തിക്കുന്ന NCC, SPC (Student Police Cadet), scout & guide , NSS തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ക്ലാസ്, ടോയ്ലറ്റ്, ഹോസ്റ്റൽ എന്നിവിടങ്ങളിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രിൻസിപ്പൽ ഒരു ടീം ഉണ്ടാക്കി വിവരങ്ങൾ ശേഖരിക്കണം.

7. ഒരു പഠനം അനുസരിച്ച് ക്ലാസുകളിൽ ഏറ്റവും കൂടുതൽ ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. ഇങ്ങനെയുള്ള അവസരങ്ങൾ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടാൽ അവർ വിദ്യാർത്ഥികളെ മനസിലാക്കി വിവരം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണം. തുടർന്ന വിദ്യാർത്ഥിയെ കൗൺസിലിങ്ങിന് വിധേയമാക്കണം.

8. സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം എല്ലാ വിദ്യാലയങ്ങളിലും സ്ഥിരമായോ താത്കാലികമായോ ഓരോ കൗൺസിലർമാരെ നിയമിക്കണം. അത് കൗൺസിലിങ് ആവശ്യമായി വരുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം പകരും.

9. പ്രിൻസിപ്പലിന്റെ മുറിയുടെ പുറത്തോ വിദ്യാലയങ്ങളുടെ മുന്നിലോ പരാതിപ്പെട്ടികൾ സ്ഥാപിക്കണം. നേരിട്ട് പരാതിപ്പെടാൻ കഴിയാത്ത കുട്ടികൾക്ക് പരാതികൾ അറിയിക്കാൻ ഇത് ഉപകരിക്കും.

10. പ്രിൻസിപ്പൽമാർ, POSH (Prevention of Sexual Harrasement) ആക്ട് പ്രകാരം രൂപീകരിച്ച മൂന്നംഗ കമ്മറ്റിക്ക് നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും. ഈ ആക്ട് വഴിയും ലഹരിവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതാണ്. കാരണം ചില അവസരങ്ങളിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെയും ആൺകുട്ടികൾ പെൺകുട്ടികളെയും ഭീഷണിപ്പെടുത്തി ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ നിർബന്ധിക്കാറുണ്ട്.

11. വിദ്യാർത്ഥികളെ ഏതെങ്കിലും കായിക ഇനങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കണം ( Sports is the biggest antidote to the use of drugs)

12. മാസത്തിൽ ഒരു തവണയെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് വിദഗ്ദ്ധരെക്കൊണ്ട് ബോധവത്ക്കരണ ക്ലാസുകൾ എടുപ്പിക്കണം. കൂടാതെ ഇതു സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുകയും വേണം.

13. ലേഖകൻ എക്‌സൈസ് കമ്മിഷണർ ആയിരുന്ന സമയം അന്നത്തെ എക്‌സൈസ് വകുപ്പ് മന്ത്രി ഓരോ വിദ്യാലയങ്ങൾക്കും ഓരോ എക്‌സൈസ് ഓഫീസറെ നിയമിച്ചു കൊണ്ടുള്ള ഒരു പദ്ധതി വിഭാവനം ചെയ്തിരുന്നു. അതുപ്രകാരം ഏകദേശം 3000 സ്‌കൂളുകളിൽ 3000 എക്‌സൈസ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ അതേ രീതിയിൽ ബാക്കിയുള്ള സ്‌കൂൾ/ കോളേജുകളിലും ആ പദ്ധതി നടപ്പാകുന്നുണ്ടോയെന്നു ഒരു അവലോകനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

14. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ അദ്ധ്യാപകർ മനസിലാക്കിയിരിക്കേണ്ടതാണ്. ക്ലാസിൽ എന്തെങ്കിലും ചവച്ചു കൊണ്ടിരിക്കുക, അടിക്കടി ശൗചാലയങ്ങളിൽ പോകാൻ ശ്രമിക്കുക,അദ്ധ്യാപകരോട് എതിർത്ത് സംസാരിക്കുക, ക്ലാസിലിരുന്ന് ഉറങ്ങുക,പഠനത്തിൽ പിന്നോക്കം പോവുക തുടങ്ങിയ ലക്ഷണങ്ങൾ അദ്ധ്യാപകർ മനസിലാക്കി കുട്ടിയോട് വ്യക്തിപരമായി സംസാരിച്ച് കൗൺസിലിങ്ങിന് വിധേയമാക്കുകയും ഇവ മാതാപിതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യണം.

15. എക്‌സൈസ് ഡിപ്പാർട്ട്മെന്റും ആരോഗ്യവകുപ്പും എല്ലാ ജില്ലകളിലും ലഹരി വിമുക്ത കേന്ദ്രങ്ങൾ നടത്തുന്നുണ്ട്, ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങൾ പി.ടി.എ വഴി എല്ലാവരിലും എത്തിക്കണം. ലഹരി വസ്തുക്കൾക്ക് അടിമകളായി പോകുന്ന കുട്ടികളെ അവിടെയെത്തിച്ച് ചികിത്‌സിപ്പിക്കാനും ഇവയിൽ നിന്നെല്ലാം പിന്തിരിപ്പിക്കാനും കഴിയുന്നതാണ്.

16. കുട്ടികൾക്ക് അവരുടെ കഴിവ് അനുസരിച്ച് മാർക്കുകൾ വാങ്ങാനുള്ള സ്വാതന്ത്ര്യം കൊടുത്തിരിക്കണം. ഫുൾ മാർക്ക് വേണമെന്നുള്ള അനാവശ്യ സമ്മർദ്ദം അവർക്കുമേൽ ചെലുത്താൻ പാടില്ല. ഉയർന്ന മാർക്ക് വേണമെന്നുള്ള സമ്മർദ്ദങ്ങളും അവ നേടിയെടുക്കാൻ കഴിയാതെ വരുമ്പോഴുള്ള പേടിയും നിരാശയും കുട്ടികൾ ലഹരിക്ക് അടിമകളാകാനുള്ള ചില സാദ്ധ്യതകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRUG ABUSE IN STUDENTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.