SignIn
Kerala Kaumudi Online
Friday, 19 April 2024 2.53 PM IST

ഏറ്റുമുട്ടലിന്റെ പാത ഗുണകരമല്ല

parliament

ദയാവധത്തിനു വിധിക്കപ്പെട്ട മൂന്നു കാർഷിക പരിഷ്കരണ നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലുകൾ ശൈത്യകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ പാർലമെന്റ് പാസാക്കിയിരിക്കുകയാണ്. ബില്ലുകളിന്മേൽ പ്രതിപക്ഷ കക്ഷികൾ ചർച്ച ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. നിയമം റദ്ദാക്കാൻ ഒരു വർഷത്തോളം നീണ്ട പ്രക്ഷോഭത്തിലായിരുന്നു കർഷക സംഘടനകൾ. പ്രതിപക്ഷ പാർട്ടികളും ഒരേസ്വരത്തിൽ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രക്ഷോഭം നീട്ടിക്കൊണ്ടുപോകുന്നത് രാഷ്ട്രീയമായി ലാഭകരമല്ലെന്ന തിരിച്ചറിവുകൊണ്ടു കൂടിയാകാം വിവാദ നിയമങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്. പിൻവലിക്കപ്പെടുന്ന നിയമങ്ങളെക്കുറിച്ച് പാർലമെന്റിലും പുറത്തും ധാരാളം ചർച്ചകൾ നടന്നതാണ്. അതേ കാര്യങ്ങൾക്കായി സഭയുടെ വിലപ്പെട്ട സമയം കളയേണ്ടതില്ലെന്ന സർക്കാർ നിലപാട് തെറ്റാണെന്നു പറയാനാവില്ല. പുതിയ കാർഷിക നിയമങ്ങളുടെ പേരിൽ സർക്കാരിനെ മുട്ടുകുത്തിച്ചെന്ന അവകാശവാദവുമായി സഭയിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പ്രതിപക്ഷനീക്കം മനസിലാക്കിയിട്ടാകാം ഒരുവിധ ചർച്ചയും കൂടാതെ ബിൽ പാസാക്കാൻ സർക്കാർ തുനിഞ്ഞത്. ലോക്‌സഭയിൽ ബില്ലുകൾ പാസാക്കാൻ കേവലം അഞ്ചുമിനിട്ടാണ് എടുത്തത്. രാജ്യസഭയിലാകട്ടെ പത്തു മിനിട്ടും. ദേശീയ പ്രാധാന്യമുള്ള ബില്ലുകൾ പോലും ബഹളത്തിനിടയിൽ നിമിഷനേരംകൊണ്ട് പാസാക്കാറുള്ള പാർലമെന്റിൽ വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലുകളെക്കുറിച്ച് ചർച്ച അനുവദിച്ചില്ലെന്നു പരിഭവപ്പെടുന്നത് നിരർത്ഥകമാണ്.

ബഹളമുണ്ടാക്കി നടപടികൾ സ്തംഭിപ്പിക്കുന്ന പ്രവണത പാർലമെന്റിലും നിയമസഭകളിലും പതിവായിരിക്കുകയാണ്. സമചിത്തതയും മാന്യതയും വെടിഞ്ഞ് ഏതറ്റം വരെയും താഴാൻ ഒരു മടിയുമില്ലെന്നായിരിക്കുന്നു. ജനങ്ങൾക്ക് മാതൃക കാട്ടേണ്ടവർ ജനാധിപത്യ പാരമ്പര്യവും അന്തസും വെടിഞ്ഞ് കായികമായി ഏറ്റുമുട്ടാനൊരുങ്ങിയ അരോചക രംഗങ്ങളും കാണേണ്ടിവരുന്നു. ജനകീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും സർക്കാർ നിലപാട് പുറത്തുവരുന്നത് ചോദ്യോത്തരവേളയിലാണ്. എന്നാൽ സമീപകാലത്തായി ഏറ്റവുമധികം ചേതം സംഭവിക്കുന്നതും ഇതിനാണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഏതെങ്കിലും പ്രശ്നമുന്നയിച്ച് സഭ തുടങ്ങുമ്പോഴേ ബഹളം ആരംഭിച്ചിരിക്കും. ചോദ്യോത്തരവേള ഇതിൽ മുങ്ങിപ്പോവും. തിങ്കളാഴ്ച പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിലും കണ്ടു ഈ സ്ഥിതിവിശേഷം. താങ്ങുവില നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ മറ്റു നടപടികൾ അസാദ്ധ്യമായി. ഈ ബഹളത്തിനിടയിൽത്തന്നെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ചർച്ചകൂടാതെ പാസാക്കിയത്.

പാർലമെന്റിൽ സദാ സമാധാനം പുലരണമെന്നും ഏറ്റുമുട്ടലുകൾ പാടില്ലെന്നും ആരും പറയില്ല. എന്നാൽ സംയമനം നഷ്ടപ്പെടുന്നത് ക്രിയാത്മക ചർച്ചകൾക്കും വാഗ്വാദങ്ങൾക്കുമുള്ള അവസരമാണ് ഇല്ലാതാക്കുന്നതെന്ന് ഓർക്കണം. പ്രതിപക്ഷ കക്ഷികളെക്കാൾ സഭ തട്ടും തടയുമില്ലാതെ നടത്തിക്കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഭരണപക്ഷത്തിനു തന്നെയാണെന്ന കാര്യവും സ്മരണീയമാണ്. സഭയിൽ നല്ല ഭൂരിപക്ഷമുള്ളത് ഏതു വിഷയത്തിലും ഏകപക്ഷീയ തീരുമാനങ്ങളെടുക്കാനുള്ള ലൈസൻസായി കരുതരുത്. ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തുവേണം സർക്കാർ മുന്നോട്ടുപോകാൻ.

കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസം രാജ്യസഭയിൽ നടന്ന പ്രക്ഷുബ്ധ രംഗങ്ങളുടെ പേരിൽ 12 അംഗങ്ങളെ ഈ സമ്മേളനകാലം തീരും വരെ സസ്‌പെൻഡ് ചെയ്ത നടപടിയാകും പുതിയ ഏറ്റുമുട്ടലിനു കാരണമാകുക. ഒറ്റയടിക്ക് ഇത്രയധികം മെമ്പർമാരെ ദീർഘകാലത്തേക്കു സഭയിൽ നിന്നു പുറത്താക്കുന്നത് ഇതാദ്യമാണ്. സർക്കാരും ഏറ്റുമുട്ടലിന്റെ പാതയിൽത്തന്നെയാണെന്ന പ്രതീതിയാണ് ഇതിലുള്ളത്. പാർലമെന്റിൽ സമാധാനം നിലനില്‌ക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ആത്മാർത്ഥമാണെങ്കിൽ ഈ സസ്‌പെൻഷൻ നടപടി പുനഃപരിശോധിക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARLIAMENT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.