SignIn
Kerala Kaumudi Online
Saturday, 20 April 2024 8.31 AM IST

ചതിയിൽ ചൈന കൈവശപ്പെടുത്തിയ എന്റബെ വിമാനത്താവളം ഉഗാണ്ട മറന്നാലും ഇസ്രയേലിന് മറക്കാനാവില്ല, ഇവിടെയാണ് ഇസ്രയേൽ കമാൻഡോകളുടെ ശക്തി ലോകം തിരിച്ചറിഞ്ഞത് 

israel-flag

കമ്പാല : കടക്കെണിയിൽപെടുത്തി രാജ്യങ്ങളുടെ മേൽ ആധിപത്യം സ്വീകരിക്കുന്ന ചൈനീസ് നടപടിക്ക് ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയും ഇരയായിരുന്നു. ചൈനീസ് ലോൺ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിന് ഉഗാണ്ടയുടെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ എന്റബെ ഇന്റർനാഷണൽ എയർപോർട്ട് ചൈന സ്വന്തമാക്കിയതോടെയാണ് ഇത്. 2015ലാണ് 207 മില്യൺ ഡോളറിന്റെ വായ്പ ഉഗാണ്ടയ്ക്ക് നൽകിയത്. രണ്ട് ശതമാനം പലിശയ്ക്കായിരുന്നു ഇത്. എന്റബെ വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായിട്ടാണ് വായ്പ ഉപയോഗിച്ചത്. എന്നാൽ അന്താരാഷ്ട്ര ഇമ്മ്യൂണിറ്റിക്കുള്ള വ്യവസ്ഥ ഒഴിവാക്കിയ ഉഗാണ്ടൻ സർക്കാരിന്റെ നടപടിയാണ് അന്താരാഷ്ട്ര മദ്ധ്യസ്ഥത കൂടാതെ എന്റബെ ഇന്റർനാഷണൽ എയർപോർട്ട് കൈവശപ്പെടുത്താൻ ചൈനയ്ക്ക് വഴിയൊരുക്കിയത്.

ഉഗാണ്ടയുടെ ഏക അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ചൈന വായ്പ അനുവദിച്ചത്. എന്നാൽ ഈ വിമാനത്താവളം മറ്റൊരു രാജ്യത്തിനും ഏറെ പ്രിയപ്പെട്ടതാണ്. ലോകത്തിന് മുന്നിൽ ഇസ്രയേലിന്റെ കരുത്ത് പ്രദർശിപ്പിക്കുവാനുള്ള അവസരം ഉണ്ടായ വിമാനത്താവളമായിരുന്നു ഇത്. ഓപ്പറേഷൻ തണ്ടർബോൾട്ട് എന്ന് തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ആ സാഹസം ഇസ്രയേലിന് പിൽക്കാലത്ത് മികച്ച ഓപ്പറേഷനുകൾ നടത്താനുള്ള ധൈര്യം സമ്മാനിക്കുകയും ചെയ്തു.

ഇസ്രയേലിന്റെ ഏറ്റവും അപകടസാദ്ധ്യതയുണ്ടായിരുന്നതും അസാധാരണവുമായ ഓപ്പറേഷനായിരുന്നു ഓപ്പറേഷൻ തണ്ടർബോൾട്ട്, ഇതിനെ ഓപ്പറേഷൻ എന്റബെ എന്നും അറിയപ്പെടുന്നു. 1976ലായിരുന്നു ഈ ഓപ്പറേഷൻ നടന്നത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും ഭീകരമായ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഉഗാണ്ട. 1976 ജൂൺ 27ന് ഇസ്രയേലിൽ നിന്ന് ഒരു അജ്ഞാത ലക്ഷ്യസ്ഥാനത്തേക്ക് എയർ ഫ്രാൻസ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതോടെയാണ് ഓപ്പറേഷൻ തണ്ടർബോൾട്ടിന് ആരംഭം കുറിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി), ജർമ്മൻ തീവ്രവാദി സംഘടനയിലെ അംഗങ്ങളായിരുന്നു ഹൈജാക്കർമാർ. ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം ലിബിയയിലെ ബെംഗാസിയിലേക്ക് പറന്നു, അവിടെ വച്ച് ഗർഭിണിയായ ഒരു സ്ത്രീയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. പിന്നീട് 253 യാത്രക്കാർ, ജോലിക്കാർ എന്നിവരോടൊപ്പം, ഇന്ധനം നിറച്ച വിമാനം അന്ന് വൈകുന്നേരം ബെൻഗാസിയിൽ നിന്ന് പറന്നുയർന്നു, പുലർച്ചെ മൂന്ന് മണിക്ക് ശേഷം ഉഗാണ്ടയിലെ എന്റബെ എയർപോർട്ടിൽ ലാൻഡ് ചെയ്തു, അവിടെ ഹൈജാക്കർമാർക്കൊപ്പം സായുധരായ മൂന്ന് പലസ്തീൻ ഭീകരർ കൂടി ഉണ്ടായിരുന്നു.

ഉഗാണ്ടയിൽ എത്തിയ ഉടൻ വിമാനത്തിൽ നിന്നും ഇസ്രായേൽ ഇതര യാത്രക്കാരെ അക്രമികൾ പുറത്ത് പോകാൻ അനുവദിച്ചു. ഇതോടെ എയർ ഫ്രാൻസ് വിമാനം റാഞ്ചിയവരുടെ ലക്ഷ്യം ഇസ്രയേൽ മാത്രമായി മാറുകയായിരുന്നു.
ഇസ്രായേൽ, കെനിയ, പശ്ചിമ ജർമ്മനി എന്നിവിടങ്ങളിൽ തടവിലാക്കിയ 53 തീവ്രവാദികളെ മോചിപ്പിക്കുക എന്നതായിരുന്നു ബന്ദികളുടെ ആവശ്യം. 106 യാത്രക്കാരെയും വിമാന ജീവനക്കാരെയും ബന്ദികളാക്കിയായിരുന്നു വിലപേശൽ തുടർന്നത്.

വിമാനം ബന്ദികൾ തട്ടിയെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ്, ഇസ്രയേലിൽ നിന്ന് ഉഗാണ്ടയിലേക്ക് കമാൻഡോകൾ പറന്നിറങ്ങിയത്. 100 ഇസ്രയേൽ സൈനികർ അർദ്ധരാത്രിയിൽ വിദേശ രാജ്യത്തേക്ക് പറന്ന് വിമാനത്താവളത്തിൽ അതിക്രമിച്ച് കയറി നിയന്ത്രണം പിടിച്ചെടുക്കുകയും, ഏകദേശം 90 മിനിട്ടിനുള്ളിൽ ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. ഉഗാണ്ടൻ പ്രസിഡന്റ് ഇദി അമിൻ ഉപയോഗിച്ചതിന് സമാനമായ കറുത്ത മെഴ്സിഡസ് ലിമോയിലാണ് ഇസ്രയേൽ കമാൻഡോകൾ വിമാനത്താവളത്തിൽ പ്രവേശിച്ചത്.

ഓപ്പറേഷൻ തണ്ടർബോൾട്ടിൽ മൂന്ന് ബന്ദികൾ കൊല്ലപ്പെട്ടു, പരിക്കേറ്റ ഒരാൾ പിന്നീട് ആശുപത്രിയിൽ വച്ചും മരണപ്പെട്ടു. മുൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജ്യേഷ്ഠൻ ലഫ്റ്റനന്റ് കേണൽ യോനാഥൻ നെതന്യാഹു രക്ഷാദൗത്യത്തിനിടെ മരിച്ചു. ( സഹോദരന്റെ മരണവിവരം അറിയിച്ചുകൊണ്ടുള്ള ഒരു ഫോൺകോൾ ലഭിച്ചതിനെത്തുടർന്ന്, അമേരിക്കയിൽ വ്യവസായിയായിരുന്ന ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു.)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISRAEL FLAG, OPERATION THUNDER BOLT, THUNDER BOLT, ISRAEL OPERATION, ISRAEL, CHINA, ENTABAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.