SignIn
Kerala Kaumudi Online
Thursday, 28 March 2024 7.18 PM IST

പോയവസന്തം നിറമാല ചാർത്തും

bichu-thirumala

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബിച്ചു തിരുമലയുടെ ഒരു ഗാനം സ്വപ്നകാമനകളെ തട്ടിയുണർത്തി,​ ഏകാന്തതയുടെ ഏതോ പാടവരമ്പത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. ഹൃദയം ദേവാലയം... എന്ന ഗാനമായിരുന്നു അത്. സ്കൂൾ കലോത്സവത്തിൽ പ്രസംഗമത്സരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട എന്നോടൊപ്പമുണ്ടായിരുന്ന സഹപാഠി ഉണ്ണികൃഷ്‌ണനാണ് അത് പാടിക്കേൾപ്പിച്ചത്. ഗാനാലാപനമത്സരത്തിൽ അവനത് പാടിനിറുത്തുമ്പോൾ സ്കൂൾകാമ്പസാകെ കരഘോഷത്താൽ നിറഞ്ഞിരുന്നു.

'ആനകളില്ലാതെ അമ്പാരിയില്ലാതെ

ആറാട്ടു നടക്കാറുണ്ടിവിടെ
സ്വപ്നങ്ങൾ ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേർന്ന്
കഥകളിയാടാറുണ്ടിവിടെ

ചിന്തകൾ സപ്താഹം ചൊല്ലാറുണ്ടിവിടെ
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യ മഹാക്ഷേത്രം മാനവ ഹൃദയം ദേവാലയം...' - എന്ന ഭാഗം എത്ര തവണയാണ് അവനെക്കൊണ്ട് പാടിച്ചിട്ടുള്ളത്. പഠനവും ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയതിൽ പിന്നെ ബിച്ചുവേട്ടനുമായി അടുക്കാൻ ഒരുപാട് സന്ദർഭങ്ങളുണ്ടായി. കവിയരങ്ങുകൾ, സാഹിത്യ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവയ്ക്കായി ഒന്നിച്ചുള്ള എത്രയെത്ര യാത്രകൾ. അതിൽ ഇണക്കം മാത്രമല്ല,​ ചില്ലറ പിണക്കങ്ങളും ഉണ്ടായിരുന്നു. അപ്പോഴെല്ലാം ഞങ്ങളെ അടുപ്പിച്ചുനിറുത്തിയത് അദ്ദേഹത്തിലെ കുട്ടിത്തം കലർന്ന സ്നേഹമായിരുന്നു. കാസർകോട്ടേക്കായിരുന്നു ‌ഒരുമിച്ച് കൂടുതൽ സഞ്ചരിച്ചിട്ടുള്ളത്. സാഹിത്യകാരന്മാരെ സ്വീകരിക്കുന്നതിൽ വളരെ ഉദാരമനസ്കരാണ് ആ പ്രദേശത്തുള്ളവർ എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടേക്കുള്ള യാത്രകൾ ഒഴിവാക്കിയിരുന്നില്ല. ശാരീരികമായ പ്രയാസങ്ങളാൽ യാത്രകളും സമ്മേളനങ്ങളും പരമാവധി ഒഴിവാക്കാൻ സ്നേഹനിധികളായ ഭാര്യ പ്രസന്നകുമാരിയും മകൻ സുമൻശങ്കറും ശ്രദ്ധിച്ചിരുന്നെങ്കിലും ഞങ്ങളുടെ സമ്മേളനയാത്രകൾക്ക് കാര്യമായ കുറവുണ്ടായിരുന്നില്ല. പിന്നീട് പല കാരണങ്ങളാൽ അതും മുടങ്ങി. അനുസരണയില്ലാത്ത മുടി മാടിയൊതുക്കി 'ബുജി കണ്ണട' താഴ്ത്തി നോക്കുന്ന ബിച്ചുവേട്ടൻ ഇപ്പോൾ നക്ഷത്രങ്ങൾക്കൊപ്പം പുഞ്ചിരിക്കുന്നുണ്ടാവും.

ഞങ്ങളുടെ കൂടിക്കാഴ്ചകൾക്ക് പലപ്പോഴും നിമിത്തമായിട്ടുള്ള മലയാളനാട് മാനേജിംഗ് എഡിറ്ററായിരുന്ന എ.ആർ. ഷാജിയും ഇപ്പോഴില്ല. അദ്ദേഹം നേരത്തേ മടങ്ങിപ്പോയി. കാല്പനിക കവിത്രയം എന്ന് വാഴ്ത്താവുന്ന വയലാറും പി.ഭാസ്കരനും ഒ.എൻ.വിയും ഉഴുതുമറിച്ച പാട്ടിന്റെ പാടത്തിരുന്നാണ് ബിച്ചു തിരുമലയും കവിതയുടെ പ്രഭാതകിരണങ്ങൾ കണ്ടത്. പക്ഷേ,​ സായാഹ്നം വരെ അവിടെ കാറ്റേറ്റിരിക്കാനും സ്വപ്നംകാണാനും ബിച്ചു തിരുമല ഒരുക്കമായിരുന്നില്ല. മലയാളികളെ പ്രേമിക്കാനും സ്വപ്നം കാണാനും പഠിപ്പിച്ച ഈ കവികൾക്കു പിന്നാലെ,​ചിലപ്പോഴെങ്കിലും അതിനെ അതിജീവിച്ചും പാട്ടെഴുതിയവരാണ് ശ്രീകുമാരൻതമ്പിയും പൂവച്ചൽ ഖാദറും കെ.ജയകുമാറും ഗിരീഷ്‌ പുത്തഞ്ചേരിയുമെല്ലാം. കാവ്യസൗകുമാര്യം തുളുമ്പുന്ന പാട്ടിന്റെ ആ പാലാഴിയിൽ പിന്നെയും നീന്താനും വല വീശാനും ബിച്ചുതിരുമല മിനക്കെട്ടില്ല. അവിടെനിന്നു

കുതറിമാറി ഗാനമാധുരിയുടെ പുതിയ സരോവരം തീർക്കുകയായിരുന്നു ബിച്ചു. ഏതു മേളത്തിലും നൃത്തം ചെയ്യാനറിയുന്ന മെയ്‌വഴക്കമുണ്ടായിരുന്നു ആ കാവ്യാംഗനയ്ക്ക്. ക്ലാസിക് ശൈലിയെന്നോ നാടോടിയെന്നോ തട്ടുപൊളിപ്പനെന്നോ ഉള്ള വേർതിരിവ് ബിച്ചുവിന് ബാധകമായിരുന്നില്ല. ചലച്ചിത്ര സംവിധായകനും സംഗീത സംവിധായകനും മനസിൽ കാണുന്നത് മാനത്ത് കാണിച്ചുകൊടുക്കുകയായിരുന്നു വാക്കുകളെ അമ്മാനമാടിയ ഈ പ്രതിഭാശാലി.

'ജ്യോതിർമയിയാം ഉഷസിന് മേഘങ്ങൾ വെള്ളിച്ചാമരം വീശി'യതു കാട്ടിത്തന്ന വയലാറിന്റെ മുന്നിൽ 'പ്രഭാതം പൂമരക്കൊമ്പിൽ തൂവൽ കുടഞ്ഞൂ, ഉണർന്നൂ നീലവാനം' എന്നഴുതിയാണ് ബിച്ചു പുതിയ പാട്ടുവഴിക്ക് നക്ഷത്രദീപം തെളിച്ചത്. പാട്ടെഴുതാൻ വേണ്ടി മാത്രം ജനിച്ച കവിയാണ് ബിച്ചു. പാട്ടിന്റെ മായികലോകത്ത് ചക്രവർത്തിയായി വാഴുമ്പോൾ ഈടുറ്റ കവിതകൾ എഴുതാനായില്ലല്ലോ എന്ന ചിന്തയൊന്നും അലട്ടിയിരുന്നില്ല. വേറൊരു ജനുസായിരുന്നു ബിച്ചു. പാരഡിയും കോമഡിയും പറയാനാണെങ്കിൽ തിക്കുറിശ്ശി സുകുമാരൻനായരേക്കാൾ കേമൻ. സ്വകാര്യ സംഭാഷണങ്ങളിലാണ് അത് അണപൊട്ടി ഒഴുകിയിരുന്നത്. പാട്ടും പക്കമേളവും അഭിനയവുമെല്ലാം ചേർന്ന ഒരു ആവിഷ്കാരമാണത്. പ്രായഭേദംമറന്ന് എല്ലാവരും അതുകേൾക്കാൻ ചുറ്റും കൂടുമായിരുന്നു. നഷ്ടവസന്തത്തിന്റെ ആ ഏടുകൾ മറിക്കുമ്പോൾ ഓരോ പാട്ടിന്റെയും പിന്നിലെ കഥ കൂടി പറയുന്നതും ഓർമ്മയിലെത്തുന്നു.

ഈണത്തിനനുസരിച്ച് പാട്ടെഴുതാൻ ബിച്ചുവിനെപ്പോലെ വേഗതയുള്ള മറ്റൊരു കവി ഉണ്ടായിരുന്നില്ല. ‘ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം’ എന്ന പാട്ട് രൂപപ്പെട്ടത് സംഗീതസംവിധായകൻ രവീന്ദ്രന്റെ വിരലുകൾ ഹാർമോണിയത്തിൽ വെറുതേയൊന്നു തഴുകിയപ്പോൾ! ‘ചിരിയോചിരി’ എന്ന സിനിമയുടെ കമ്പോസിംഗിന്റെ ചർച്ചയിലായിരുന്നു ഇരുവരും. അതിനിടെ വെറുതേ മീട്ടിയ ഒരീണം ബിച്ചുവിന് പെട്ടെന്ന് ക്ലിക്കായി- ‘‘ഇത് കൊള്ളാമല്ലോ’. ഒപ്പം വന്നു വരികളും. ഓരോ വരി കഴിയുമ്പോഴും അടുത്ത ഭാഗം മീട്ടും രവീന്ദ്രൻ. പിന്നാലെ വരികൾ. ഈണം പൂർത്തിയായപ്പോൾ വരികളും റെഡി.

ജെറി അമൽദേവും ബിച്ചുവും കൂടി ആലപ്പുഴ റെസ്റ്റ് ഹൗസിൽ പാട്ടൊരുക്കാനിരിക്കുമ്പോൾ ഫാസിലിന്റെ കന്നിച്ചിത്രത്തിന് പേരിട്ടിരുന്നില്ല. പാട്ടിന്റെ ഈണംമൂളിയും സംസാരിച്ചും ഇരുവരും ബീച്ചിലൂടെ നടക്കവേ മഴപെയ്തു. നനഞ്ഞൊലിച്ചാണ് റൂമിലെത്തിയത്. അപ്പോൾ ടേപ്പ് റെക്കാ‌ഡറിൽ ആ ഈണം മറ്റുള്ളവർ കേൾക്കുകയായിരുന്നു. മുഖത്തെ മഴത്തുള്ളികൾ തുടച്ചുനീക്കവേ ദേ വരുന്നു വരികൾ! 'മിഴിയോരം നനഞ്ഞോഴുകും മുകിൽമാലകളോ...' - തിരക്കഥ ഓർത്തപ്പോൾ നേരത്ത കണ്ട ഒരു പ്രഭാതദൃശ്യം കൂടി തെളിഞ്ഞു. അങ്ങനെയാണ് 'മഞ്ഞിൽവിരിഞ്ഞ പൂവേ...'- എന്നുകൂടി എഴുതിയത്. മഞ്ഞുകാലം പൂക്കൾ കൊഴിയുന്ന കാലമാണ്. അപ്പോൾ മഞ്ഞിൽവിരഞ്ഞ പൂവ് എന്നെങ്ങനെ ശരിയാവും? സംവിധായകൻ ഫാസിലിന് ആശങ്ക. അനുഭവക്കാഴ്ച വിശദീകരിച്ച് ബിച്ചു അത് പരിഹരിച്ചു. ''രാവിലെ കനാലിന്റെ തീരത്തുകൂടി നടക്കവേ മരത്തലപ്പുകളിൽ മഞ്ഞിൻകണങ്ങൾ ഇറ്റിനിൽക്കുന്നതു കണ്ടു. പൂക്കൾകൂടി ഒപ്പം വിടർന്നിരുന്നെങ്കിൽ എത്ര ഭംഗിയായിരുന്നു! ഈ ചിന്തയിൽനിന്നാണ് ആ വരികൾ വന്നത്.'' സിനിമയുടെ പേരിലേക്കു കൂടി വെളിച്ചം വീശുന്നതായിരുന്നു ഫാസിലിന് ആ വിശദീകരണം. ബിച്ചുവിന്റെ വരികളിലെ ദൃശ്യബിംബത്തിനും കഥയ്ക്കും തമ്മിൽ അത്രയ്ക്ക് പൊരുത്തമുണ്ട്. കുടയെടുക്കാൻ മറന്നതിനാൽ കിട്ടിയ പാട്ട് എന്നാണ് ബിച്ചു അതിനെ പൊട്ടിച്ചിരിച്ചുകൊണ്ട് വിശേഷിപ്പിച്ചിരുന്നത്. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന സിനിമയെ സൂപ്പർഹിറ്റാക്കിയത് അതിലെ പാട്ടുകളാണെന്നു പറഞ്ഞാൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതുമില്ല.

'അവളെന്നെ നോക്കി, ഞാനതുകണ്ടില്ല...' എന്നു തുടങ്ങുന്ന ഒരു ഗാനമാണ് ബിച്ചു അവസാനമായി എഴുതിയത്. പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായ അദ്ദേഹം ഒരു സിനിമാസംഘടനയ്ക്കായി എഴുതിയ ഈ ഗാനത്തിന് ജെറി അമൽദേവ് ഈണമിട്ടെങ്കിലും റെക്കോഡ് ചെയ്ത് കേൾക്കും മുമ്പേ ജീവൻ ബിച്ചുവിനെ വിട്ട് പറന്നുപോയി. മരണം വന്നുനോക്കുന്നത് അറിഞ്ഞുകൊണ്ട് എഴുതിപ്പോയതാവാം ഈ വരികൾ.

1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി. ഭാസ്കരൻ നായരുടെയും തിരുവനന്തപുരം, ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയുടെയും മൂത്തമകനായി ജനിച്ച ബി.ശിവശങ്കരൻ നായ‌രെ മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള വിളിച്ചിരുന്ന ചെല്ലപ്പേരാണ് ബിച്ചു. താമസം തിരുമലയിലായതിനാൽ ബിച്ചു തിരുമലയായി. നാവിൻതുമ്പിൽ തത്തിക്കളിക്കുന്ന ആയിരക്കണക്കിന് ഗാനങ്ങൾക്ക് ജീവൻനൽകിയ ബിച്ചു മലയാളസിനിമയ്ക്ക് സമ്മാനിച്ചത് പാട്ടിന്റെ വസന്തകാലമാണ്. അദ്ദേഹം വിടവാങ്ങിയെങ്കിലും ആ തൂലികയിൽ നിന്നുതിർന്ന ഗാനങ്ങൾക്ക് മരണമില്ല. എല്ലാ ഋതുവിലും നിറമാലചാർത്തി അവ പരിമളം ചൊരിഞ്ഞുകൊണ്ടേയിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BICHU THIRUMALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.