SignIn
Kerala Kaumudi Online
Thursday, 25 April 2024 6.55 AM IST

പാവങ്ങളെ പരീക്ഷിക്കരുത്

life

സ്വന്തമായി ഒരു തുണ്ട് ഭൂമിയും കിടപ്പാടവുമില്ലാത്ത പാവപ്പെട്ടവർക്ക് ഉപകരിക്കേണ്ട പ്രധാനപ്പെട്ട ഒരു പദ്ധതിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥ അതിക്രൂരമെന്നു തന്നെ വിശേഷിപ്പിക്കണം. ലൈഫ് മിഷനു കീഴിൽ പാവപ്പെട്ടവർക്കു വീടുകളൊരുക്കുന്ന പദ്ധതിയെക്കുറിച്ചാണു പരാമർശം. എൽ.ഡി.എഫ് സർക്കാരിന്റെ ഏറ്റവും ജനോപകാര പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന ലൈഫ് മിഷൻ പദ്ധതി ഇതിനകം രണ്ടരലക്ഷം വീടുകൾ നിർമ്മിച്ചുകഴിഞ്ഞു. അഞ്ചുലക്ഷം വീടുകൾ കൂടി ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർത്തീകരിക്കുക എന്ന ലക്ഷ്യവുമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വീടിന് അർഹതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്. ഒൻപതുലക്ഷത്തിൽപ്പരം അപേക്ഷകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത്. പകുതി പേർക്കെങ്കിലും മൂന്നുവർഷത്തിനകം വീടു നിർമ്മിച്ചു നൽകാൻ അത്യദ്ധ്വാനം വേണ്ടിവരും. നിർഭാഗ്യകരമെന്നു പറയട്ടെ ലഭിച്ച ഒൻപതു ലക്ഷത്തിലധികം അപേക്ഷകളുടെ പുറത്ത് തപസിരിക്കുകയാണ് ഉദ്യോഗസ്ഥർ.

അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തി അർഹതയുള്ളവരെ കണ്ടെത്തി പട്ടിക തയ്യാറാക്കിവേണം അടുത്ത നടപടികളിലേക്കു കടക്കാൻ. ഈ പ്രക്രിയ ഒച്ചിഴയും വേഗത്തിലാണ്. മാസങ്ങൾ കഴിഞ്ഞിട്ടും നാലിലൊന്ന് അപേക്ഷകളുടെ പരിശോധനയേ പൂർത്തിയായിട്ടുള്ളൂ എന്നാണു വിവരം. നവംബർ 30 നകം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നതാണ്. പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. എന്നാൽ കൃഷിവകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സേവനം വിട്ടുകൊടുക്കാൻ വകുപ്പുമേധാവികൾ തയ്യാറായില്ല. ഇത് പരിശോധന മന്ദഗതിയിലാക്കി. കൃഷി അസിസ്റ്റന്റുമാർ മാത്രമേ ചുമതല ഏറ്റെടുക്കാതെയുള്ളൂ. ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, വി.ഇ.ഒമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാർ എന്നീ വിഭാഗങ്ങൾ പരിശോധന നടത്തുന്നുണ്ട്. എന്നാൽ കാര്യങ്ങൾക്ക് ഉദ്ദേശിച്ച വേഗമില്ല. വകുപ്പുകളുടെ മൂപ്പിളമ തർക്കം ഇതുപോലൊരു പദ്ധതി നടത്തിപ്പിൽ വില്ലനാകുന്നത് സഹിക്കാനാകില്ല.

പ്രത്യേക സാമ്രാജ്യമായി നില്‌ക്കാനുള്ള ചില വകുപ്പുകളുടെ അമിതോത്സാഹം ലക്ഷക്കണക്കിനു പേർക്ക് ഉപകരിക്കേണ്ട പദ്ധതിയാണ് വൈകിപ്പിക്കുന്നതെന്ന് അവർ തിരിച്ചറിയണം. വകുപ്പുമന്ത്രിയോ മുഖ്യമന്ത്രിയോ ഇടപെട്ട് അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കാൻ നടപടിയെടുക്കേണ്ടതായിരുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുകിട്ടുന്നില്ലെങ്കിൽ സർക്കാർ വകുപ്പുകളിൽ വേറെയുമുണ്ടല്ലോ ധാരാളം ഉദ്യോഗസ്ഥർ. അവരുടെ സേവനം തേടാമായിരുന്നു. ആറുലക്ഷത്തോളം അപേക്ഷകൾ ഇനിയും പരിശോധിച്ചിട്ടില്ല. ഈ വേഗമാണെങ്കിൽ അടുത്തവർഷം പകുതി കഴിഞ്ഞാലും പരിശോധനയും പട്ടിക തയ്യാറാക്കലും പൂർത്തിയാകില്ല. സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന മോഹം പൂവണിയുന്നതും കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ പദ്ധതി അനിശ്ചിതമായി നീണ്ടുപോകുമ്പോൾ അനുഭവിക്കുന്ന മനഃക്ളേശം ചെറുതല്ല. അതൊക്കെ അറിയേണ്ട ബാദ്ധ്യത തീർച്ചയായും സർക്കാരിനുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകരെ കണ്ടെത്താൻ വിശദ പരിശോധന വേണ്ടിവരും. ക്രമക്കേടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതൊക്കെ സമയം വേണ്ടിവരുന്ന നടപടികളാണ്. എന്നാലും ജില്ലാതലത്തിലോ മണ്ഡലാടിസ്ഥാനത്തിലോ അപേക്ഷകൾ പരിശോധിച്ച് അർഹത നിശ്ചയിക്കാൻ സംവിധാനമൊരുക്കാം. അർഹതാ മാനദണ്ഡങ്ങൾ കൃത്യമായി നിർണയിക്കപ്പെട്ടിട്ടുള്ളതിനാൽ പരിശോധനയ്‌ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ജോലി എളുപ്പമാകും.

നിർമ്മാണച്ചെലവ് ഉയരുന്നതിനാൽ ഭവന നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ സർക്കാരിനു വലിയ ബാദ്ധ്യത നേരിടേണ്ടിവരും. ഇപ്പോൾത്തന്നെ നിർമ്മാണ സാമഗ്രികളുടെ വില ആറുമാസം മുൻപുണ്ടായിരുന്നതിനേക്കാൾ മുപ്പതോ നാല്പതോ ശതമാനം ഉയർന്നിട്ടുണ്ട്. അപേക്ഷാ പരിശോധനയ്ക്കുതന്നെ വർഷങ്ങളെടുത്താൽ എവിടെച്ചെന്നെത്തുമെന്ന് ധാരണയുണ്ടാകണം. ഉദ്യോഗസ്ഥർ പോരെന്നു കണ്ടാൽ കൂടുതൽ പേരെ വച്ച് പരിശോധന പൂർത്തിയാക്കണം. ജോലിയൊന്നുമില്ലാതെ ആയിരക്കണക്കിനു പേർ ചില വകുപ്പുകളിൽ ഉണ്ടെന്നല്ലേ ശമ്പള കമ്മിഷനുകളും ഭരണപരിഷ്കാര കമ്മിഷനുകളും പറഞ്ഞിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFE MISSION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.