മുംബയ്: ഐ.പി.എല്ലിൽ ടീമുകൾ നിലനിറുത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നതോടെ അടുത്ത സീസണിൽ ടീമുകൾ പുതിയ വിജയ ഫോർമുലയും സമവാക്യങ്ങളും കണ്ടെത്തേണ്ടതുണ്ടെന്ന് ഉറപ്പായി.
സൂപ്പർ താരങ്ങളായ എം.എസ് ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സും വിരാട് കൊഹ്ലിയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും നിലനിറുത്തി. എന്നാൽ കഴിഞ്ഞ വർഷത്തേതിനെക്കാൾ കുറഞ്ഞ തുകയ്ക്കാണ് ഇരുവരും പുതിയ സീസണിനായി കരാറിൽ ഒപ്പുവച്ചത്. കഴിഞ്ഞ സീസണിൽ 15 കോടിയായിരുന്ന ധോണിയുടെ പ്രതിഫലം ഇത്തവണ 12കോടിയാണ്. 3 കോടികുറഞ്ഞു. 17 കോടിയായിരുന്ന വിരാട് കൊഹ്ലിയുടെ പ്രതിഫലം ഈ സീസണിൽ 15 കോടിയേ ഉള്ളൂ. ഇരുവരും പ്രതിഫലം കുറച്ചതോടെ ആ തുക അവരുടെ ടീമുകൾക്ക് മെഗാലേലത്തിൽ ഉപയോഗിക്കാനാകും. അങ്ങനെ മികച്ച താരങ്ങളെ എത്തിച്ച് ടീം ശക്തിപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടൽ. 16കോടി വീതം ലഭിച്ച ജഡേജ, രോഹിത്, പന്ത് എന്നിവർക്കാണ് നിലനിറുത്തിയ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത്.
അതേസമയം പ്രതിഫലം കുത്തനെ ഉയർന്ന താരങ്ങളും ഉണ്ട്.കഴിഞ്ഞ ഐ.പി.എല്ലിന്റെ രണ്ടാം പാദത്തിൽ സ്വപ്ന സമാന ഫോമിലേക്കുയർന്ന വെങ്കിടേഷ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തത് 20 ലക്ഷം രൂപയ്ക്കായിരുന്നു. എന്നാൽ ഇത്തവണ താരത്തെ നിലനിറുത്താനായി കൊൽക്കത്ത മുടക്കിയത് 8 കോടി രൂപയാണ്. പ്രതിഫലത്തിൽ 40 ഇരട്ടി വർദ്ധനവാണ് അയ്യർക്കുണ്ടായിരിക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് തന്നെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ എത്തിച്ച റിതുരാജ് ഗെയ്ക്വാദിനെ അവർ ഇത്തവണ നിലനിറുത്തിയത് 6 കോടി രൂപയ്ക്കാണ്. കെ.എൽ രാഹുലിനെ പഞ്ചാബിനും റഷീദ്ഖാനെ ഹൈദരാബാദിനും നിലനിറുത്താൻ താത്പര്യമുണ്ടായിരുന്നെങ്കിലും ഇരുവരും നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
നിലനിറുത്തിയ
താരങ്ങളുടെ പ്രതിഫലം
(ബ്രായ്ക്കറ്റിൽ പ്രതിഫലത്തുക പുതിയതും പഴയതും ക്രമത്തിൽ )
ചെന്നൈ -ധോണി (12കോടി-15 കോടി), ജഡേജ (16കോടി-7കോടി),മോയിൻ(8കോടി-7 കോടി),റിതുരാജ് (6കോടി-20 ലക്ഷം)
ഡൽഹി- പന്ത് (16കോടി- 8കോടി), പട്ടേൽ (12കോടി-5 കോടി),പ്രിഥ്വി (8കോടി-1.2 കോടി), നോർട്ജെ (6കോടി-90ലക്ഷം)
മുംബയ് - രോഹിത് (16കോടി-15കോടി),ബുംറ (12കോടി-7കോടി), സൂര്യ(8കോടി-3.2കോടി),പൊള്ളാഡ് (6കോടി-5.4 കോടി)
കൊൽക്കത്ത-റസ്സൽ (12കോടി-7കോടി),വരുൺ (8കോടി-4കോടി),വെങ്കിടേഷ് (8കോടി-20 ലക്ഷം), നരെയ്ൻ(6കോടി-8.5 കോടി)
രാജസ്ഥാൻ - സഞ്ജു (14കോടി-8കോടി), ബട്ട്ലർ (10കോടി-4.4കോടി), യശ്വസി(4കോടി-2.4 കോടി)
പഞ്ചാബ്-മായങ്ക് (12കോടി- 1കോടി), അർഷദീപ് (4കോടി-20 ലക്ഷം)
ഹൈദരാബാദ്-വില്യംസൺ (14കോടി-3 കോടി), സമദ് (4കോടി-20 ലക്ഷം), ഉമ്രാൻ(4കോടി-10 ലക്ഷം)
ബാംഗ്ലൂർ-കൊഹ്ലി (15കോടി-17 കോടി),മാക്സ്വെൽ (11കോടി -14.25കോടി), സിറാജ് (7കോടി-2.6കോടി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |