SignIn
Kerala Kaumudi Online
Saturday, 20 April 2024 3.00 AM IST

40 വർഷം, ബീന കണ്ട റഷ്യ ഇന്നും യാത്രയുടെ ഇതിഹാസം

k-a-beena

നാലുപതിറ്റാണ്ടുകൾ മുമ്പ്, അന്ന് ഒമ്പതാം ക്ളാസിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടി എഴുതിയ ഒരു യാത്രാവിവരണ പുസ്‌തകം കാലങ്ങൾ കടന്ന് ഇന്നും അത് വായിച്ചവരുടെയും പുതുതായി വായിക്കുന്നവരുടെയും മനസിൽ മായാത്ത താളുകളായി തിളങ്ങിനിൽക്കുന്നു. ആ പുസ്‌തകം തങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടുവെന്ന് അതു വായിച്ചവർ വിലയിരുത്തുന്നു. പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകയായ ഗീതാബക്ഷി എഡിറ്റ് ചെയ്‌ത് നൊസ്റ്റാൾജിയ പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച ' കെ.എ.ബീനയുടെ ബീന കണ്ട റഷ്യ @ 40 ഒരു പുസ്‌തകം പല വായനകൾ' വേറിട്ടു നിൽക്കുന്നത് ഈ കാരണത്താലാണ്. സ്നേ‌ഹവും സൗഹൃദവും ഓർമ്മകളും കോർത്തിണക്കിയ ഈ ഗ്രന്ഥം വായനക്കാരനെ സാമൂഹ്യ മാദ്ധ്യമങ്ങളുടെ ഈ വേലിയേറ്റക്കാലത്തും വായനയിൽ സജീവമായി പിടിച്ചിരുത്തുന്നു.

'ലെനിന്റെ രാജ്യം കണ്ട എന്റെ അമ്മ' ബീനയുടെ മകൻ ഋത്വിക് ബൈജു ഇതിൽ എഴുതിയ കുറിപ്പിന്റെ തലവാചകമാണിത്. '13 വയസിലാണ് ഞാൻ ആദ്യമായി ഫ്ളൈറ്റിൽ യാത്ര ചെയ്യുന്നത്, ചെന്നൈയിലേക്ക്. അന്ന് ഭയവും പരിഭ്രമവും ഒന്നും മനസിൽ ഉണ്ടായിരുന്നില്ല. ആകാംക്ഷയും എന്തെന്നില്ലാത്ത സന്തോഷവുമായിരുന്നു മനസ് നിറയെ. കാരണം എനിക്കൊപ്പം ഉള്ളത് റഷ്യ കണ്ട ബീനയായിരുന്നു. 13 വയസിൽ ലെനിന്റെ രാജ്യം കണ്ട എന്റെ അമ്മ." ഋത്വിക് തുടരുന്നു.

'അമ്മയായിരുന്നു എന്റെ കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ട്. പക്ഷേ ആ ഫ്രണ്ട് എന്നെക്കാളും മുമ്പെ ഫ്ളൈറ്റിൽ കയറിയെന്നും റഷ്യ വരെ പോയെന്നും കേട്ടപ്പോൾ എനിക്കു വിശ്വസിക്കാനായില്ല. എനിക്കും അമ്മയ്‌ക്കും ഒരേ പ്രായമല്ലേ. അച്ഛൻ പോയെന്ന് പറഞ്ഞാലും ഞാൻ വിശ്വസിച്ചേനെ. അപ്പൊ അമ്മ എപ്പോൾ പോയി. എന്നെ കൂട്ടാതെയോ? ഞാൻ കരഞ്ഞു ബഹളം വച്ചു. അമ്മ എനിക്ക് 'ബീന കണ്ട റഷ്യ" വായിക്കാൻ തന്നു. ഞാൻ വായിച്ച ആദ്യത്തെ യാത്രാവിവരണം. ഒരു മായാപ്രപഞ്ചമായിരുന്നു ആ പുസ്‌തകം. ഞാൻ ഒറ്റ ഇരുപ്പിൽ അത് വായിച്ചുതീർത്തു. 'അപ്പൂപ്പനോട് ഒരുദിവസം ഞാൻ ചോദിച്ചു. ഒരു കൊച്ചുകുട്ടിയെ റഷ്യയിൽ വിടാൻ അപ്പൂപ്പന് എങ്ങനെ ധൈര്യം വന്നു. ഞാൻ ആണെങ്കിൽ പുറത്തിറങ്ങാൻ അമ്മൂമ്മയൊ അപ്പൂപ്പനോ സമ്മതിക്കില്ല. ചോദ്യം കേട്ട് അപ്പൂപ്പൻ ചിരിച്ചു. നീ വലുതാവുമ്പോ നീയും പൊയ്ക്കോ. കേട്ടുവന്ന അമ്മൂമ്മയും തലകുലുക്കി. ഞാൻ കാത്തിരുന്നു വലുതാവാൻ. അങ്ങനെ പോയ യാത്രയായിരുന്നു ചെന്നൈയിലേക്ക്.' വൈകാരികവും രസകരവുമായ കുറിപ്പുകൾ അടങ്ങുന്ന ഈ പുസ്‌തകത്തിൽ ഡോ.ജോർജ് ഓണക്കൂർ മുതൽ കവയത്രി വിജയലക്ഷ്‌മി വരെ ബീനയുമായി അടുപ്പമുള്ള പ്രശസ്‌തരും അപ്രശസ്‌തരും എഴുതിയിട്ടുണ്ട്.

'ബീന കണ്ട റഷ്യ @40, ഒരു പുസ്‌തകം പലവായനകൾ" എന്ന ഈ പുസ്‌തകത്തിൽ ഏതാണ്ട് അറുപതോളം പേർ അവരുടെ ബീന കണ്ട റഷ്യ വായനാനുഭവം പങ്കുവയ്‌ക്കുന്നു. ഈ പുസ്‌‌തകം ഒരു വ്യക്തിയെന്ന നിലയിൽ അവരെ എങ്ങനെ രൂപപ്പെടുത്തിയെന്ന് ഓർക്കുന്നു." എഡിറ്റർ ഗീതീബക്ഷി പറയുന്നു. കോട്ടൺഹിൽ സ്കൂളിൽ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ബീന സോവിയറ്റ് റഷ്യയിലെ ആർത്തേകിൽ ലോകമെമ്പാടുനിന്നും വരുന്ന കുട്ടികളുടെ ക്യാമ്പിൽ പങ്കെടുത്തത്. അയ്യായിരത്തോളം കുട്ടികൾ ഒരേ മനസോടെ താമസിച്ചു. ആ യാത്ര നൽകിയ പുസ്‌തകമാണ് 'ബീന കണ്ട റഷ്യ"യെന്ന് ബീന തന്നെ പറയുന്നുണ്ട്.

beena

യാത്ര കഴിഞ്ഞ് വന്നപ്പോൾ ഞാൻ പഠിക്കുന്ന കോട്ടൺഹിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ് എന്നോട് സ്കൂൾ അസംബ്ളിയിൽ അതേക്കുറിച്ച് സംസാരിക്കാൻ പറഞ്ഞു. സംസാരിച്ച ശേഷമുള്ള പ്രശ്‌നം അങ്ങോട്ടുമിങ്ങോട്ടും പോകാൻ വിടാതെ ടീച്ചേഴ്സും കുട്ടികളും എന്നെ വളയും. എല്ലാവർക്കും റഷ്യയിലെ വിശേഷങ്ങൾ അറിയണം.

റഷ്യയിൽ പോയപ്പോൾ എന്തു കഴിച്ചു? മഞ്ഞ് കണ്ടോ? ഒരു രക്ഷയുമില്ല. എനിക്കിനി സ്കൂളിൽ പോവേണ്ടെന്ന് ഞാൻ അമ്മയോട് പറഞ്ഞു. വിശേഷം പറഞ്ഞ് മടുത്തു. അന്ന് അമ്മ പറഞ്ഞു, എന്നാൽ പിന്നെ നീ ഒരു കാര്യം ചെയ്യ്, ഇതെല്ലാം കൂടി എഴുതി അവർക്ക് വായിക്കാൻ കൊടുക്ക്. ആഴ്ചപ്പതിപ്പിൽ ഇത് തുടർച്ചയായി പ്രസിദ്ധീകരിച്ചു. പൊങ്ങച്ചവും സ്ഥിതി വിവരക്കണക്കുകളും ഇല്ലാത്ത ഒരു യാത്രാ വിവരണമെന്നാണ് അന്ന് അതിനെ പത്രാധിപർ എം.ടി.വാസുദേവൻനായർ വിശേഷിപ്പിച്ചത്.

ബീന ഇപ്പോൾ റീജണൽ ഒൗട്ട്‌റീച്ച് ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്‌ടറാണ്. ബീനയും ഗീതാബക്ഷിയും തമ്മിലുള്ള സൗഹൃദത്തിൽ നിന്നാണ് ഈ പുസ്തകം സൃഷ്ടിക്കപ്പെട്ടത്. തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ ജോർജ് ഓണക്കൂർ, ശ്യാമപ്രസാദ്, പി.കെ.രാജശേഖരൻ, അനിതാ തമ്പി, സുജ സൂസൻ ജോർജ്, പ്രജേഷ്സെൻ, രതീഷ്.സി.നായർ, ബൈജു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങ് ഹൃദ്യമായിരുന്നു. ഓണക്കൂറിൽ നിന്ന് മിടുക്കിക്കുട്ടിയായ ഉമക്കുട്ടിയാണ് പുസ്‌തകം സ്വീകരിച്ചത്. സൗഹൃദങ്ങളുടെ ഒരു ഒത്തുചേരലായിരുന്നു ആ വേദിയും സദസും. ബീന പുസ്‌തകത്തിൽ പറയുന്നുണ്ട്. 'സൗഹൃദങ്ങളുടെ ഒരു പൂക്കാലമാണ് എന്റെ ജീവിതമെന്ന് എപ്പോഴുമെനിക്ക് തോന്നാറുണ്ട്."

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LITERATURE, BOOKS, , BOOK, K A BEENA, RUSSIA, GEETHA BAKSHI, TRAVALOGUE, TRAVEL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.