SignIn
Kerala Kaumudi Online
Friday, 19 April 2024 4.28 PM IST

പിറക്കട്ടെ,​ തുല്യ പങ്കാളിത്തത്തിന്റെ പുതുലോകം

disabled-day

ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം

.................

കേരളത്തിൽ 1999 ലാണ് The Persons with Disabilities (Equal Opportunity Protection of Rights and Full Participation) Act 1995 പ്രകാരം ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള കമ്മിഷണറേറ്റ് സ്ഥാപിതമായത്. എന്നാൽ 2016 ലെ The Rights of Persons with Disabilities Act 2017 ൽ നടപ്പിലാക്കിയത് മൂലം 1995 ലെ നിയമം റദ്ദാക്കപ്പെട്ടു. അതിനുശേഷം 2016 ലെ ഭിന്നശേഷി അവകാശസംരക്ഷണ നിയമപ്രകാരം ആണ് കമ്മിഷണറേറ്റ് പ്രവർത്തിച്ച് വരുന്നത്. 2016 ലെ ഭിന്നശേഷി നിയമം പൂർണമായും നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക, ഭിന്നശേഷിക്കാർക്ക് നിയമ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുക, അവ നടപ്പിലാക്കുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങളും പോരായ്മകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അവ ക്രിയാത്മകമായി പരിഹരിച്ച് ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിൽ നിക്ഷിപ്തമായ പ്രധാന ചുമതലകൾ.

എല്ലാവർഷവും ഡിസംബർ മൂന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത് 1992 ൽ ആയിരുന്നു. എല്ലാ മേഖലകളിലും മറ്റുള്ളവർക്കൊപ്പം ഭിന്നശേഷിക്കാരെയും മുൻനിരയിലെത്തിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ് എന്നതിന്റെ ഒാർമ്മപ്പെടുത്തൽ വേളയായും ഇൗ ദിനാചരണത്തെ കാണണം. ' 2021 ലെ ഇൗ ദിനാചരണത്തിന്റെ പ്രമേയം കൊവിഡാനന്തര ലോകത്തിന്റെ നിലനില്‌പിലും പ്രാപ്യതയിലും ഉൾക്കൊള്ളലിലും ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും' എന്നതാണ്.

നമ്മുടെ ഗവൺമെന്റിന്റെ പ്രഖ്യാപിത നയം തന്നെ നമ്മുടെ എല്ലാ സംവിധാനങ്ങളിലും ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുക എന്നതാണ്. മാത്രമല്ല, നമ്മുടെ സംവിധാനത്തിൽ ഒരു രംഗത്തും ഭിന്നശേഷിക്കാർ പാർശ്വവത്കരിക്കപ്പെടുന്നില്ല എന്നും, എല്ലാ കാര്യത്തിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നുമുള്ള മഹത്തായ ലക്ഷ്യത്തോടെ നിയമപരിരക്ഷ നൽകിയുള്ള പദ്ധതികളാണ് ഇവിടെ നടപ്പാക്കിവരുന്നത്. ഭിന്നശേഷിക്കാരുടെ തുല്യതയും വേർതിരിവില്ലായ്മയും പ്രാപ്യതയും സമ്പൂർണമായ ഉൾക്കൊള്ളലും എന്ന അടിസ്ഥാന അവകാശ പ്രഖ്യാപനം ആദ്യമായി അംഗീകരിച്ച് നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇത്തരം ലക്ഷ്യങ്ങൾ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് പ്രവർത്തിക്കുന്നത്.

സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടിയുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് നമ്മുടെ നിയമ സംവിധാനങ്ങളിൽ പ്രാപ്യതയും തുല്യതയും ഉറപ്പാക്കുക, സമൂഹത്തിൽ അവർക്ക് മാന്യതയും അന്തസും ഉറപ്പുവരുത്തുക എന്നിവയൊക്കെ സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ചെയ്തുവരുന്ന പ്രവർത്തനങ്ങളാണ്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മറ്റുള്ള കുട്ടികൾക്കൊപ്പം തുല്യത ഉറപ്പാക്കുക, ഒരു രീതിയിലും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേർതിരിവ് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഉന്നത വി​ദ്യാഭ്യാസത്തി​ന്റെ കാര്യത്തി​ൽ നി​യമം മൂലം ഉറപ്പാക്കി​യി​ട്ടുള്ള അഞ്ചുശതമാനം സംവരണം ഭി​ന്നശേഷി​ക്കാരായ കുട്ടി​കൾക്ക് ലഭി​ക്കുന്നു എന്ന് ഉറപ്പു വരുത്തുക, അവരുടെ കലാകായി​ക അഭി​രുചി​കൾ വി​കസി​പ്പി​ക്കാൻ വേണ്ട നടപടി​കൾ കൈക്കൊള്ളുക, സർക്കാരി​ൽനി​ന്നും ബെഞ്ച് മാർക്ക് ഡി​സെബി​ലി​റ്റി​ (Bench Mark Disability) ഉള്ള കുട്ടികൾക്ക് സ്കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, അവരുടെ പഠന നിലവാരം ഉയർത്താൻ വേണ്ട നടപടികൾ കൈക്കൊള്ളുക, ഗവേഷണങ്ങൾ നടത്തുക എന്നിവയും നമ്മുടെ നിയമം നിർദ്ദേശിക്കുന്ന പ്രധാന വ്യവസ്ഥകളാണ്.

ഭിന്നശേഷിക്കാരായ ചെറുപ്പക്കാർക്ക് നൈപുണ്യ വികസനത്തിനും സ്വയം തൊഴിൽ കണ്ടെത്താനും വേണ്ട സഹായങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുക, അവരുടെ ബൗദ്ധികവും ശാരീരികവുമായിട്ടുള്ള വികസനത്തിന് വേണ്ട ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുക, അവരുടെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള പദ്ധതികൾ തയ്യാറാക്കുക, തൊഴിൽ മേഖലയിൽ ഭിന്നശേഷിക്കാർ യാതൊരുവിധ വേർതിരിവിനും ഇരകളാകുന്നില്ലെന്ന് ഉറപ്പാക്കുക, ഭിന്നശേഷി അവകാശ നിയമത്തിൽ ഉറപ്പാക്കിയിരിക്കുന്ന നാല് ശതമാനം സംവരണം സർക്കാർ പൊതുമേഖലാ ജോലികളിൽ ബെഞ്ച് മാർക്ക് ഡിസെബിലിറ്റി ഉള്ള ഭിന്നശേഷിക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഭിന്നശേഷിക്കാരുടെ ബോധവത്കരണത്തിനായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, അവരിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുക, ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ പ്രാപ്യതയും സമത്വവും ഉറപ്പ് വരുത്തുക, സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഗുണം ഭിന്നശേഷിക്കാരിൽ എത്തിച്ചേരുന്നു എന്നത് ഉറപ്പാക്കുക എന്നിവയൊക്കെ സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ ചുമതലയിൽപ്പെട്ട കാര്യങ്ങളാണ്.

ഇവയ്ക്കെല്ലാം പുറമേ, ഭിന്നശേഷി സഹോദരങ്ങൾക്ക് അവരുടെ അവകാശങ്ങളെപ്പറ്റിയുള്ള അറിവ് പകരണമെന്നും നിയമബോധമുണ്ടാക്കണമെന്നും ഭിന്നശേഷി അവകാശനിയമം നിർദ്ദേശിക്കുന്നു.

ഇത്തരം കാര്യങ്ങളുടെ അവലോകനവും വിലയിരുത്തലുമാകട്ടെ ഇൗ വർഷത്തെ ഭിന്നശേഷി ദിനാചരണം.

സംസ്ഥാന ഭിന്നശേഷി കമ്മിഷണറാണ് ലേഖകൻ. ഫോൺ: 9496325838.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERNATIONAL DAY OF DISABLED PERSONS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.