SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.07 AM IST

ചൂളം വിളിക്കാൻ ശബരിപാത

rail

മദ്ധ്യകേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരി റെയിൽപാത രണ്ടര പതിറ്റാണ്ടായി കേരളത്തിന്റെ സ്വപ്നമാണ്. എഴുപതിനായിരം കോടിയോളം ചെലവുള്ള തിരുവനന്തപുരം- കാസർകോട് റെയിൽപാത സ്വന്തം ബാദ്ധ്യതയിൽ വിദേശവായ്പയെടുത്ത് നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ശബരി പാതയ്ക്ക് പരമാവധി 3500കോടിയാണ് ചെലവ്. ഈ പദ്ധതിയാണ് സംസ്ഥാനവും കേന്ദ്രവുമായി ചെലവ് പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ടരപതിറ്റാണ്ടോളം നീണ്ടുപോയത്. ചെലവിന്റെ പകുതി വഹിക്കാമെന്നും നിർമ്മാണ ചുമതല ഏറ്റെടുക്കാമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചതോടെ ശബരിപാതയ്ക്ക് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. ഇതിനു പുറമെ, ഭൂമിയേറ്റെടുക്കൽ ചെലവുകൾക്കായി ഭൂമിവിലയുടെ 30ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാർജായി റെയിൽവേ നൽകേണ്ടിയിരുന്നത് സംസ്ഥാനം വേണ്ടെന്നുവച്ചിട്ടുണ്ട്. 900കോടിയാണ് ഭൂമിയേറ്റെടുപ്പിന് ചെലവ്.

1997-98ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ശബരി പാതയിൽ അങ്കമാലി മുതൽ കാലടി വരെ ഏഴ് കിലോമീ​റ്റർ റെയിൽപാതയാണ് ഇതുവരെ നിർമ്മിച്ചത്. കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാത ഇനി നിർമ്മിക്കാനുണ്ട്. ശബരിപാതയ്ക്കായി 264 കോടി രൂപ റെയിൽവേ ചെലവാക്കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കാൻ അവസാനം നൽകിയ 100 കോടി മറ്റ് പദ്ധതികൾക്കായി വകമാറ്റണമെന്ന് മൂന്നുവർഷമായി റെയിൽവേ ആവശ്യപ്പെടുകയാണ്. ഭൂമിയേറ്റെടുക്കൽ സെല്ലുകളും ഉദ്യോഗസ്ഥരും നിലവിലുണ്ട്. പദ്ധതി 2020 ൽ റെയിൽവേ മരവിപ്പിച്ചതിനാൽ ഇവരെല്ലാം വെറുതേയിരിക്കുകയാണ്. 20 വർഷം മുൻപ് 900പേരുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. ഇവർക്ക് ഭൂമി വില്‌ക്കാനോ ഈട് വയ്ക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇത് ജനരോഷത്തിനിടയാക്കിയിട്ടുണ്ട്. 2017ൽ പദ്ധതി ചെലവ് 2815കോടി രൂപയായിരുന്നു. എസ്​റ്റിമേ​റ്റ് പുതുക്കുമ്പോൾ ഇത് 3500 കോടിയായി ഉയരും. റെയിൽവേ ചെയ്യുന്നതിലും 20ശതമാനം ചെലവുകുറച്ച് ശബരിപാത നിർമ്മിക്കാമെന്നാണ് കേരളം അറിയിച്ചത്. എൻജിനിയറിംഗ് പ്രൊക്യുർമെന്റ് കൺസട്രക്‌ഷൻ (ഇ.പി.സി) രീതിയിൽ ഡിസൈനും നിർമ്മാണവും കരാറുകാരുടെ ചുമതലയാണ്. ഇങ്ങനെയായാൽ നാല് വർഷം കൊണ്ട് പണിതീരും. തീർന്നില്ലെങ്കിൽ കരാറുകാർ പിഴയൊടുക്കേണ്ടിവരും. പക്ഷേ, കേരളത്തിന്റെ ആവശ്യത്തോട് റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആകാശ സർവേ ഉടൻ

ശബരി റെയിൽ പാതയുടെ പുതുക്കിയ എസ്​റ്റിമേ​റ്റ് തയാറാക്കാൻ ആകാശ സർവേ ഉടൻ നടത്തും. ഇതിനായുള്ള ലിഡാർ സർവേയ്ക്ക് റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമി​റ്റഡ് (കെറെയിൽ) ഗ്രൗണ്ട് കൺട്രോൾ പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആകാശ സർവേ സുഗമമായി നടത്താനാണ് ഇത്. ജനജീവിതത്തിനു തടസമുണ്ടാകാത്ത രീതിയിലാണ് ലൈ​റ്റ് ഡി​റ്റക്‌ഷൻ ആൻഡ് റേഞ്ചിംഗ് (ലിഡാർ) സിസ്​റ്റം ഉപയോഗിച്ച് സർവേ നടത്തുന്നത്. അങ്കമാലി ശബരിപാതയ്ക്ക് ദക്ഷിണ റെയിൽവേയും ജില്ലാ കലക്ടറും സംയുക്തമായി അംഗീകരിച്ച അലൈൻമെന്റിലാണ് ലിഡാർ സർവേ നടത്തുന്നത്. അലൈൻമെന്റുമായി ബന്ധപ്പെട്ട് പൊതുതാത്‌പര്യ ഹർജിയിൽ ഹൈക്കോടതി നേരത്തെ തീർപ്പു കല്‌പിച്ചതാണ്. ഇതേത്തുടർന്നാണ് പുതുക്കിയ എസ്​റ്റിമേ​റ്റ് തയാറാക്കാൻ കെ-റെയിലിനെ റെയിൽവേ ബോർഡ് ചുമതലപ്പെടുത്തിയത്. മഴമാറി ഒരാഴ്ച ആകാശം തെളിഞ്ഞുനിന്നാൽ ആകാശ സർവേ പൂർത്തിയാക്കി, രണ്ട് മാസത്തിനകം പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്രത്തിന് കൈമാറാമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ചെറുവിമാനം ഉപയോഗിച്ചാണ് ആകാശസർവേ നടത്തുന്നത്.

ഇപ്പോഴും മരവിപ്പിൽ

ശബരിപാതയുടെ ചെലവിന്റെ പകുതി പങ്കിടാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചതിനെത്തുടർന്ന് 2020ൽ ദക്ഷിണ റെയിൽവേ ഈ പദ്ധതി മരവിപ്പിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. സ്ഥലമെടുപ്പിന് പ്രയാസം നേരിടുന്നതും മറ്റൊരു കാരണമാണ്. ചെലവ് പങ്കിടുന്നത് സംബന്ധിച്ച ഫയൽ ഒരുവർഷത്തിനിടെ പല പ്രാവശ്യം മുഖ്യമന്ത്റിയുടെ ഓഫീസിലെത്തിയെങ്കിലും ഫലമുണ്ടാകാതിരുന്നപ്പോഴാണ് റെയിൽവേ ഈ പദ്ധതി മരവിപ്പിച്ചത്. പകുതി ചെലവ് വഹിക്കാൻ സർക്കാർ തീരുമാനമെടുത്ത് ഉത്തരവിറക്കി റെയിൽവേയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും റെയിൽവേമന്ത്രിയും ഗതാഗതസെക്രട്ടറിയും നേരിട്ടും കത്തുകളിലൂടെയും നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. പദ്ധതി മരവിപ്പിച്ചത് ഒഴിവാക്കി, ഭൂമിയേറ്റെടുക്കൽ തുടങ്ങണമെന്നും റെയിൽവേ-സംസ്ഥാന സംയുക്തകമ്പനിയായ കേരള റെയിൽ വികസന കോർപ്പറേഷനെ (കെ.ആർ.ഡി.സി.എൽ) നിർമ്മാണം ഏല്‌പിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. എന്നിട്ടും സംസ്ഥാനത്തിന്റെ താത്പര്യക്കുറവാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിമർശനം.

മലയോര ജില്ലകൾ വികസിക്കും


ശബരിമലയുടെ വികസനത്തിന് അനിവാര്യമായ ശബരിപാത, മദ്ധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം കൂട്ടുന്നതുമാണ്. മലയോര ജില്ലകളിൽ ട്രെയിൻ യാത്രയുടെ ചൂളംവിളി ഉയരുന്നതോടെ കൂടുതൽ വികസനമുണ്ടാവും. റെയിൽപാത വന്നാൽ ശബരിമല തീർത്ഥാടകർക്ക് യാത്രാ സൗകര്യം എളുപ്പമാകും. അയ്യപ്പഭക്തന്മാർക്ക് സുഗമമായി എരുമേലി വരെ യാത്രാസൗകര്യം ഒരുക്കാനാവും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വ്യാപാര മേഖലയ്ക്കും കുതിപ്പായിരിക്കും റെയിൽപാത. ശബരിമല ദർശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ സൗകര്യവും മലയോര ജില്ലകളുടെ വികസനവും ലക്ഷ്യമിട്ടാണ് ശബരിപാത വിഭാവനം ചെയ്തിരുന്നത്. ശബരിമല, എരുമേലി, ഭരണങ്ങാനം, രാമപുരം എന്നിവയടങ്ങുന്ന സംസ്ഥാനത്തെ പ്രധാന തീർത്ഥാടക സർക്യൂട്ടിനെ ബന്ധിപ്പിക്കുന്ന പാതയാണിത്. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമല റെയിൽവേ ഭൂപടത്തിൽ ഉൾപ്പെടുന്നതോടെ വിനോദ സഞ്ചാരവും തീർഥാടനവും വഴി മേഖലയുടെ സാമ്പത്തിക മുന്നേ​റ്റത്തിനും അവസരമൊരുങ്ങും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോരമേഖലയിൽ വലിയ കുതിപ്പിന് വഴിതുറക്കുന്ന പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ 3500 കോടിയെങ്കിലുമാവും.

കേരളത്തിന് അനിവാര്യം

അങ്കമാലിയിൽ തുടങ്ങി കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാ​റ്റുപുഴ, തൊടുപുഴ, ഈരാ​റ്റുപേട്ട, പൊൻകുന്നം വഴി എരുമേലിയിൽ അവസാനിക്കുന്ന ശബരിപാത റെയിൽവേ സൗകര്യമില്ലാത്ത ഇടുക്കിയിലും എറണാകുളം, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലയിലുമുള്ള ജനങ്ങളുടെ ജീവിതം മാറ്റിമറിക്കും. എരുമേലിയിൽനിന്ന് പുനലൂരിലേക്കുള്ള അടുത്തഘട്ടം പൂർത്തിയാക്കി തമിഴ്നാട്ടിലേക്ക് പാത തുറക്കാനായാൽ മദ്ധ്യകേരളത്തിലേക്ക് ഗതാഗത വിപ്ലവമായിരിക്കും. അങ്കമാലി –കാലടി ഏഴ് കിലോമീറ്റർ റെയിൽപാളവും കാലടിയിൽ സ്‌​റ്റേഷനും പണിതതാണ് 22 വർഷത്തെ ഏക നേട്ടം. കേരളത്തിന് അനിവാര്യമായ ഈ പദ്ധതി ഇനിയെങ്കിലും യാഥാർത്ഥ്യമാക്കുകയാണ് വേണ്ടത്.

തമിഴ്നാട്ടിലേക്ക് പുതിയൊരു പാത

നിലവിൽ എരുമേലി വരെ വിഭാവനം ചെയ്തിട്ടുള്ള ശബരിപാത കൊല്ലം ജില്ലയിലെ പുനലൂർ വരെ ദീർഘിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ തമിഴ്നാട്ടിലേക്ക് നീട്ടാൻ കഴിയും. എരുമേലി മുതൽ പുനലൂർ വരെ 75 കിലോമീറ്റർ ദൂരമുണ്ടാവും. അങ്കമാലിയിൽ നിന്ന് തുടങ്ങി എരുമേലിയിൽ അവസാനിക്കുന്ന പാത സാമ്പത്തികമായി ലാഭകരമായിരിക്കില്ല. മാത്രമല്ല മലയോര ജില്ലകളിലെ കാർഷിക ഉത്പ്പന്നങ്ങൾ കടത്തുന്നതിനും ഇത് മതിയാവാതെ വരും. മറ്റിടങ്ങളിലേക്ക് കണക്‌ഷനില്ലാതായാൽ ശബരിമല തീർത്ഥാടന കാലത്തു മാത്രം തിരക്കുള്ള റെയിൽപാതയായി ഇത് മാറാനിടയുണ്ട്. എരുമേലിയിൽ നിന്ന് പുനലൂർ വരെ പാത നീട്ടിയാൽ കൊല്ലം- ചെങ്കോട്ട- വിരുദനഗർ പാതയുമായി കണക്ഷൻ ലഭ്യമാക്കാനാവും. മാത്രമല്ല മലയോര ജില്ലകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പുതിയൊരു റെയിൽ കണക്ടിവിറ്റി കൂടി തുറക്കപ്പെടും. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തർക്കും പാത കൂടുതൽ ഉപകാരപ്രദമാവും. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും കണക്ടിവിറ്റി ലഭിക്കും. അങ്ങനെയായാൽ വിഴിഞ്ഞം തുറമുഖത്തു നിന്ന് ചരക്കുകടത്തിനും പുതിയൊരു പാത തുറക്കപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARI RAIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.