തുറവൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന് ഇനി അഞ്ചുനാൾ. അഞ്ച് പഞ്ചായത്തുകളിലായി 52 വാർഡുകളിലെ വോട്ടർമാരാണ് 7ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുതുന്നത്. മുന്നണി സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും തിരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും വോട്ടർമാരിൽ ഭൂരിഭാഗവും തണുപ്പൻ മട്ടിലാണ്.
ഓരോ വോട്ടും ഉറപ്പിക്കാൻ രാവും പകലും പ്രവർത്തനനിരതരാണ് മുന്നണി സ്ഥാനാർത്ഥികൾ. മുതിർന്ന നേതാക്കൾക്കാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. വീടുവീടാന്തരമുള്ള സ്ക്വാഡ് വർക്കും ലഘുലേഖ വിതരണവും സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനകളും അവസാന ഘട്ടത്തിലാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. ഉമേശന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് പുത്തൻകാവിൽ നിന്നാരംഭിക്കും. ഉച്ചയ്ക്ക് 2ന് ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.കെ. ഫസലുദ്ദീൻ അദ്ധ്യക്ഷനാകും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വല്ലേത്തോട് സചിവോത്തമപുരത്ത് സമാപിക്കും. സമാപനസമ്മേളനം ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു ഉദ്ഘാടനം ചെയ്യും. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ്കണ്ണാടൻ അദ്ധ്യക്ഷനാകും. രണ്ടാം ദിവസമായ നാളെ എരമല്ലൂർ പിള്ളമുക്കിന് കിഴക്ക് നിന്നാരംഭിക്കുന്ന പര്യടനം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അരൂർ വട്ടക്കേരിൽ സമാപിക്കും. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി അനന്തു രമേശന്റെ പര്യടനം സമാപിച്ചു. ഇന്നലെ രാവിലെ മനത്തോടത്ത് നിന്ന് ആരംഭിച്ച ജാഥ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ മേഖലകളിലെ സ്വീകരണങ്ങൾക്ക് ശേഷം തുറവൂർ കളരിക്കലിൽ സമാപിച്ചു. സമാപന സമ്മേളനം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ സി.ബി. ചന്ദ്രബാബു, പി.കെ. സാബു, പി.എം. അജിത്ത് കുമാർ, എൻ.പി. ഷിബു, ആർ. ജീവൻ, എസ്.വി. ബാബു, കെ.കെ. ജഗദീശൻ തുടങ്ങിയവർ സംസാരിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി കെ.എം. മണിലാലിന്റെ തിരഞ്ഞെടുപ്പ് പര്യടനം അടുത്ത ദിവസം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |