SignIn
Kerala Kaumudi Online
Tuesday, 18 January 2022 6.41 AM IST

രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ അയാൾ ജീവിച്ചിരിപ്പില്ല, മറഞ്ഞിരുന്ന് താലിബാനെ നിയന്ത്രിക്കുന്നത് അക്കുന്ദ്സാദ തന്നെന്ന് കണ്ടെത്തൽ

taliban

കാണ്ഡഹാർ: കാബൂളിനെ കൈയടക്കി രണ്ടാം തവണയും അധികാരത്തിലേറിയതോടെ താലിബാനെ നയിക്കുന്നതാരെന്ന ചോദ്യത്തിന് നിഗൂഡതകളേറുകയാണ്. അമീർ അൽ മൂമിനിൻ എന്ന് താലിബാൻ അഭിസംബോധന ചെയ്യുന്ന ഹിബാദുല്ല അക്കുന്ദ്സാദയിലേയ്ക്കാണ് ഇപ്പോൾ മാദ്ധ്യമശ്രദ്ധയേറുന്നത്. ഒരൊറ്റ ചോദ്യം മാത്രം ബാക്കിയാകുന്നു. മുല്ലയായും മൗലവിയായുമൊക്കെ താലിബാനെ നയിച്ച ഹിബാദുല്ല മരണപ്പെട്ടോ അതോ ഇന്നും ജീവിച്ചിരിക്കുന്നുവോ? അഫ്ഗാനികൾക്കും വിശകലന വിദഗ്ദ്ധർക്കുപോലും കൃത്യമായ ഉത്തരമില്ലെന്നതാണ് യാഥാർത്ഥ്യം. ഹിബാദുല്ല അക്കുന്ദ്സാദയെക്കുറിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ എഫ് പി നടത്തിയ അന്വേഷണങ്ങളും തുടന്നുള്ള കണ്ടെത്തലുകളുമാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്.

നേതൃപദവിയിലേയ്ക്ക്

2016ൽ ആണ് അക്കുന്ദ്സാദ താലിബാന്റെ ഉന്നത പദവിയിലേയ്ക്ക് എത്തിയത്. അൽ ഖ്വയി‌ദ നേതാവും ഒസാമ ബിൻ ലാദന്റെ അനന്തരവാകാശിയുമായ അയ്മാൻ അൽ സവഹിരിയുടെ പിന്തുണകൂടി ലഭിച്ചതോടെ താലിബാന്റെ നേതൃത്വപദവിയിലേയ്ക്ക് അക്കുന്ദ്സാദ ഉയർന്നുവരികയായിരുന്നു.

അഫ്ഗാനിസ്ഥാനിലെ സ്പെർവാനെന്ന ഗ്രാമത്തിലാണ് അക്കുന്ദ്സാദ ജനിച്ചത്. 1979 ലെ സോവിയറ്റ് അധിനിവേശത്തിൽ ഗ്രാമത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ അക്കുന്ദ്സാദ പാകിസ്ഥാനിലേയ്ക്ക് കടന്നിരുന്നു. തുടർന്ന് ഒരു പണ്ഡിതനായി മാറിയ അക്കുന്ദ്സാദ ഷെയ്ഖ് അൽ ഹദീദ് എന്ന വിശേഷണവും സ്വന്തമാക്കി. 1990 കളിൽ ഇസ്ളാമിക കലാപം പെർവായിൽ ആരംഭിച്ചതോടെ അക്കുന്ദ്സാദ തിരിച്ച് തന്റെ ഗ്രാമത്തിലേയ്ക്ക് എത്തുകയായിരുന്നു. ഇയാളുടെ ഔദ്യോഗിക ജീവചരിത്രത്തിലെ സൂചനകൾ അനുസരിച്ച് 1996ൽ താലിബാൻ കാബൂൾ കീഴടക്കിയതോടെയാണ് അക്കുന്ദ്സാദയുടെ ഉയർച്ച ആരംഭിക്കുന്നത്. ഒരു പ്രാദേശിക മദ്രസ നടത്തിപ്പുകാരനായിരുന്ന അക്കുന്ദ്സാദ പിന്നീട് കാണ്ഡഹാർ പ്രവിശ്യാ കോടതി ജഡ്ജിയായും നംഗഹാർ പട്ടാളക്കോടതി മേധാവിയായും ഉയർന്നിരുന്നു.

സംശയങ്ങൾക്ക് മറുപടി

അക്കുന്ദ്സാദ കാണ്ഡഹാറിൽ സുഖമായിരിക്കുന്നുവെന്ന താലിബാൻ വക്താവിന്റെ വാക്കുകൾക്ക് രണ്ട് മാസത്തിന് ശേഷം അദ്ദേഹം ഒരു മദ്രസയിൽ പ്രഭാഷണം നടത്തിയെന്ന വാർത്ത പരന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. പത്ത് മിനിട്ട് നീണ്ട് നിൽക്കുന്ന അവ്യക്തമായ ഒരു ഓ‌ഡിയോ പുറത്തുവിട്ടുകൊണ്ടാണ് തങ്ങളുടെ നേതാവ് ജീവിച്ചിരിക്കുന്നുവെന്ന തെളിവ് താലിബാൻ നൽകിയത്. ഇസ്ലാമുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളിൽ പുറത്തുവന്നിരുന്ന എഴുത്ത് സന്ദേശങ്ങൾ മാത്രമായിരുന്നു മുൻപ് അക്കുന്ദ്സാദ ജീവിച്ചിരിക്കുന്നുവെന്ന തെളിവായി ഉണ്ടായിരുന്നത്.സംഘടനയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ എടുത്ത ഒരു ചിത്രം അഞ്ച് വർഷം മുൻപ് താലിബാൻ പുറത്തുവിട്ടത് മാത്രമാണ് അക്കുന്ദ്സാദയുടേതായി നിലവിലുള്ളത്.

അക്കുന്ദ്സാദ മദ്രസയിലെത്തിയത് മൂന്ന് അംഗരക്ഷകരുടെ സംരക്ഷണയിലാണെന്ന് മദ്രസ സെക്യൂരിറ്റി തലവൻ മസ്സും ശക്രുല്ല വെളിപ്പെടുത്തു. മൊബൈൽ ഫോണുകളോ റെക്കോഡിംഗ് ഉപകരണങ്ങളോ അനുവദനീയമല്ലായിരുന്നെന്നും മസ്സും ശക്രുല്ല കൂട്ടിച്ചേർത്തു. തങ്ങൾ അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ട് കണ്ണീരൊഴുക്കിയെന്ന് പത്തൊൻപതുകാരനായ വിദ്യാർത്ഥി മൊഹമ്മദ്ദ് അഭിപ്രായപ്പെട്ടു.

മരിച്ചോ അതോ ജീവിച്ചിരിക്കുന്നുവോ?


അക്കുന്ദ്സാദ വ‌‌ർഷങ്ങൾക്ക് മുൻപ് തന്നെ മരണപ്പെട്ടിരിക്കാൻ ഇടയുള്ളതായി പുറത്താക്കപ്പെട്ട അഫ്ഗാൻ ഭരണകൂടത്തിലെ ഉദ്ധ്യോഗസ്ഥരും നിരവധി പാശ്ചാത്യ വിശകലന വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. മദ്രസയിൽ എത്തിയെന്നത് താലിബാൻ കെട്ടിച്ചമച്ച തിരക്കഥയെന്നാണ് ഇവർ ആരോപിക്കുന്നത്. മൂന്ന് വർഷം മുൻപ് പാകിസ്ഥാനിൽ നടന്ന ഒരു ചാവേർ ആക്രമണത്തിൽ തന്റെ സഹോദരനോടൊപ്പം അക്കുന്ദ്സാദയും കൊല്ലപ്പെട്ടുവെന്നാണ് ചിലർ വാദിക്കുന്നത്. നിരവധി വിദേശ രഹസ്യാന്വേഷണ ഏജൻസികളും ഇത് വിശ്വസിക്കുന്നു.

അവകാശവാദം

താലിബാനെ നിലനിർത്തുന്ന ഗുരുത്വാകർഷണ കേന്ദ്രമാണ് അക്കുന്ദ്സാദയെന്ന് അംഗങ്ങൾ ഇപ്പോഴും അവകാശപ്പെടുന്നു. അക്കുന്ദ്സാദ ജീവിച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. 2020ൽ അക്കുന്ദ്സാദയെ മൂന്ന് തവണ സന്ദർശിച്ചുവെന്നും അദ്ദേഹം ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കില്ലെന്നും പാകിസ്ഥാനിൽ നിന്നുള്ള ഒരു താലിബാൻ അംഗം വെളിപ്പെടുത്തുന്നു. ലാൻഡ്‌ലൈൻ ഫോണിലൂടെയാണ് അദ്ദേഹം ബന്ധപ്പെടുന്നതെന്നും നിലവിലെ താലിബാൻ ഭരണകൂടവുമായി കത്തുകൾ വഴി ആശയവിനിമയം നടത്താറുണ്ടെന്നും അവരുമായി ശക്തമായ ബന്ധം പുലർത്തുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, AKHUNDZADA, HIBATULLA, DEAD, ALIVE, TALIBAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.